Connect with us

Prathivaram

സുഗന്ധമുള്ള വാക്കുകള്‍

Published

|

Last Updated

മലയാളത്തിലെ പ്രമുഖനായ എഴുത്തുകാരന്‍ സി വി ബാലകൃഷ്ണന്റെ എഴുത്തും വായനയും ജീവിതവും നിറഞ്ഞ മധുരമുള്ള പുസ്തകമാണ് “സുഗന്ധസസ്യങ്ങള്‍ക്കിടയിലൂടെ”. മലയാളത്തില്‍ എഴുപതുകള്‍ക്ക് ശേഷം കടന്നുവന്ന എഴുത്തുകാരില്‍ ഭാഷയിലും പ്രമേയത്തിലും അത്ഭുതകരമായ നവീനത പടുത്ത എഴുത്തുകാരനാണ് സി വി. പുസ്തകപ്രിയനായ ഒരാള്‍ ഒഴുകിയൊഴുകി വായിക്കും, സി വിയുടെ പുസ്തകങ്ങള്‍.

അഞ്ച് ഭാഗങ്ങളാണ് “സുഗന്ധസസ്യങ്ങള്‍ക്കിടയിലൂടെ”. വ്യത്യസ്ത കാലങ്ങളില്‍ സി വി എഴുതിയ ലേഖനങ്ങളും അനുഭവങ്ങളും അനുസ്മരണങ്ങളുമെല്ലാം ഉള്‍ക്കൊള്ളിച്ചത്. ഒന്നാം ഭാഗത്ത് ദേശങ്ങളെ കുറിച്ചുള്ള എഴുത്തുകളാണ്. അനുഭവങ്ങളുടെ തീക്ഷ്ണത പ്രകടമാകുന്ന വരികള്‍. തൊഴില്‍ ലഭിച്ച് കമ്പല്ലൂര്‍ എന്ന ദേശത്തേക്കു പോകുന്ന അനുഭവമാണ് ആദ്യ അധ്യായത്തില്‍. പരിഷ്‌കൃതമെന്നു കരുതുന്ന വൃത്തത്തില്‍ ജീവിച്ച്, ആധുനികമായ സൗകര്യങ്ങളൊന്നും എത്താത്ത മലഞ്ചെരുവിലെ നാട്ടിലേക്കുള്ള സഞ്ചാരത്തില്‍ ചെറിയ അലോസരമുണ്ട് മനസ്സില്‍. കമ്പല്ലൂര്‍ എന്ന ഗ്രാമത്തില്‍ കണ്ട നിരവധി മനുഷ്യരുടെ കഥയാണ് ഈ അധ്യായത്തില്‍. ഗ്രാമീണതയുടെ സകല സൗന്ദര്യവും ഉള്ള ഒരു ദേശത്ത് ഓരോ മനുഷ്യനിലും ഉണ്ടായിരുന്നു, കറ പുരളാത്ത വിശുദ്ധിയും ഹൃദയത്തെളിമയും. ഈ അധ്യായത്തിന്റെ മറ്റൊരു ഭാഗത്ത് മൂന്ന് വര്‍ഷക്കാലം ജോലി ചെയ്ത കമ്പല്ലൂരിലേക്ക് സി വി ദീര്‍ഘ വര്‍ഷങ്ങള്‍ കഴിഞ്ഞു തിരികെവരുന്നതാണ്; ഓര്‍മയുടെ സുഗന്ധം തേടിയുള്ള സഞ്ചാരിയായി. ദേശമാകെ മാറിയിട്ടുണ്ട്. “കണ്ണുകെട്ടി അപരിചിതമായ ഏതോ സ്ഥലത്ത് ഇറക്കിവിട്ട പ്രതീതിയായി എനിക്ക്. പള്ളിക്കൂടത്തിന്റെ പൊതുഘടനക്ക് പഴയതുമായി നേരിയ സാദൃശ്യം പോലുമുണ്ടായിരുന്നില്ല.” ഗ്രാമയോര്‍മകളുടെ അനുഭൂതിദായകമായ വിവരണങ്ങള്‍.

ഗോവയും അഗളിയും കോട്ടയവുമെല്ലാം വരുന്നു തുടര്‍ന്നുള്ള അധ്യായങ്ങളില്‍. പക്ഷേ, എല്ലാവരും കണ്ട അഗളിയെ അല്ല സി വി കണ്ടത്. പച്ചമനുഷ്യരുടെ ഹൃദയം ഒട്ടും അലങ്കാരങ്ങളില്ലാതെ രേഖപ്പെടുത്തുന്നുവതില്‍. അഗളിയിലും അട്ടപ്പാടിയിലും എങ്ങനെ പരിഷ്‌കൃത മനുഷ്യര്‍ ആദിവാസികളുടെ വാസഭൂമി കൈയേറുന്നു എന്നതിന്റെ നഗ്‌നദൃശ്യങ്ങള്‍ അവതരിപ്പിക്കുന്നു. അവര്‍ക്ക് തുണയാകേണ്ട ഉദ്യോഗസ്ഥര്‍ അങ്ങേയറ്റം ഹിംസാത്മകമായി ആദിവാസി ഊരുകളെ നശിപ്പിക്കുന്നതിന്റെ കാരണങ്ങള്‍ പറയുന്നു.

രണ്ടാം ഭാഗം തുടങ്ങുന്നത് “വേദനകളുടെ വീട്, അഭയത്തിന്റെ വീട്” എന്ന ശീര്‍ഷകത്തില്‍ കുട്ടിക്കാലം വരച്ചുവെച്ചാണ്. അമ്മയുടെയും അച്ഛന്റെയും വീടുകളില്‍ കഴിഞ്ഞിരുന്ന കുട്ടിക്കാലം. ഒരു കുട്ടിയുടെ മധുരാനുഭവങ്ങളും വേവലാതികളും എല്ലാം വരുന്നു. അറുപതുകളിലെ തറവാടുകളുടെ സുഖവും ഭയവും സി വി വിവരിക്കുന്നു. “അമ്മയുടെ വീട്ടിലേക്ക് വലിയ മൂന്ന് ആനവാതിലുകളുണ്ട്. വലിയൊരു വരാന്ത. കല്യാണ സദ്യയൊക്കെ നടത്തുന്നത് അവിടെയാണ്. പ്രസവത്തിനു മാത്രമായി ഒരു മുറിയുണ്ട്, കോന്പുര. ഞങ്ങളെയെല്ലാം പ്രസവിച്ചത് അവിടെയാണ്.” വൈയക്തിക അനുഭവങ്ങളാണെങ്കിലും ഒരു കാലഘട്ടത്തിലെ വീടുകളുടെ, വൈവിധ്യമാര്‍ന്ന വ്യവഹാരങ്ങളുടെ എല്ലാം പ്രതീതിയുണ്ട് ഈ വാക്കുകള്‍ക്ക്. മഷിപ്പേനക്കായി ആഗ്രഹിച്ചിരുന്ന ഒരു കാലത്തിന്റെ ഓര്‍മ അയവിറക്കുന്ന കുറിപ്പുണ്ട് ഈ ഭാഗത്ത്. എഴുത്ത് ജന്മവാസനയായുള്ള ആരുടെയും മോഹമാകുമല്ലോ, എഴുത്തിന്റെ ആധുനിക സാധ്യതകള്‍ കൈവശം ലഭിക്കല്‍. കടലാസ് പെന്‍സില്‍ ഉപയോഗിച്ചുവന്ന കുട്ടികളെല്ലാം മഷിപ്പേന കൈവശപ്പെടുത്തി ക്ലാസില്‍ വര്‍ണാഭരചനകള്‍ നടത്തിയപ്പോഴും അത്തരമൊരെണ്ണം അസാധ്യമായിരുന്നു സി വിക്ക്. മരുമക്കത്തായ സമ്പ്രദായമുള്ള ആ വീട്ടില്‍ അച്ഛന്‍ ഒരുപകരണം മാത്രമായിരുന്നു. ഒരധികാരവുമില്ലാത്ത, രാത്രി താമസത്തിനെത്തുന്ന ആള്‍. അവിടെ, അച്ഛനില്‍ നിന്ന് പേന മേടിക്കാന്‍ കാത്തുകാത്തിരുന്നു ഉറങ്ങിപ്പോയ, പിറ്റേന്ന് രാവിലെ അച്ഛനെ കാണാന്‍ ഓടി എണീറ്റപ്പോഴേക്കും അച്ഛന്‍ എങ്ങോ പോയതിന്റെ വിങ്ങലില്‍ പൊട്ടിയ കടലാസു പെന്‍സിലുമായി തന്നെ പരിഹാസം ഉതിര്‍ക്കുന്ന കൂട്ടുകാരിലേക്കു എത്തുന്ന ഒരു കുഞ്ഞുഹൃദയത്തിന്റെ നൊമ്പരം നുരയുന്ന കുറിപ്പ്.

ഭാഗം മൂന്നിലെ ആദ്യകുറിപ്പ് “ഞാന്‍ എന്ന വായനക്കാരനാ”ണ്. എങ്ങനെയാണ് തന്റെ വായനയെന്നാണ് സി വി വിവരിക്കുന്നത്. ഓര്‍ഹന്‍ പാമുക്കിന്റെ “അദര്‍ കളേഴ്‌സ്” കൈയില്‍ വെച്ചാണ് കുറിപ്പെഴുതുന്നത് എന്ന് ആമുഖത്തില്‍ സി വി വിവരിക്കുന്നു. അതേ ഖണ്ഡികയില്‍ പാമുക്കിന്റെ വചനമായ “നിങ്ങളുടെ കീശയിലോ സഞ്ചിയിലോ ഒരു പുസ്തകം ഉണ്ടായിരിക്കുകയെന്നത് അത്യധികം ആഹ്ലാദജനകമാണ്” എന്ന വാക്കും ഉദ്ധരിക്കുന്നു. മുമ്പ് വായിച്ചു മടക്കിയ ഒരു പുസ്തകം കുറേക്കഴിഞ്ഞു വീണ്ടും വായിക്കുമ്പോള്‍ ലഭിക്കുന്ന സുഖദമായ അനുഭൂതിയുടെ, പുതുമയുള്ള കണ്ടെത്തലുകളുടെ അനുഭവം അദ്ദേഹം ഇവിടെ പങ്കുവെക്കുന്നു. ദസ്‌തെയേവ്‌സ്‌കി എന്ന നിഗൂഢതകളുടെ, മാനുഷിക സ്വഭാവ ചിത്രീകരണങ്ങളുടെ വലിയ എഴുത്തുകാരനെ കുറിച്ചുള്ള നിരീക്ഷണങ്ങള്‍, കമലാസുരയ്യയുടെ വൈവിധ്യം നിറഞ്ഞ രചനകളുടെ, അരുന്ധതി റോയിയുടെ എഴുത്തുരീതികളെ പറ്റിയെല്ലാം വിവരിക്കുന്നു, തുടര്‍ അധ്യായങ്ങളില്‍. വിവിധ വ്യക്തികളും നാടുകളുമായുള്ള ഓര്‍മകളാണ് തുടര്‍ന്നുള്ള ഭാഗങ്ങളിലും.

കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ സി വി പലപ്പോഴായി ആത്മകഥ എഴുതിയിരുന്നു. അതിന്റെ ആദ്യ ഭാഗം “പരല്‍ മീന്‍ നീന്തുന്ന പാടങ്ങള്‍” എന്ന പേരില്‍ പുസ്തകമായി വന്നിട്ടുണ്ട്. ഗദ്യത്തിന്റെ മനോഹാരിത ഓരോ രചനയിലും കാണാം. വാക്യങ്ങളില്‍ കാലഗണനയെ കുറിക്കുന്ന അടയാളങ്ങള്‍ പോലും ചിലപ്പോള്‍ ദൃശ്യമാകില്ല. എന്നാല്‍, സന്ദര്‍ഭം അവ വിവരിച്ചു തരും. സി വി മലയാളത്തിലെ മറ്റു പല മുതിര്‍ന്ന എഴുത്തുകാരെപ്പോലെ ആഘോഷിക്കപ്പെട്ടില്ലെങ്കിലും, ഒന്നൊഴിയാതെ വായിക്കപ്പെടേണ്ട പുസ്തകങ്ങളുടെ രചയിതാവാണ് എന്നാണ് വായനയില്‍ നിന്ന് മനസ്സിലായത്.
.

Latest