Connect with us

Ongoing News

ഇന്ത്യക്ക് കൂറ്റന്‍ ജയം; ഖലീല്‍ അഹ്മദിനും കുല്‍ദീപിനും മൂന്ന് വിക്കറ്റ്

Published

|

Last Updated

മുംബൈ: ബാറ്റ്‌സ്ന്മാരും ബൗളര്‍മാരും നിറഞ്ഞാടിയപ്പോള്‍ വെസ്റ്റിന്‍ഡീസിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് 224 റണ്‍സിന്റെ കൂറ്റന്‍ ജയം. ഇന്ത്യ ഉയര്‍ത്തിയ 378 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസിനെ ബൗളര്‍മാര്‍ ചേര്‍ന്ന് 153 റണ്‍സില്‍ ചുരുട്ടിക്കൂട്ടി. ഖലീല്‍ അഹ്മദ്, കുല്‍ദീപ് യാദവ് എന്നിവര്‍ മൂന്ന് വീതവും ഭുവനേശ്വര്‍ കുമാര്‍, ജഡേജ എന്നിവര്‍ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി. 54 റണ്‍സെടുത്ത ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറാണ് വിന്‍ഡീസ് നിരയില്‍ ടോപ് സ്‌കോറര്‍. മറ്റാര്‍ക്കും കാര്യമായ സംഭാവന ചെയ്യാന്‍ കഴിഞ്ഞില്ല. ഹേം രാജ് ചന്ദ്രപോള്‍ (14), ഷായ് ഹോപ്പ് (പൂജ്യം), കീറണ്‍ പവല്‍ (നാല്), ഹെറ്റ്‌മെയര്‍ (13), സാമുവല്‍സ് (18), റോവ്‌മെന്‍ പവല്‍ (ഒന്ന്) എന്നിങ്ങനെയായിരുന്നു മുന്‍നിര ബാറ്റ്‌സ്മാന്മാരുടെ സംഭാവന.

ജയത്തോടെ, അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി. രണ്ടാമത്തെ മത്സരം സമനിലയിലായിരുന്നു. നിര്‍ണായകമായ അടുത്ത മത്സരം നവംബര്‍ ഒന്നിന് തിരുവന്തപുരം കാര്യവട്ടം സ്റ്റേഡിയത്തില്‍ നടക്കും.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഹിറ്റ്മാന്‍ രോഹിത് ശര്‍മയുടേയും അമ്പട്ടി റായുഡുവിന്റെയും സെഞ്ച്വറിക്കരുത്തിലാണ് കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 377 റണ്‍സെടുത്തത്. 137 പന്തുകളില്‍ നാല് സിക്‌സറുകളും 20 ബൗണ്ടറികളും അടിച്ച് പറത്തിയ രോഹിത് 162 റണ്‍സ് നേടി. 81 പന്തില്‍ നാല് സിക്‌സറുകളും എട്ട് ബൗണ്ടറികളും അടക്കം 100 റണ്‍സായിരുന്നു റായുഡിവിന്റെ സംഭാവന.

ഏകദിനത്തിലെ മൂന്നാം സെഞ്ചുറിയാണ് റായുഡു മുംബൈയില്‍ കുറിച്ചത്. ശിഖര്‍ ധവാന്‍ 38ഉം ധോണി 23ഉം റണ്‍സെടുത്തു. വിന്‍ഡീസിനായി കെമര്‍ റോച്ച് രണ്ടും ആഷ്‌ലി നഴ്‌സ്, കീമോ പോള്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Latest