Connect with us

National

കര്‍ണാടകയില്‍ ഒറ്റഘട്ടം; മെയ് 12ന് തിരഞ്ഞെടുപ്പ്; 15ന് വോട്ടെണ്ണല്‍

Published

|

Last Updated

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 12ന് ഒറ്റഘട്ടമായി നടത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒം പ്രകാശ് റാവത്ത് പ്രഖ്യാപിച്ചു. വോട്ടെണ്ണല്‍ മെയ് 15ന് നടക്കും. അടുത്തമാസം 17നാണ് കര്‍ണാടകയില്‍ വിജ്ഞാപനം പുറപ്പെടുവിക്കുക. ഏപ്രില്‍ 24 ആണ് പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 25ന് സൂക്ഷ്മ പരിശോധന നടക്കും. 27 നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം. മെയ് 15ന് വോട്ടെണ്ണലും മെയ് 18 ഒടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രക്രയകളും അവസാനിക്കുമെന്നും തിരഞ്ഞെടുകമ്മീഷണര്‍ വ്യക്തിമാക്കി. അതേസമയം ചെങ്ങന്നൂര്‍ ഉള്‍പ്പെടെയുള്ള ഉപതിരഞ്ഞെടുപ്പുകളുടെ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് കമ്മീഷണര്‍ വ്യക്തമാക്കി.

തീയതികള്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നുവെന്നും ചീഫ് ഇലക്ഷന്‍ കമ്മീഷന്‍ ഒം പ്രകാശ് റാവത്ത് പറഞ്ഞു. കര്‍ണാടകത്തില്‍ സ്ഥാനാര്‍ഥിക്ക് പരമാവധി ചെലവാക്കാവുന്നത് 28 ലക്ഷം രൂപയാണ്. പ്രചാരണത്തിന് പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാവൂ. പ്രചാരണകാലത്ത് ഹരിതച്ചട്ടം നടപ്പിലാക്കും. ഇംഗ്ലീഷിലും കന്നഡയിലും ഇലക്ഷന്‍ കാര്‍ഡ് നല്‍കും. എല്ലാ മണ്ഡലത്തിലും വിവിപാറ്റ് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിക്കും. വോട്ടിംഗ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ഥികളുടെ ചിത്രം പതിക്കും. ഇത് വോട്ടര്‍മാര്‍ക്ക് കൃത്യമായി വോട്ട് ചെയ്യാന്‍ സഹായകമാകുമെന്നും കമ്മീഷന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് സുരക്ഷയ്ക്ക് കേന്ദ്രസേനയെ വിന്യസിക്കും. ദുര്‍ബല വിഭാഗങ്ങള്‍, ന്യൂനപക്ഷമേഖലകള്‍, കലാപബാധിത പ്രദേശങ്ങള്‍ എന്നിവിടങ്ങളിലായിരിക്കും പ്രധാനമായും കേന്ദ്രസേന വിന്യസിക്കുക. ബൂത്തുകളില്‍ സ്ത്രീകള്‍ക്ക് പ്രത്യേക സുരക്ഷയൊരുക്കും. കൂടാതെ മണ്ഡലങ്ങളിലും ഒരു ബൂത്ത് പൂര്‍ണമായി സ്ത്രീകള്‍ നിയന്ത്രിക്കുന്ന ബൂത്തുകളായി തയ്യാറാക്കും. ഇവിടെങ്ങില്‍ പോളിംഗ് സ്റ്റാഫ്, പോലീസ് എന്നിവ ഉള്‍പ്പെടെ സ്ത്രീകളായിരിക്കുമെന്നും കമ്മീഷര്‍ പറഞ്ഞു. വോട്ട് ചെയ്യുന്നതിന്റെ സ്വകാര്യത ഉറപ്പുവരുത്തുന്നതിന് പോളിംഗ് ബൂത്തുകളിലെ അറകള്‍ മുപ്പത് ഇഞ്ച് ഉയരമാക്കി വര്‍ദ്ധിപ്പിക്കുന്നതിനും കമ്മീഷണര്‍ ഉത്തരവിട്ടു. സ്ഥാനാര്‍ഥികളുടെ ചെലവുകള്‍ ഉള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളും കര്‍ശന നിരീക്ഷണത്തിലാകുമെന്ന് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രേഖകള്‍ കൈവശമില്ലാതെ കര്‍ണാടകയില്‍ പണം സൂക്ഷിച്ചാല്‍ പിടിച്ചെടുക്കുമെന്നും രേഖകള്‍ ഹാജരാക്കിയാല്‍ വിട്ടുനല്‍കുമെന്നും കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ ചെലവയിച്ച പണത്തിന്റെ കണക്കുകള്‍ ഫലം പുറത്തുവന്ന് മുപ്പത് ദിവസത്തിനകം സ്ഥാനാര്‍ഥികള്‍ നല്‍കണമെന്നും കമ്മീഷന്‍ അറിയിച്ചു.

.മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ബിജെപിയുടെ സ്ഥാനാര്‍ഥി മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയാണ്. ജെഡി(എസ്) സ്ഥാനാര്‍ഥിയായി മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയും മത്സരരംഗത്തുണ്ട്.

Latest