Articles
സര്‍ക്കാര്‍ ജീവനക്കാറും സാലറി ചലഞ്ചും
കേരളത്തിന്റെ ധനസ്ഥിതിയെക്കുറിച്ച് അധികം പറയേണ്ടതില്ല. മുമ്പ് തന്നെ അതങ്ങനെയാണ്. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രശ്‌നങ്ങളും ധനകാര്യ വെല്ലുവിളികളും അങ്ങനെ തുടര്‍ന്നുകൊണ്ടിരിക്കുകയായിരുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ക്കും ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമൊപ്പം റവന്യൂ ചെലവുകള്‍ നിയന്ത്രിക്കാന്‍ കഴിയാത്തതും ധൂര്‍ത്തും ദുര്‍വ്യയങ്ങളുമൊക്കെ സാമ്പത്തിക പരാധീനതകള്‍ക്ക് കാരണമായി. വിഭവ സമാഹരണത്തില്‍ പരാജയപ്പെടുന്നതും നികുതിയുടെ ചോര്‍ച്ചയും ഈ പ്രതിസന്ധിയെ രൂക്ഷമാക്കി. നമ്മുടെ റവന്യൂ വരുമാനത്തിന്റെയും റവന്യൂ ചെലവിന്റെയും വലിയൊരു ശതമാനമാണ് ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍, പലിശ തുടങ്ങിയവക്കായി നീക്കിവെക്കേണ്ടിവരുന്നത്.
നമ്മുടെ സാമ്പത്തിക പ്രതിസന്ധിയുടെ തീക്ഷ്ണത വ്യക്തമാക്കുന്ന ഒരു രസകരമായ കണക്ക് ഇങ്ങനെയാണ്; 2011ല്‍ യു ഡി എഫ് സര്‍ക്കാര്‍ വരുമ്പോള്‍ സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത 78,673 കോടി രൂപയായിരുന്നു. ഇത് കേരളം രൂപവത്കരിച്ചതിനു ശേഷമുള്ള 55 വര്‍ഷത്തെ മൊത്തം കടമാണ്. എന്നാല്‍, തുടര്‍ന്ന് അഞ്ച് വര്‍ഷം കൊണ്ട് കേരളത്തിനുണ്ടായ കടം 75,384 കോടി രൂപ. എന്നുവെച്ചാല്‍, ഇത്രകാലം ഭരിച്ച ഭരണാധികാരികള്‍ ആകെ വരുത്തിയ കടത്തിനോടടുത്ത് അഞ്ച് വര്‍ഷം കൊണ്ട് കടബാധ്യത ഉണ്ടായി. എന്തൊരു സ്പീഡ് !
ഇങ്ങനെയൊക്കെയാണ് കേരളം നീങ്ങിക്കൊണ്ടിരുന്നത്. അപ്പോഴാണ് വരുന്നത് ജി എസ് ടിയുടെ പ്രഹരം. പുതിയ നികുതി സംവിധാനത്തില്‍ വലിയ പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും തല കുത്തനെയാണ് സംഭവിച്ചത്. അഗ്രഗണ്യനും കൗശലക്കാരനുമായ ഡോ. തോമസ് ഐസക് ഒരു വിധം അങ്ങനെ തട്ടിയൊപ്പിച്ച് കൊണ്ടുപോകുന്നതിനിടയില്‍ നൂറ്റാണ്ടിലെ വലിയ പ്രളയം വന്നു. അസാമാന്യമായ മനക്കരുത്തും നിര്‍ലോഭമായ വിഭവങ്ങളും ആവശ്യമായ നേരം. വലിയ ഇച്ഛാശക്തി കാണിച്ച ഭരണകൂടത്തെ അഭിമാനകരമായ ഒത്തൊരുമയിലൂടെ പിന്തുണച്ചു ലോകത്താകെയുള്ള മലയാളി സമൂഹം. അത്യാഹിതത്തില്‍ ഒരു സ്റ്റേറ്റിനോട് കാണിക്കേണ്ട മാന്യത കേന്ദ്ര ഭരണകൂടം പുലര്‍ത്തിയില്ലെങ്കിലും മലയാളികള്‍ അതൊന്നും കാര്യമാക്കിയില്ല. അവകാശപ്പെട്ട സഹായം അനുവദിച്ചില്ലെന്ന് മാത്രമല്ല, വിദേശത്ത് നിന്ന് വരുന്നത് തടയുകയും ചെയ്തു. ഈ ഘട്ടത്തിലും സംസ്ഥാന സര്‍ക്കാറിനും മലയാളി സമൂഹത്തിനും മനോവീര്യം തകര്‍ന്നില്ല. അവര്‍ സഹായം ചോദിച്ചു. സംഘടനകളും സ്ഥാപനങ്ങളും വ്യക്തികളും “നവകേരള”ത്തിന് സംഭാവന നല്‍കി.
അതിനിടയിലാണ് സാലറി ചലഞ്ച് എന്ന ആശയം വരുന്നത്. പോളിസീ റിസര്‍ച്ചറായ ജെ എസ് അടൂര്‍ ആയിരുന്നു അങ്ങനെയൊന്ന് മുന്നോട്ട് വെച്ചത്. ഇത് മുഖ്യമന്ത്രി പ്രഖ്യാപിച്ചതോടെ ഏറ്റെടുക്കാന്‍ നാനാ ഭാഗത്ത് നിന്നും ആളുകളുണ്ടായി. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് അടക്കമുള്ള പ്രുഖര്‍ രംഗത്തെത്തി. വകുപ്പ് തലവന്‍മാര്‍, മന്ത്രിമാര്‍, അധ്യാപകര്‍, പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരൊക്കെ രംഗത്തെത്തി.
ഇതിനിടയില്‍ ആദ്യമുയര്‍ന്ന “അപശബ്ദം” വി ടി ബല്‍റാം എം എല്‍ എയുടെതായിരുന്നു. മുഖ്യമന്ത്രി ആവശ്യപ്പെടുന്ന പണം നല്‍കാന്‍ തയ്യാറാണ്, പക്ഷേ ചില കാര്യങ്ങളില്‍ വ്യക്തത വേണമെന്നും ഒരു പൗരന്റെ ജാഗ്രതയാണ് ആ “പക്ഷേ” എന്നും പറഞ്ഞ് ബല്‍റാം രംഗത്തെത്തി. അതുവരെയും മറുത്തൊന്ന് പറയാന്‍ പേടിച്ചിരുന്ന രമേശ് ചെന്നിത്തലക്ക് പോലും ഒരു മനോധൈര്യം ലഭിച്ചത് ബല്‍റാമിലൂടെയാണ്.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കാനും വിസമ്മതമുള്ളവര്‍ എഴുതിനല്‍കണമെന്നും തീരുമാനമായതോടെ ഒരു വിഭാഗം ജീവനക്കാര്‍ക്ക് മുറുമുറുപ്പായി. ഇഷ്ടമുള്ള സംഖ്യ നല്‍കാന്‍ അനുവദിക്കണമെന്നും അടിച്ചേല്‍പ്പിക്കരുതെന്നുമായി അവര്‍. ഓപ്ഷനൊന്നുമില്ലാതെ, ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളവും ഉത്സവബത്തയും പിടിക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കത്തിനെതിരെ ആരോ ഹൈക്കോടതിയെ സമീപിച്ചു. അതോടെ, ഇത് പിടിച്ചുപറിയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിര്‍ബന്ധിച്ചു പിരിവ് നടത്തുന്നതിനെയാണ് കോടതി വിമര്‍ശിച്ചതെന്നും അങ്ങനെ നടക്കുന്നില്ലെന്നുമായി ഡോ. തോമസ് ഐസക്ക്.
ഏതായാലും വിസമ്മതം എഴുതിനല്‍കാന്‍ പേടിയുണ്ട് ഒരുവിധം ജീവനക്കാര്‍ക്കൊക്കെ. ഇതിന്റെ പേരില്‍ എന്തെങ്കിലും പ്രതികാര നടപടികള്‍ ഉണ്ടാകുമോ? ഈ കടലാസ് ഏത് തരത്തിലൊക്കെ ഭാവിയില്‍ ഭാരമാകും എന്നവര്‍ ഉള്‍ഭയംകൊള്ളുന്നു. ഇത്രയും നിര്‍ണായക ഘട്ടത്തില്‍ ഒരു സദുദ്യമത്തിന് വിലങ്ങായി നിന്നു എന്നത് സര്‍ക്കാറിന്റെ അനിഷ്ടത്തിനിടയാക്കുന്നത് സ്വാഭാവികമാണല്ലോ.
ജീവിതാന്ത്യം വരെ നാനാവിധ ആനുകൂല്യങ്ങള്‍ സര്‍ക്കാറില്‍ നിന്ന് ലഭിക്കുന്നവരാണ് ഉദ്യോഗസ്ഥര്‍. സര്‍ക്കാര്‍ ജീവനക്കാരനായിക്കിട്ടുക എന്നത് ഓരോ ചെറുപ്പക്കാരന്റെയും അഭിലാഷമാകുന്നത് പ്രലോഭിപ്പിക്കുന്ന അതിന്റെ സൗകര്യങ്ങളും ഭ്രമിപ്പിക്കുന്ന അതിന്റെ ആനുകൂല്യങ്ങളും കൊണ്ടാണ്്. ഈ നാടിന്റെ വരുമാനത്തിന്റെ വലിയൊരു ശതമാനവും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനും മറ്റുമാണല്ലോ വിനിയോഗിക്കുന്നത്. ശമ്പളവും പെന്‍ഷനും കേവലം ചെലവുകളാണെന്നും അവ ആസ്തിയോ വരുമാനമോ സൃഷ്ടിക്കുന്നില്ല എന്നുമുള്ള ഒരു ബോധം പൊതുസമൂഹത്തില്‍ പ്രബലമാണ് താനും. കൃഷിക്കാരുടെയും തൊഴിലാളികളുടെയും സാധാരണക്കാരുടെയും ആനുകൂല്യങ്ങളും അവകാശങ്ങളും അതിനൊക്കെ ശേഷമേ വരൂ. സംസ്ഥാന റവന്യൂ വരുമാനം എങ്ങനെ ചെലവഴിക്കപ്പെടുന്നു എന്നതിനെ കുറിച്ച് ഒരു സോഷ്യല്‍ ഓഡിറ്റിംഗ് നടത്തിയാല്‍ എന്തായിരിക്കും അവസ്ഥ?
ഇങ്ങനെയൊക്കെയുള്ള ചര്‍ച്ചകളും സാഹചര്യങ്ങളും നിലനില്‍ക്കെയാണ് ജീവനക്കാരോട് കേവലം ഒരു മാസത്തെ ശമ്പളം സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ജീവനക്കാരിലും ദുരന്തത്തിനിരയായവരുണ്ട് തുടങ്ങിയ ചെറിയ ചെറിയ “ന്യായ”ങ്ങള്‍ പറഞ്ഞ് അതില്‍ നിന്ന് കുതറി മാറുന്നത് എത്രത്തോളം ക്രിയാത്മകമാണ്? എല്ലാ ആനുകൂല്യങ്ങളും നല്‍കുന്ന സര്‍ക്കാര്‍ തുല്യതയില്ലാത്ത ഒരു പ്രതിസന്ധിയില്‍ നില്‍ക്കെയുള്ള ഈ അഭ്യര്‍ഥനയെ ചെവിക്കൊള്ളാന്‍ ഉദ്യോഗസ്ഥര്‍ക്ക് ധാര്‍മിക ബാധ്യതയില്ലേ എന്നാണ് ചോദ്യം. മാത്രമല്ല, പുനര്‍നിര്‍മിക്കപ്പെടുന്ന കേരളത്തിന്റെ ആദ്യ ഗുണഭോക്താവ് ഇക്കാലമത്രയുമുള്ള പോലെ ഈ ഉദ്യോഗസ്ഥരായിരിക്കും എന്നതിലും സംശയമില്ലല്ലോ.
ജീവനക്കാരെ കുറിച്ചുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാട് അവരോട് അത്ര ലോഹ്യമുള്ളതല്ല എന്ന് പലപ്പോഴും വ്യക്തമായതാണ്. അതെങ്ങനെ രൂപപ്പെടുന്നു എന്നുകൂടി മനസ്സിലാക്കാന്‍ ഉപകരിക്കുന്നതാണ് ഇത്തരം സന്ദര്‍ഭങ്ങള്‍. കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് വലിയ സന്നാഹങ്ങളോടെ ജീവനക്കാര്‍ അനിശ്ചിത കാല പണിമുടക്ക് തുടങ്ങിയതോര്‍മയില്ലേ? കെ സി ജോസഫിന്റെ ഒരു ലേഖനവും ഉമ്മന്‍ ചാണ്ടിയുടെ ഒന്നു രണ്ട് പത്ര സമ്മേളനവും കൊണ്ടാണ് അന്നത് പൊളിച്ചത്. ജീവനക്കാര്‍ക്ക് വേണ്ടി സര്‍ക്കാര്‍ നീക്കിവെക്കുന്ന ധനവിഹിതവും അതിന്റെ ശതമാനവും മറ്റുള്ളവര്‍ക്ക് ചെലവാക്കുന്നതുമായി താരതമ്യം ചെയ്തതോടെ ഉത്തരം മുട്ടിയ അവസ്ഥയിലായിപ്പോയി ഉദ്യോഗസ്ഥര്‍. ഇങ്ങനെയൊക്കെയുള്ള ഒരു പശ്ചാത്തലത്തിന്റെ സമ്മര്‍ദം കൂടിയുണ്ട് ഉദ്യോഗസ്ഥര്‍ക്ക് മുമ്പില്‍.
പ്രതിപക്ഷം ഈ ഘട്ടത്തില്‍ ചാലഞ്ചിനെതിരെ നീങ്ങുന്നത് മനസ്സിലാക്കാം. ഈ പ്രളയത്തോടെ സര്‍ക്കാര്‍ വലിയ പ്രതിസന്ധിയില്‍ കുടുങ്ങുമെന്ന് കരുതിയതാണ്. ആ ഘട്ടത്തെ അവര്‍ മറി കടന്നു. ഇനി അതിജീവനമാണ്. അതുകൂടി മുറിച്ചുകടന്നാല്‍ പിന്നെ എന്തു ചെയ്യും എന്ന നിസ്സഹായാവസ്ഥയായിരിക്കും അവരെ ആകുലരാക്കുന്നത്. നാട് അതിജയിച്ചില്ലെങ്കിലും നമ്മള്‍ അതിജയിച്ചാല്‍ മതി എന്നാണല്ലോ പൊതുവെ രാഷ്ട്രീയക്കാരുടെ ഒരു കാഴ്ചപ്പാട്.