Health
കൗമാരകാലത്തെ ആരോഗ്യം

മനുഷ്യന്റെ 12 മുതല്‍ 19 വയസ്സ് വരെയുള്ള പ്രായമാണ് കൗമാരം. ശാരീരികമാനസിക വളര്‍ച്ച കൂടുതല്‍ പ്രകടമാകുന്ന ഈ സമയങ്ങളില്‍ ചിട്ടയും നിയന്ത്രണവും തിരിച്ചറിവും മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും ഉണ്ടായിരിക്കണം. 80 ശതമാനം കൗമാരക്കാരും ഈ വളര്‍ച്ചാ ഘട്ടത്തിലെ പ്രശ്‌നങ്ങള്‍ പക്വതയോടെ തരണം ചെയ്യുമ്പോള്‍ 20 ശതമാനത്തിന് താളം തെറ്റുന്നു.
ശാരീരികവും മാനസികവും സാമൂഹികവുമായ വളര്‍ച്ചാ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ കൗമാര കാലത്തെ മൂന്നായി തിരിക്കാം.ആദ്യ ഘട്ടത്തില്‍ (12- 14 വയസ്സ്) ശാരീരിക വളര്‍ച്ചയോടൊപ്പം കുട്ടിക്ക് പ്രായപൂര്‍ത്തിയാകുന്നു. രണ്ടും (15- 16 വയസ്സ്) മൂന്നും (17- 19 വയസ്സ്) ഘട്ടങ്ങളില്‍ ശാരീരിക വളര്‍ച്ചയോടൊപ്പം മാനസികവും വൈകാരികവും സാമൂഹികവുമായ വളര്‍ച്ചയും അതിനനുസൃതമായ മാറ്റങ്ങളും പ്രകടമാകുന്നു.
ശാരീരിക മാറ്റങ്ങള്‍
പ്രസവിക്കപ്പെട്ടതു മുതല്‍ 28 വയസ്സ് വരെ ശാരീരിക വളര്‍ച്ചയുടെ കാലമായി പറയുന്നുണ്ടെങ്കിലും വലിയ മാറ്റങ്ങള്‍ വരുന്ന സമയമാണ് കൗമാരം. കൗമാരത്തിന്റെ തുടക്കത്തിലേ പ്രത്യുത്പാദന ക്ഷമത കൈവരിക്കുന്നു. ഇതിന്റെ ഭാഗമായി ആണ്‍കുട്ടികളില്‍ രോമവളര്‍ച്ചയും സ്ഖലനവും ശബ്ദത്തില്‍ മാറ്റവും സംഭവിക്കുന്നു. പെണ്‍കുട്ടികളില്‍ സ്തന വളര്‍ച്ച, രോമ വളര്‍ച്ച, ആര്‍ത്തവാരംഭം തുടങ്ങിയവയുണ്ടാകുന്നു. പുതിയ ജീവിത ശൈലി, ഭക്ഷണ രീതി തുടങ്ങിയവയാല്‍ പെണ്‍കുട്ടികളിലെ ആര്‍ത്തവ തുടക്കം ഒമ്പതാം വയസ്സില്‍ തന്നെ ആവാറുണ്ട്.
മാനസിക മാറ്റങ്ങള്‍
ഒന്നാം ഘട്ടം (12- 14 വയസ്സ്)
മാതാപിതാക്കളുമായി അകലുന്നു. ഓരോ ചെറിയ കാര്യത്തിനും തര്‍ക്കങ്ങളുണ്ടാകുന്നു. വ്യക്തികേന്ദ്രീകൃത ചിന്തകളില്‍ മുഴുകുന്നു. എടുത്തുചാട്ട പ്രവണതയും കൂടുന്നു. ആണ്‍കുട്ടികളില്‍ സാഹസികതയോട് താത്പര്യമുണ്ടാകുന്നു. ലൈംഗിക വൈകാരിക വിഷയങ്ങളില്‍ താത്പര്യവും ആകാംക്ഷയുമുണ്ടാകും. സാമ്പത്തിക സാമൂഹിക പശ്ചാത്തലവും ഭക്ഷണത്തിലെ പോഷക നിലവാരവും കൗമാര വളര്‍ച്ചയെ സ്വാധീനിക്കുന്നു.
രണ്ടാം ഘട്ടം (15- 16 വയസ്സ്)
കുടുംബത്തില്‍ തന്റെതായ ഇടമുണ്ടാക്കുന്നു. മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും വിമര്‍ശിക്കാന്‍ ധൈര്യപ്പെടുന്നു. ഇവിടെ സംയമനത്തോടെയുള്ള സമീപനങ്ങള്‍ മാതാപിതാക്കളുടെ ഭാഗത്തു നിന്ന് ഉണ്ടാവാതിരുന്നാല്‍ കാര്യങ്ങള്‍ സങ്കീര്‍ണമാകും. ഈ സമയത്ത് ദുശ്ശീലങ്ങള്‍ തുടങ്ങാനുള്ള സാധ്യതയുണ്ട്.
മൂന്നാം ഘട്ടം (17- 19 വയസ്സ്)
ശാരീരിക വളര്‍ച്ച പൂര്‍ത്തിയായിത്തുടങ്ങുന്ന ഘട്ടമാണിത്. മാതാപിതാക്കളുമായുണ്ടാകുന്ന തര്‍ക്കങ്ങള്‍ക്ക് അയവ് വരുന്നു. അക്കാദമിക് പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതോടൊപ്പം സ്വന്തം താത്പര്യങ്ങള്‍ മാതാപിതാക്കളുമായും മറ്റും പങ്കുവെക്കുന്നു. അവസരങ്ങള്‍ ഉപയോഗപ്പെടുത്തി പ്രേമ, വൈകാരിക ബന്ധങ്ങളിലേക്ക് നീങ്ങാനുള്ള സാധ്യതയുണ്ട്.
കൗമാരത്തിലെ ആരോഗ്യ സംരക്ഷണം
ഭക്ഷണം: വൈകാരികതക്ക് പ്രാധാന്യം നല്‍കുന്നതിനാല്‍ ഭക്ഷണ വിഷയങ്ങളില്‍ കൗമാരക്കാര്‍ക്ക് താത്പര്യം കുറയുന്നു. കുട്ടികള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങള്‍ പോഷക സമൃദ്ധമാക്കുക എന്നതാണ് ഇതിനുള്ള പരിഹാരം.
. കൃത്യ സമയത്ത് ഭക്ഷണം കഴിക്കുന്ന ശീലം കുട്ടികളില്‍ ഉണ്ടാക്കിയെടുക്കുക.
. ഇലക്കറികളും പഴവര്‍ഗങ്ങളും ഡ്രൈ ഫ്രൂട്‌സുകളും സ്ഥിരമായി കഴിക്കണം.
. മാസമുറ സമയത്ത് ഭക്ഷണം പോഷക സമൃദ്ധമായിരിക്കണം.
. മത്സ്യം, കടല, പയര്‍ വര്‍ഗങ്ങള്‍, ഇലക്കറികള്‍ തുടങ്ങിയവ ശീലമാക്കണം.
. സ്ഥിരമായി പാല്‍ കുടിക്കുന്നത് കാത്സ്യക്കുറവ് പരിഹരിക്കും.
. ഭക്ഷണത്തിന്റെ കൂടെ മുട്ട കഴിക്കുന്നത് ശീലിക്കുക.
. മൈദ അടങ്ങിയ വിഭവങ്ങള്‍ കഴിവതും ഒഴിവാക്കുക.
. വെള്ളം ധാരാളം കുടിക്കുക.
. ഫാസ്റ്റ് ഫുഡ്, വറുത്ത പലഹാരങ്ങള്‍, ഐസ്‌ക്രീം, ചോക്ലേറ്റ് , ചിക്കന്‍ വിഭവങ്ങള്‍ പരമാവധി ഒഴിവാക്കുക. പെണ്‍കുട്ടികളില്‍ ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്കും ഇഛജഉ എന്ന ശ്വാസകോശ രോഗത്തിനും ഇവയുടെ അമിത ഉപയോഗം കാരണമാകുന്നു.
വ്യായാമം
ശരീരത്തിന്റെ ചലനങ്ങളുടെ കുറവ് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഇതിന് വ്യായാമം മാത്രമാണ് പരിഹാരം. ആണ്‍കുട്ടികള്‍ കളിക്കുന്നവരായാല്‍ മതി. എന്നാല്‍, പെണ്‍കുട്ടികള്‍ ശാരീരിക വളര്‍ച്ച തുടങ്ങുന്നതോടെ അതുവരെയുള്ള കളികള്‍ കൂടെ അവസാനിപ്പിക്കുന്ന പ്രവണതയുണ്ട്. അതിനാല്‍ തന്നെ 15 മിനുട്ട് സമയമെങ്കിലും പ്രധാന വ്യായാമമുറകള്‍ പെണ്‍കുട്ടികള്‍ ശീലിക്കേണ്ടത് നിര്‍ബന്ധമാണ്. ശ്വസന വ്യായാമവും യോഗയും ശരീരത്തിന് വലിയ തോതില്‍ ഊര്‍ജം പ്രദാനം ചെയ്യുന്നു.
തുറന്ന ചര്‍ച്ചകള്‍
. കൗമാര പ്രശ്‌നങ്ങള്‍ നേരിടുന്നതിന് ബഹുമുഖമായ സമീപനം രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഭാഗത്തുനിന്ന് ഉണ്ടാകണം. വീട്ടില്‍ തുറന്ന് സംസാരിക്കാനുള്ള കുടുംബ, സാമൂഹിക അന്തരീക്ഷം സൃഷ്ടിക്കുക.
. സോഷ്യല്‍ മീഡിയ, ടി വി തുടങ്ങിയവയുടെ അപകടങ്ങളും ചതിക്കുഴികളും അവരെ ബോധ്യപ്പെടുത്തുകയും ഫലപ്രദമായി ഉപയോഗിക്കുന്നതിനെ കുറിച്ച് ചര്‍ച്ച നടത്തുകയും വേണം.
. പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ വളര്‍ത്തിയെടുത്താല്‍ കൗമാരകാലത്തെ വര്‍ധിച്ച മാനസികോര്‍ജത്തെ ശരിയായ ദിശയില്‍ തിരിച്ചു വിടാന്‍ കഴിയുന്നു.
. “നോ” പറയാന്‍ ശീലിപ്പിക്കുക. ഇഷ്ടമില്ലാത്ത പ്രവര്‍ത്തികളിലേക്ക് ബന്ധുക്കളോ സ്വാധീനമുള്ളവരോ എങ്ങനെ നിര്‍ബന്ധിപ്പിച്ചാലും അവരോട് പക്വതയോടെ “കഴിയില്ല” എന്ന് പറയാനുള്ള ശേഷി കൗമാരക്കാരില്‍ വളര്‍ത്തിയെടുക്കണം. പുകവലി, മറ്റു ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം എന്നിവയിലേക്ക് പോകാതിരിക്കാനും ഈ പക്വത സഹായിക്കും.
. ആവശ്യമുള്ള ഘട്ടങ്ങളില്‍ സാഹചര്യം മനസ്സിലാക്കി അനുയോജ്യരായവരില്‍ നിന്നും സഹായങ്ങള്‍ തേടാന്‍ കൗമാരക്കാരെ പരിശീലിപ്പിക്കണം.
. മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, കൗമാര മാനസിക വെല്ലുവിളികള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിധിയില്‍ കൂടിയാല്‍ കൗണ്‍സിലിംഗ്, ബിഹേവിയര്‍ തെറാപ്പി, ഫാമിലി കൗണ്‍സിലിംഗ് വിദഗ്ധരെ സമീപിക്കാം.
മാതാവിന്റെ
ഉത്തരവാദിത്വങ്ങള്‍
കൗമാരഘട്ടത്തില്‍ പെണ്‍കുട്ടികള്‍ക്കുണ്ടാകുന്ന സ്വാഭാവിക ശാരീരികലൈംഗിക മാറ്റങ്ങളെ ആത്മവിശ്വാസത്തോടെയും സന്തോഷത്തോടെയും സ്വീകരിക്കാന്‍ അവരെ പ്രാപ്തരാക്കണം. ആര്‍ത്തവ തുടക്കവും മറ്റു ശാരീരിക അസ്വസ്ഥതകളും ഉണ്ടാവുമ്പോള്‍ മാതാക്കള്‍ ഒപ്പം നില്‍ക്കണം. വിഷയങ്ങള്‍ തുറന്ന് സംസാരിക്കണം. ആര്‍ത്തവത്തിന്റെ തുടക്കത്തില്‍ പ്രകടമാകുന്ന ദേഷ്യവും വാശിയും രക്ഷിതാക്കള്‍ ഉള്‍കൊള്ളണം. പ്രതിസന്ധിഘട്ടം തരണം ചെയ്യാന്‍ മാതാക്കളുടെ സ്‌നേഹവും കരുതലും സാന്നിധ്യവും ഉണ്ടായിരിക്കുന്നത് വലിയ ഗുണം ചെയ്യും.
ലൈംഗിക വിദ്യാഭ്യാസം
കൗമാര പ്രായത്തില്‍ കുട്ടികളില്‍ ഉണ്ടാവാനിടയുള്ള ലൈംഗിക ചോദ്യങ്ങളും സംശയങ്ങളും കുട്ടിയുടെ പ്രായത്തിനനുസരിച്ച് ലളിതമായി സൗമ്യമായി പറഞ്ഞു തീര്‍ക്കാന്‍ മാതാപിതാക്കള്‍ക്ക് കഴിയണം. നമ്മള്‍ അവരെ ഇത്തരം ചോദ്യങ്ങളുടെ സമയത്ത് കളിയാക്കുകയോ അവഗണിക്കുകയോ നിസ്സാരപ്പെടുത്തുകയോ ചെയ്താല്‍ അവര്‍ തെറ്റായ സ്രോതസ്സുകളില്‍ നിന്നും ഉത്തരങ്ങള്‍ നേടാന്‍ ശ്രമിക്കുകയും അത് ദോഷകരമായി ഭവിക്കുകയും ചെയ്യും. തന്റെയും കുടുംബത്തിന്റെയും ഭാവിയെയും സാംസ്‌കാരിക മൂല്യങ്ങളെയും ദോഷകരമായി ബാധിക്കുന്ന സാഹചര്യങ്ങള്‍ പിന്നീട് ഉണ്ടാവാതിരിക്കാന്‍ കൃത്യമായ ലൈംഗിക വിദ്യാഭാസം ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പകരേണ്ടത് അത്യാവശ്യമാണ്.
(മര്‍കസ് യുനാനി മെഡിക്കല്‍ കോളേജ് & ഹോസ്പിറ്റല്‍, കോഴിക്കോട്)
.