Connect with us

Kerala

കെഎസ്ആര്‍ടിസിയില്‍ കൂട്ട പിരിച്ചുവിടല്‍

Published

|

Last Updated

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയില്‍ എം പാനലുകാരില്‍ നിന്ന് സ്ഥിരപ്പെടുത്തിയ 141 ജീവനക്കാരെ പിരിച്ചുവിട്ടു. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് സ്ഥിരപ്പെടുത്തിയ ജീവനക്കാരെയാണ് ചട്ടപ്രകാരമുള്ള ഡ്യൂട്ടി സമയം പൂര്‍ത്തീകരിക്കാത്തത് ചൂണ്ടിക്കാട്ടി നടപടിയെടുത്തത്. ചട്ടപ്രകാരം ഒരു വര്‍ഷം 120 ഡ്യൂട്ടി വേണമെന്നിരിക്കെ ഇത് പൂര്‍ത്തിയാക്കാത്തവര്‍ക്കാണ് ജോലി നഷ്ടമായത്. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് അനര്‍ഹമായി നിയമനം നേടിയവര്‍ക്കെതിരെയാണ് നടപടിയെടുത്തതെന്ന് കെ എസ് ആര്‍ ടി സി അധികൃതര്‍ വ്യക്തമാക്കി.

120 ഡ്യൂട്ടി പൂര്‍ത്തീകരിക്കാത്ത ജീവനക്കാരെ സ്ഥിരപ്പെടുത്തിയ കഴിഞ്ഞ സര്‍ക്കാറിന്റെ ഉത്തരവ് റദ്ദാക്കിയ സുപ്രീം കോടതിയുടെ നിലപാടിന് പിന്നാലെയാണ് കോര്‍പറേഷന്റെ നടപടി. കോര്‍പറേഷന്റെ നടപടിക്കെതിരെ ചില ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും വിഷയത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച ഹൈക്കോടതി, ഇക്കാര്യത്തില്‍ സര്‍ക്കാറാണ് തീരുമാനമെടുക്കേണ്ടതെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അനര്‍ഹമായി കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് സ്ഥിരപ്പെടുത്തിയ 141 ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചത്.

കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്ക് എന്നീ വിഭാഗങ്ങളിലെ ജീവനക്കാരാണ് പിരിച്ചുവിടപ്പെട്ടവരിലധികവും. അതോടൊപ്പം ജോലിയില്‍ പ്രവേശിച്ച ശേഷം തുടര്‍ച്ചയായി മൂന്ന് വര്‍ഷം സേവനമനുഷ്ഠിക്കാത്ത മുഴുവന്‍ ജീവനക്കാര്‍ക്കെതിരെയും നടപടിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. കോര്‍പറേഷന്റെ പുതിയ എം ഡിയായി ടോമിന്‍ ജെ തച്ചങ്കരി ചുമതലയേറ്റ ശേഷം ഇതു സംബന്ധിച്ച നടപടികള്‍ പുരോഗമിക്കുകയാണ്. നേരത്തെ മുന്‍ എം ഡി. എ ഹേമചന്ദ്രന്റെ നിര്‍ദേശ പ്രകാരം ഇത്തരത്തിലുള്ള ജീവനക്കാരുടെ കണക്കെടുപ്പ് നടന്നിരുന്നു.
ജോലിയില്‍ പ്രവേശിച്ച ശേഷം തുടര്‍ച്ചയായി മൂന്ന് വര്‍ഷം സേവനമനുഷ്ഠിക്കാതെ അവധിയെടുത്ത് വിദേശത്തും മറ്റുമായി ഇതര ജോലികളില്‍ ഏര്‍പ്പെട്ട ജീവനക്കാരുടെ പട്ടികയാണ് തയ്യാറാക്കിയിരുന്നത്. ഇതിന്റെ തുടര്‍ നടപടിയായി ഇത്തരം ജീവനക്കാരോട് ജോലിയില്‍ തിരികെ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസ് കൈപ്പറ്റിയതിന് ശേഷവും ജോലിക്ക് ഹാജരാകാത്തവര്‍ക്കെതിരെയാകും തുടര്‍ നടപടികള്‍ സ്വീകിക്കുക.

ഇതിന് പുറമെ കോര്‍പറേഷനില്‍ പൊതുസ്ഥലമാറ്റത്തിനുള്ള നടപടികളും അന്തിമഘട്ടത്തിലാണ്. ജീവനക്കാരുടെ അഭാവത്തില്‍ സര്‍വീസുകള്‍ വ്യാപകമായി മുടങ്ങുന്ന പശ്ചാത്തലത്തിലാണ് പൊതു സ്ഥലംമാറ്റ നടപടികളിലേക്ക് കെ എസ് ആര്‍ ടി സി കടന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക നിര്‍ദേശങ്ങളുമായി എം ഡി ടോമിന്‍ ജെ തച്ചങ്കരി സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു.
ഓരോ യൂനിറ്റിലെയും കണക്കെടുക്കുമ്പോള്‍ അവിടങ്ങളിലെ എം- പാനലുകാരെയും ഉള്‍പ്പെടുത്തണമെന്നും കഴിഞ്ഞ ആറ് മാസത്തിനിടെ പത്ത് ഡ്യൂട്ടി ചെയ്യാത്തവരെ സീനിയോറിറ്റി പരിഗണിക്കാതെ തന്നെ വിദൂര യൂനിറ്റുകളിലേക്ക് സ്ഥലം മാറ്റണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. പൊതു സ്ഥലംമാറ്റ ഉത്തരവ് ഈ മാസം 15നകം പ്രസിദ്ധീകരിച്ച് ഈ മാസം 31നകം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശം. സ്ഥലം മാറ്റിയ ഉദ്യോഗസ്ഥര്‍ അവിടങ്ങളില്‍ ഈ മാസം 31 നകം ജോലിയില്‍ പ്രവേശിക്കത്തക്ക രീതിയില്‍ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകണമെന്നാണ് നിര്‍ദേശം.

Latest