Connect with us

National

കര്‍ണാടകയില്‍ സഭാസ്തംഭനം തുടരുന്നു; ബജറ്റ് അവതരണം ഇന്ന്

Published

|

Last Updated

ബെംഗളൂരു: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രണ്ടാം ദിവസമായ ഇന്നലെയും കര്‍ണാടക നിയമസഭാ നടപടികള്‍ തടസ്സപ്പെട്ടു. എം എല്‍ എമാരുടെ പിന്തുണ നഷ്ടമായ സഖ്യസര്‍ക്കാറിന് അധികാരത്തില്‍ തുടരാന്‍ അവകാശമില്ലെന്ന് ബി ജെ പി അംഗങ്ങള്‍ ആവര്‍ത്തിച്ചു. ബഹളം ഉടലെടുത്തതോടെ സഭാനടപടികള്‍ സ്പീക്കര്‍ പത്ത് മിനുട്ടോളം നിര്‍ത്തിവെച്ചു. വീണ്ടും സമ്മേളിച്ചെങ്കിലും പ്രതിപക്ഷം ബഹളം തുടര്‍ന്നു. നടുത്തളത്തിലിറങ്ങിയ അംഗങ്ങള്‍ സര്‍ക്കാറിനെതിരെ മുദ്രാവാക്യം മുഴക്കി. ഭരിക്കാനുള്ള ഭൂരിപക്ഷം നഷ്ടമായ സര്‍ക്കാറാണിതെന്നും മുഖ്യമന്ത്രി രാജിവെച്ച് പുറത്തുപോകണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. പ്രതിഷേധം കനത്തതോടെ സഭാനടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ പിരിയുകയായിരുന്നു.

കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യസര്‍ക്കാറിന്റെ രണ്ടാമത്തെ ബജറ്റ് ഇന്ന് ഉച്ചക്ക് 12.30ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി അവതരിപ്പിക്കും.
പ്രതിപക്ഷ ബഹളം ഇപ്പോഴത്തെ രീതിയില്‍ തുടരുകയാണെങ്കില്‍ ബജറ്റ് സുഗമമായി അവതരിപ്പിക്കാന്‍ കഴിയില്ലെന്ന ആശങ്ക സര്‍ക്കാറിനുണ്ട്. ഈ സാഹചര്യത്തില്‍ ബജറ്റിന്റെ കോപ്പികള്‍ അംഗങ്ങള്‍ക്ക് വിതരണം ചെയ്യേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതായാണ് വിവരം. ബജറ്റിന്റെ കോപ്പികള്‍ നശിപ്പിക്കാനും സഭാനടപടികള്‍ കൂടുതല്‍ പ്രക്ഷുബ്ധമാകാനും ഇത് വഴിവെക്കുമെന്നതിനാലാണ് സര്‍ക്കാര്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്.

ബജറ്റ് അവതരണത്തിന് മുമ്പായി ഇന്ന് രാവിലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗം ചേരുന്നുണ്ട്. സിദ്ധരാമയ്യയാണ് യോഗം വിളിച്ച് ചേര്‍ത്തിരിക്കുന്നത്. വിമത എം എല്‍ എമാരെ സമ്മേളനത്തില്‍ എത്തിക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. സഭാ സമ്മേളനത്തില്‍ ഹാജരാകണമെന്ന് കാണിച്ച് മൂന്നാം തവണയും കോണ്‍ഗ്രസ് വിപ്പ് നല്‍കിയിട്ടുണ്ട്. സമ്മേളനത്തിന്റെ ആദ്യദിനത്തില്‍ പ്രതിപക്ഷ ബഹളം നിയന്ത്രണാതീതമായതിനെ തുടര്‍ന്ന് 22 പേജുകളുള്ള നയപ്രഖ്യാപനത്തിന്റെ രണ്ട് പേജുകള്‍ മാത്രം വായിച്ചുതീര്‍ത്ത് ഗവര്‍ണര്‍ വജുഭായ്‌വാലെക്ക് സഭയില്‍ നിന്ന് ഇറങ്ങിപ്പോകേണ്ടി വന്നിരുന്നു.

Latest