Connect with us

Gulf

ദുബൈയിലെ തിരക്കേറിയ മേഖലകളില്‍ അഞ്ച് മാസത്തിനിടെ 13,000ത്തിലേറെ വാഹനാപകടങ്ങള്‍

Published

|

Last Updated

ദുബൈ: എമിറേറ്റിലെ ഏറ്റവും തിരക്കേറിയ നിരത്തുകളില്‍ കഴിഞ്ഞ അഞ്ച് മാസത്തിനിടെയുണ്ടായത് 13,000ത്തിലേറെ വാഹനാപകടങ്ങള്‍. നാല് പേര്‍ മരിക്കുകയും 59 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. അമിത വേഗം, പെട്ടെന്ന് വാഹനം തിരിക്കല്‍, വാഹനങ്ങള്‍ക്കിടയില്‍ മതിയായ അകലം പാലിക്കാതിരിക്കല്‍ തുടങ്ങിയവയാണ് മിക്ക അപകടങ്ങള്‍ക്കും കാരണമായതെന്ന് റാശിദിയ്യ പോലീസ് സ്റ്റേഷന്‍ ട്രാഫിക് യൂണിറ്റ് മേധാവി കേണല്‍ ഉമര്‍ മൂസ അഷൂര്‍ പറഞ്ഞു.

ദുബൈയിലെ തിരക്കേറിയ നിരത്തുകളില്‍ പെട്ട ഗര്‍ഹൂദ്, മിര്‍ദിഫ്, വര്‍സാന്‍, വര്‍ഖ, റാശിദിയ്യ മേഖലകള്‍ കൈകാര്യം ചെയ്യുന്നത് റാശിദിയ്യ പോലീസ് സ്റ്റേഷനാണ്.

ഈ സ്ഥലങ്ങളില്‍ ഇക്കാലയളവില്‍ 13,230 വാഹനാപകടങ്ങളാണ് പോലീസ് സ്റ്റേഷന്‍ കൈകാര്യം ചെയ്തത്.

ഈ മേഖലയില്‍ ഇക്കാലയളിവിലുണ്ടായ വലിയ അപകടം സിമന്റ് മികസ്ര്‍ ലോറിയും മൂന്ന് കാറുകളും ഉള്‍പെട്ട അപകടമാണ്. ഇതില്‍ ഒരു ഇമാറാത്തി കൊല്ലപ്പെട്ടിരുന്നു. എമിറേറ്റ്‌സ് റോഡിന്റെ ഇടതുഭാഗത്ത് ലോറിനിര്‍ത്തി മറ്റൊരു ഡ്രൈവറോട് വഴി ചോദിക്കുന്നതിനിടെ രണ്ട് കാറുകള്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു.

പുകമഞ്ഞ് കാരണവും ഈ മേഖലയില്‍ നിരവധി അപകടങ്ങളുണ്ടായി. ഭാരവാഹനം പാക്കിസ്ഥാനി ഡ്രൈവര്‍ റോഡില്‍ നിര്‍ത്തിയതിനെ തുടര്‍ന്ന് മറ്റു വാഹനങ്ങള്‍ ഇടിക്കുകയായിരുന്നു.

എമിറേറ്റ്‌സ് റോഡില്‍ ജബല്‍ അലി ദിശയില്‍ 12 പേര്‍ക്ക് പരുക്കേറ്റ അപകടവുമുണ്ടായി. ഈജിപ്ഷ്യന്‍ ഡ്രൈവര്‍ തന്റെ കാര്‍ പെട്ടെന്ന് വെട്ടിച്ചതിനെ തുടര്‍ന്ന് ബസിലിടിക്കുകയും ബസ് തെന്നി മറ്റു വാഹനങ്ങളുമായി കൂട്ടിമുട്ടുകയും ചെയ്താണ് ഇത്രയും പേര്‍ക്ക് പരുക്കേല്‍ക്കാനിടയായത്.
അതേ സമയം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ദുബൈയില്‍ വാഹനാപകടങ്ങള്‍ കുറഞ്ഞിട്ടുണ്ടെന്ന് കേണല്‍ ഉമര്‍ മൂസ അഷൂര്‍ പറഞ്ഞു.

Latest