Connect with us

Kerala

സുന്നി ഐക്യ ചര്‍ച്ച തുടരും: കാന്തപുരം

Published

|

Last Updated

കോഴിക്കോട്: സുന്നി ഐക്യ ചര്‍ച്ചകള്‍ തുടരുകയാണെന്നും ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു. ഈ മാസം നാല്, അഞ്ച് തീയതികളില്‍ കോഴിക്കോട്ട് നടക്കുന്ന കേരള ഉമറാ സമ്മേളനം വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു കാന്തപുരം.

ഐക്യ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. പുരോഗതിയുണ്ട്. ചര്‍ച്ചകള്‍ തുടരും. എന്നാല്‍, അതിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാകില്ല. ഇരു വിഭാഗം പണ്ഡിതരും വേദികളില്‍ ഒന്നിച്ചിരിക്കുമോ എന്ന ചോദ്യത്തിന് വേഗത്തിലാകാന്‍ നമുക്ക് പ്രാര്‍ഥിക്കാമെന്ന് കാന്തപുരം പറഞ്ഞു. വഖ്ഫ് ട്രൈബ്യൂണല്‍ നിയമനവുമായി ബന്ധപ്പെട്ട് മറുഭാഗം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത് ഐക്യ ചര്‍ച്ചകള്‍ക്ക് തടസ്സമാകില്ല. സര്‍ക്കാര്‍ ഒരു ട്രൈബ്യൂണലില്‍ അംഗങ്ങളെ നിശ്ചയിച്ചതുകൊണ്ട് അത് ഐക്യത്തെ ബാധിക്കേണ്ടതില്ല. വഖ്ഫ് ട്രൈബ്യൂണല്‍ നിയമനം സര്‍ക്കാര്‍ കാര്യമാണ്. തിരഞ്ഞെടുത്താല്‍ പോകും. സ്വാധീനം ചെലുത്തിയതുകൊണ്ട് മാത്രം സര്‍ക്കാര്‍ ഒരു കാര്യം ചെയ്യുമെന്ന് തോന്നുന്നില്ല. ഐക്യ ചര്‍ച്ചയും വഖ്ഫ് അദാലത്തും കൂട്ടിക്കുഴക്കേണ്ടതില്ലെന്നും കാന്തപുരം വ്യക്തമാക്കി.

ഇരു വിഭാഗവും നിശ്ചയിച്ച പ്രതിനിധികള്‍ ചേര്‍ന്നുള്ള ചര്‍ച്ചയാണ് ഐക്യവുമായി ബന്ധപ്പെട്ട് നടക്കുന്നത്. അതിന്റെ വിശദാംശങ്ങള്‍ പുറത്തു പറയുന്നത് ഐക്യചര്‍ച്ചയെ ബാധിക്കും. ചര്‍ച്ചയില്‍ പുരോഗതിയുണ്ട്. മുടിക്കോട് പള്ളി തുറന്നത് ഇതിന്റെ ഭാഗമാണ്.

സംസ്ഥാന സര്‍ക്കാറിന്റെ സുന്നികളോടുള്ള നിലപാടിനെകുറിച്ച് ചോദിക്കവെ, നന്മ മാത്രമേ ചെയ്യാറുള്ളൂ എന്നതിനാല്‍ തങ്ങളോട് എല്ലാ സര്‍ക്കാറുകള്‍ക്കും അനുകൂല നിലപാടാണെന്ന് നേതാക്കള്‍ പറഞ്ഞു. സര്‍ക്കാര്‍ എല്ലാം ശരിയാക്കുന്നുണ്ടോ എന്ന ചോദ്യത്തിന് കുറേ നല്ല കാര്യം ചെയ്യുന്നുണ്ട്. ഓരോ സംഭവവും പോസ്റ്റ് മോര്‍ട്ടം ചെയ്യാനില്ല. അത് ജനങ്ങള്‍ മൊത്തത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടതാണ്. സര്‍ക്കാര്‍ മുസ്‌ലിം വേട്ട നടത്തുന്നുവെന്ന ആരോപണം വസ്തുതാപരമാണോ എന്ന് പരിശോധിക്കേണ്ടതാണ്. എല്ലാ രാഷ്ട്രീയ വിവാദങ്ങളും കക്ഷി വിമര്‍ശങ്ങളും ശരിവെക്കുകയോ തള്ളിക്കളയുകയോ ചെയ്യാനാകില്ല. ഓരോന്നും വിശദമായി പരിശോധിക്കേണ്ടതാണ്.

സമൂഹ മാധ്യമങ്ങള്‍ വഴി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഉചിതമായില്ല. അതിന്റെ പേരില്‍ തിരഞ്ഞുപിടിച്ച് ബോധപൂര്‍വം നടപടിയെടുക്കുന്നുണ്ടെങ്കില്‍ അതിനെയും അംഗീകരിക്കാനാകില്ല. എല്ലാ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും തങ്ങള്‍ എതിരാണ്. തീവ്രവാദത്തിനെതിരെ ആര് രംഗത്തുവന്നാലും പ്രോത്സാഹിപ്പിക്കും. തീവ്രവാദ വിപാടനത്തിന് സമ്മേളനം പദ്ധതികള്‍ തയ്യാറാക്കുമെന്ന് നേതാക്കള്‍ വിശദീകരിച്ചു. ഇതര കക്ഷികളാണ് തീവ്രവാദത്തിനു പിന്നില്‍. കേരളത്തില്‍ മാത്രമല്ല, ലോകാടിസ്ഥാനത്തില്‍ തന്നെ തീവ്രവാദം വളര്‍ത്തിയത് സലഫികളാണ്. സഊദി സര്‍ക്കാര്‍ അടക്കം സലഫികളെ തള്ളിപ്പറയുകയും ചിലര്‍ക്കെതിരെ നടപടികളെടുക്കുകയും ചെയ്തിട്ടുണ്ട്.

തന്റെ പ്രസംഗങ്ങളില്‍ സ്ത്രീ വിരുദ്ധതയുണ്ടെന്നത് ആക്ഷേപം മാത്രമാണ്. അത് നേരത്തെയുള്ളതാണ്. സ്ത്രീവിരുദ്ധമായി എവിടെയും സംസാരിച്ചിട്ടില്ല. ഇസ്‌ലാം സ്ത്രീക്ക് ഉയര്‍ന്ന സ്ഥാനമാണ് നല്‍കിയിട്ടുള്ളത്. അതാണ് പ്രസംഗിക്കാറുള്ളത്. അഴിഞ്ഞാട്ടമുണ്ടാക്കുന്നതിനെയാണ് എതിര്‍ക്കുന്നത്. അത് ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളതാണ്. അത് ജനങ്ങളെ പഠിപ്പിച്ചു കൊണ്ടിരിക്കണം. എന്നാലേ അഴിഞ്ഞാട്ടം ഇല്ലാതാകൂവെന്നും കാന്തപുരം വ്യക്തമാക്കി.

Latest