Connect with us

Kerala

വിവാദം പുകയുന്നു: വോളിബോളിനോടുള്ള അവഗണനയില്‍ പ്രതിഷേധവുമായി ടോം ജോസഫ്

Published

|

Last Updated

കൊച്ചി: വോളിബോള്‍ താരങ്ങളോടുള്ള അവഗണനയില്‍ പ്രതിഷേധവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ടോം ജോസഫ്. സന്തോഷ് ട്രോഫി നേടിയ ടീമഗങ്ങള്‍ക്കായി വിജയദിവസം ആഘോഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ടോം ജോസഫ് പ്രതിഷേധവുമായി രംഗത്തെത്തിയത്. വോളിബാളില്‍ അടുത്തിടെ ദേശീയ തലത്തില്‍ രണ്ട് ചാമ്പ്യന്‍ഷിപ്പില്‍ വിജയിച്ച ഒരു ടീം നമ്മുടെ കേരളത്തിലുണ്ടെന്നും സ്വീകരണം അവര്‍ക്കുമാകാമെന്നും ടോം ജോസഫ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ടോമിന്റെ പ്രതികരണം. വിവേചനമരുത് ഭരണകൂടമേ. വോളിബാള്‍ കളിക്കാരും കളിക്കാര്‍ തന്നെയാണ്. അവര്‍ ജയിച്ചതും കളിച്ചു തന്നെയാണ്. മികച്ച ടീമുകളോട് പൊരുതി നേടിയത്. സ്വീകരണമൊരുക്കുമ്പോള്‍ എല്ലാം ഓര്‍മ വേണം-ടോം ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം സന്തോഷ് ട്രോഫി ഫുട്ബോള്‍ കിരീടം നേടിയ കേരള ടീമിനെ ആദരിക്കാന്‍ വികട്റി ഡേ പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ രണ്ടു തവണ ദേശീയ വോളിബോള്‍ കിരീടം നേടിയ കേരള ടീമിനെ അവഗണിക്കുകയാണെന്ന ആരോപണങ്ങള്‍ ഇതോടെ ശക്തമായി. സന്തോഷ് ട്രോഫി നേടിയ ടീമഗങ്ങള്‍ക്ക് നല്‍കിയ സ്വീകരണ ചടങ്ങില്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാതെ മന്ത്രി കെ ടി ജലീല്‍ ഒഴിഞ്ഞുമാറി. വോളിബോള്‍ ടീമിനായി വേറൊരു ദിവസം ചടങ്ങ് സംഘടിപ്പിക്കാമല്ലോ എന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടിയായിരുന്നു മന്ത്രി നല്‍കിയത്.

ടോം ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

അധികാരികളെ മറക്കരുത്.
വോളിബോളില്‍ അടുത്തിടെ ദേശീയ തലത്തില്‍ രണ്ട് ചമ്പ്യന്‍ഷിപ്പില്‍ വിജയിച്ച ഒരു ടീമുണ്ട്.
അതേ നമ്മുടെ കേര ഇത്തില്‍ നിന്ന് തന്നെ.
സ്വീകരണം അവര്‍ക്കുമാകാം.

അത്യാധുനീക സൗകര്യങ്ങളില്ലാത്ത നാട്ടിന്‍ പുറങ്ങളിലെ കളി മൈതാനങ്ങളിലേക്ക് നോക്കു.
നല്ല മിടുക്കരായ കളിക്കാരുണ്ടവിടെ.
അവരെ പ്രോത്സാഹിപ്പിക്കാന്‍, കളി കാണാന്‍ നിറഞ്ഞ ഗാലറിയും.
നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് ഇങ്ങ് കോഴിക്കോട് നടന്നപ്പോള്‍ കണ്ടില്ലേ നിങ്ങള്‍ ആ നിറഞ്ഞ ഗ്യാലറിയെ.

വിവേചനമരുത് ഭരണ കൂടമേ.
വോളിബോള്‍ കളിക്കാരും കളിക്കാര്‍ തന്നെയാണ്.
അവര്‍ ജയിച്ചതും കളിച്ചു തന്നെയാണ്.
മികച്ച ടീമുകളോട് പൊരുതി നേടിയത്.
സ്വീകരണമൊരുക്കുമ്പോള്‍ എല്ലാം ഓര്‍മ വേണം.

കേരളത്തിന്റെ പെരുമ ദേശീയതലത്തിലും, രാജ്യാന്തര തലത്തിലുമൊക്കെ എത്തിച്ചവരാണ്,
എത്തിച്ചുകൊണ്ടിരിക്കുന്നവരുമാണ് ദേശീയ ചാമ്പ്യന്‍ഷിപ്പും ഫെഡറേഷന്‍ കപ്പും നേടിയ കേരള വോളി ടീം.

ആവര്‍ത്തിക്കുന്നു.
ചിലതിനോടുള്ള ഈ വിവേചനം ശരിയല്ല.
ഒട്ടും ശരിയല്ല.