Connect with us

Articles

തൊഴില്‍ സുരക്ഷ കോര്‍പറേറ്റുകള്‍ക്ക് എറിഞ്ഞുകൊടുക്കുമ്പോള്‍

Published

|

Last Updated

കോര്‍പറേറ്റുകളുടെ ബകമോഹങ്ങള്‍ക്ക് മുമ്പില്‍ രാജ്യത്തിന്റെ വിഭവസ്രോതസ്സുകളും സമ്പത്തുത്പാദന മേഖലകളും അടിയറവെച്ച മോദി സര്‍ക്കാര്‍ തൊഴില്‍ സുരക്ഷയെക്കൂടി ഇല്ലാതാക്കുകയാണ്. സ്ഥിരം തൊഴില്‍ സമ്പ്രദായം തന്നെ ഇല്ലാതാക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നു. ട്രേഡ് യൂനിയനുകളുമായി ചര്‍ച്ച ചെയ്യാതെയും പാര്‍ലിമെന്റിനെ മറികടന്നുമാണ് ഈയൊരു വിജ്ഞാപനം ഇറക്കിയിരിക്കുന്നത്. കുത്തകകളുടെ താത്പര്യസംരക്ഷണം മാത്രമാണ് ഈയൊരു നടപടിക്ക് പിന്നില്‍. വിജ്ഞാപനമനുസരിച്ച് വ്യാവസായ തൊഴില്‍മേഖലകളില്‍ സ്ഥിരം തൊഴിലെന്ന സമ്പ്രദായം അവസാനിച്ചുകഴിഞ്ഞു. ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്‌മെന്റ് (സ്റ്റാന്‍ഡിംഗ് ഓര്‍ഡേഴ്‌സ്) 1946’-ല്‍ ഭേദഗതി വരുത്തിക്കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കിയത്. സ്ഥിരം തൊഴില്‍ സമ്പ്രദായം അവസാനിപ്പിക്കുകയും തൊഴിലുടമകള്‍ക്ക് പരിധിയില്ലാത്ത അധികാരം നല്‍കുന്നതുമാണ് ഈയൊരു നടപടി. വ്യവസായ തൊഴില്‍ സ്ഥാപനങ്ങളില്‍ തൊഴിലുകളെ നിശ്ചിത കാലയളവിലേക്ക് മാത്രമായി പരിമിതപ്പെടുത്താന്‍ തൊഴിലുടമക്ക് അനുമതി നല്‍കുന്ന ഈ നിയമം രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന പണിയെടുക്കുന്നവരെയും പിഴിഞ്ഞൂറ്റാന്‍ കോര്‍പറേറ്റുകള്‍ക്ക് അവസരമൊരുക്കുന്നതാണ്. നിശ്ചിത കാലയളവിലേക്ക് തൊഴിലുടമകള്‍ക്ക് തോന്നുംപോലെ നിയമനം നടത്താമെന്നതാണ് ഈ നിയമത്തിന്റെ അപകടം. അങ്ങനെ നിയമിക്കുന്നവരെപ്പോലും രണ്ടാഴ്ചത്തെ നോട്ടീസ് നല്‍കി പിരിച്ചുവിടാനും മുതലാളിമാര്‍ക്ക് ഈ വിജ്ഞാപനം അധികാരം നല്‍കുന്നു.

രാജ്യത്തെ തൊഴില്‍ശക്തിയുടെ വലിയൊരു ഭാഗത്തെ നിരാധാരമാക്കുന്നതാണ് ഈ വിജ്ഞാപനം. തൊഴിലാളികള്‍ സമരങ്ങളിലൂടെ നേടിയെടുത്ത എല്ലാ ആനുകൂല്യങ്ങളെയും തകര്‍ത്തുകളയുന്നതാണ് ഈ നിയമമെന്നതാണ് യാഥാര്‍ഥ്യം. എല്ലാ ആനുകൂല്യങ്ങളോടെയുമാകും നിശ്ചിത തൊഴിലെന്നാണ് തൊഴില്‍ മന്ത്രാലയം അവകാശപ്പെടുന്നത്. പി എഫ്, ഇ എസ് ഐ തുടങ്ങി സ്ഥിരം തൊഴിലാളികള്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യവും നിശ്ചിത കാലയളവ് തൊഴിലാളികള്‍ക്ക് ലഭിക്കുമെന്നാണ് വിജ്ഞാപനത്തില്‍ പറയുന്നത്. എന്നാല്‍, ചുരുങ്ങിയത് അഞ്ച് വര്‍ഷം സര്‍വീസ് ആവശ്യമായ ഗ്രാറ്റ്വിവിറ്റി പോലുള്ള ആനുകൂല്യങ്ങളുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്. ഒരാനുകൂല്യങ്ങളുമില്ലാതെ നാലും അഞ്ചും വര്‍ഷം തൊഴിലാളികളെ പണിക്ക് നിര്‍ത്തി പിരിച്ചുവിടുകയെന്ന ഹയര്‍ ആന്റ് ഫയര്‍ സമ്പ്രദായമാണ് ഈ വിജ്ഞാപനം വഴി അടിച്ചേല്‍പ്പിക്കപ്പെടുന്നത്.

തൊഴില്‍ സ്ഥിരതയെന്നത് മുതലാളിമാരുടെയും സര്‍ക്കാറിന്റെയും ഔദാര്യമല്ലെന്ന കാര്യമാണ് മോദി സര്‍ക്കാറും ഇതിനെ ന്യായീകരിക്കുന്നവരും മറന്നുകളയുന്നത്. ലോകമെമ്പാടുമുള്ള തൊഴിലാളിവര്‍ഗം നൂറ്റാണ്ടുകളിലൂടെ നടത്തിയ സമരങ്ങളിലൂടെ നേടിയെടുത്ത അവകാശമാണ് തൊഴില്‍സ്ഥിരത. ഓരോ തൊഴിലാളിയുടെയും അയാളുടെ കുടുംബത്തിന്റെയും മാന്യമായ ജീവിതം പ്രദാനം ചെയ്യുന്നതില്‍ പ്രധാന പങ്ക് സ്ഥിരം തൊഴിലിനുണ്ട്. 18, 19 നൂറ്റാണ്ടുകളിലെ ഫാക്ടറി അടിമത്വ വ്യവസ്ഥക്ക് എതിരായ സമരങ്ങളിലൂടെയാണ് തൊഴിലാളികള്‍ സ്ഥിരം തൊഴില്‍ ഉള്‍പ്പെടെയുള്ള സേവന-വേതന വ്യവസ്ഥകള്‍ നേടിയെടുത്തത്. മുതലാളിത്തത്തില്‍ നിന്നും സ്വന്തം സംഘടിതശക്തികൊണ്ട് തൊഴിലാളിവര്‍ഗം പിടിച്ചുപറ്റിയതാണ് ഇത്തരം അവകാശങ്ങള്‍.

ഇന്ത്യന്‍ തൊഴിലാളിവര്‍ഗം ബ്രിട്ടീഷ് മര്‍ദകവാഴ്ചയെ അതിജീവിച്ചുകൊണ്ടാണ് സംഘടിക്കാനും സമരം ചെയ്യാനുമുള്ള അവകാശങ്ങള്‍ നേടിയെടുത്തത്. 1926-ലെ ട്രേഡ് യൂനിയന്‍ ആക്ടിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ സ്ഥിരം തൊഴില്‍ ഉള്‍പ്പെടെയുള്ള തൊഴില്‍ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ ശക്തിപ്പെട്ടത്. തൊഴിലെന്നത് പണിയെടുക്കുന്ന ജനതയുടെ ജീവിതസുരക്ഷയാണെന്ന തിരിച്ചറിവാണ് ലോകമെമ്പാടും സ്ഥിരം തൊഴിലെന്ന അവകാശത്തിനുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് പ്രേരകമായത്.

മനുഷേ്യാചിതമായ ജീവിതവും സുരക്ഷയും തൊഴിലാളിക്ക് ഉറപ്പുവരുത്തുന്നതിന്റെ മുന്നുപാധിയാണ് സ്ഥിരം തൊഴില്‍. നവലിബറല്‍ നയങ്ങള്‍ ലോകമെമ്പാടും സ്ഥിരം തൊഴിലിനെ ഇല്ലാതാക്കുകയും മൂലധനഭീമന്മാരുടെ ലാഭതാത്പര്യങ്ങള്‍ക്കായി തൊഴിലാളികളെ എറിഞ്ഞുകൊടുക്കുകയുമാണ്. സ്ഥിരം തൊഴില്‍ സമ്പ്രദായത്തില്‍ നിന്ന് കരാര്‍, കാഷ്വല്‍ തൊഴിലാളികളായി ബഹുഭൂരിപക്ഷം വരുന്ന പണിയെടുക്കുന്നവരെയും അധപതിപ്പിക്കുകയാണ്. യന്ത്രവത്കരണവും ഓട്ടോമേഷനും റോബര്‍ടൈസേഷനും ഉത്പാദന മേഖലകളില്‍ നിന്നും തൊഴിലാളിവര്‍ഗത്തെ തന്നെ ഇല്ലാതാക്കാനുള്ള സാധ്യതയായിട്ടാണ് ഫൈനാന്‍സ് മൂലധന ശക്തികള്‍ ഉപയോഗിക്കുന്നത്.

നവലിബറല്‍ മൂലധന ശക്തികള്‍ തങ്ങളുടെ ഇഷ്ടംപോലെ ഫാക്ടറികള്‍ തുറക്കാനും അടച്ചിടാനും തൊഴിലാളിയെ നിയമിക്കാനും പിരിച്ചുവിടാനുമുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് കഴിഞ്ഞ മൂന്ന് നാല് ദശകങ്ങളായി വാദിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ ആഗോളവത്കരണ നയങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെട്ട 1990-കള്‍ മുതല്‍ രാജ്യം ഭരിച്ച സര്‍ക്കാറുകളും അവരുടെ പിറകില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പറേറ്റുകളും ഈ വാദം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഈ കോര്‍പറേറ്റ് മുതലാളിമാര്‍ക്കു വേണ്ടിയാണ് പാര്‍ലിമെന്റിനോടും ട്രേഡ് യൂനിയനുകളോടും ആലോചിക്കുക പോലുചെയ്യാതെ നരേന്ദ്രമോദി സര്‍ക്കാര്‍ സ്ഥിരം തൊഴില്‍ ഇല്ലാതാക്കുന്ന വിജ്ഞാപനമിറക്കിയത്. കോര്‍പ്പറേറ്റുകളുടെ ലാഭം വര്‍ധിപ്പിക്കുന്നതും തൊഴിലാളികളുടെ സുരക്ഷിതത്വം തകര്‍ക്കുന്നതുമാണ് ഈ നിയമഭേദഗതി എന്ന പ്രശ്‌നം രാജ്യം വിപുലമായ തലങ്ങളില്‍ ചര്‍ച്ചചെയ്യേണ്ടതുണ്ട്. രാജ്യത്തെ പണിയെടുക്കുന്നവരുടെ ജീവിതത്തെ അങ്ങേയറ്റം അരക്ഷിതമാക്കുന്ന നീക്കമാണിത്. തൊഴില്‍മേഖലയില്‍ ഈ ഭേദഗതി സൃഷ്ടിക്കുന്ന അരക്ഷിതത്വവും അരാജകത്വവും ഭീകരമായിരിക്കും. ഇന്ത്യയിലെ ഒരു തൊഴിലാളിക്കും ട്രേഡ് യൂനിയനുകള്‍ക്കും ഇത്തരമൊരു നീക്കത്തെ അംഗീകരിക്കാനാവില്ല. ബി എം എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഈ നിയമഭേദഗതിക്കെതിരെ രംഗത്തുവന്നിരിക്കുകയാണ്. സര്‍ക്കാറിനെ എതിര്‍ക്കുന്ന പ്രതിപക്ഷ സംഘടനകള്‍ മാത്രമല്ല സര്‍ക്കാറിനെ അനുകൂലിക്കുന്ന ട്രേഡ് യൂണിയനുകളും ഈ നിയമഭേദഗതി സൃഷ്ടിക്കാന്‍ പോകുന്ന ആഘാതം തൊഴിലാളികളെ എങ്ങനെയാണോ ബാധിക്കുകയെന്ന ആശങ്ക പങ്കിടുന്നു. ഇത്തരമൊരു നിയമഭേദഗതി സ്ഥിരം തൊഴില്‍ സമ്പ്രദായത്തെ എല്ലാ മേഖലകളിലും ഇല്ലാതാക്കി വര്‍ധിച്ചതോതിലുള്ള കരാര്‍വത്കരണത്തിന് വഴിതുറക്കും.

1990-കളിലാരംഭിച്ച ഉദാരവത്കരണനയം തൊഴില്‍ നിയമങ്ങളെ കൂടി കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായി പൊളിച്ചെഴുതുന്നതായിരുന്നു. 2003-ല്‍ വാജ്‌പേയി സര്‍ക്കാറാണ് സ്ഥിരം തൊഴില്‍ അവസാനിപ്പിക്കുന്ന ഭേദഗതി കൊണ്ടുവന്നത്. കോണ്‍ഗ്രസ് തുടങ്ങിവെച്ച ഉദാരവത്‌രണ നയങ്ങള്‍ ഓരോമേഖലയിലും പ്രയോഗത്തില്‍ കൊണ്ടുവരുന്നതില്‍ ബി ജെ പി സര്‍ക്കാറുകള്‍ നല്ല മുന്‍കൈയാണ് കാണിച്ചിട്ടുള്ളത്.

വലിയ രീതിയില്‍ ഉയര്‍ന്നുവന്ന തൊഴിലാളി ബഹുജന സമ്മര്‍ദത്തെ തുടര്‍ന്നാണ് 2007-ലെ ഒന്നാം യു പി എ സര്‍ക്കാര്‍ ഇത് പിന്‍വലിക്കുന്ന സാഹചര്യമുണ്ടായത്. അന്നത്തെ യു പി എ സര്‍ക്കാറിന് ഇടതുപക്ഷം നല്‍കിയ പിന്തുണയുടെ ഉപാധികളില്‍ ഒന്ന് തൊഴിലാളിവിരുദ്ധ നിയമങ്ങള്‍ അവസാനിപ്പിക്കുക എന്നതായിരുന്നു. ഇടതുപക്ഷത്തിന്റെ സമ്മര്‍ദഫലമായിട്ടാണ് യു പി എ സര്‍ക്കാര്‍ സ്ഥിരം തൊഴില്‍ അവസാനിപ്പിക്കുന്ന നിയമ ഭേദഗതി പിന്‍വലിക്കുന്നതിലെത്തിയത്.

2014-ല്‍ ബി ജെ പിക്ക് ഒറ്റക്ക് ഭൂരിപക്ഷം കിട്ടി കേന്ദ്രാധികാരത്തിലെത്തിയതോടെ തൊഴിലാളിവിരുദ്ധ നീക്കങ്ങള്‍ക്ക് വേഗം കൂടുകയാണുണ്ടായത്. അതിന്റെ ഫലമാണ് സ്ഥിരം തൊഴില്‍ ഇല്ലാതാക്കിക്കൊണ്ടുള്ള ഈ വിജ്ഞാപനം. മോദി സര്‍ക്കാര്‍ അധികാരമേറ്റെടുത്തതു മുതല്‍ കോര്‍പറേറ്റുകള്‍ക്ക് അനുകൂലമായ നിലയില്‍ തൊഴില്‍ നിയമങ്ങള്‍ മാറ്റാനാണ് ശ്രദ്ധിച്ചത്. 44 കേന്ദ്ര തൊഴില്‍ നിയമങ്ങള്‍ ചേര്‍ത്ത് നാല് ലേബര്‍ചട്ടങ്ങള്‍ രൂപവത്കരിക്കാനുള്ള നീക്കം രാജ്യത്തെ തൊഴിലാളിവര്‍ഗത്തിന്റെ വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തി. കൂലി, വ്യവസായബന്ധങ്ങള്‍, സാമൂഹിക സുരക്ഷ തുടങ്ങിയ ചട്ടങ്ങള്‍ക്കാണ് കേന്ദ്ര തൊഴില്‍ മന്ത്രാലയം രൂപം നല്‍കിയത്. ഇതില്‍ ചിലതെല്ലാം പാര്‍ലിമെന്റില്‍ അവതരിപ്പിച്ചുകഴിഞ്ഞു. അപ്രന്റീസ് നിയമത്തിലും തൊഴില്‍ നിയമത്തിലും ഭേദഗതി വരുത്തി തൊഴിലുടമകള്‍ക്ക് വന്‍ ആനുകൂല്യങ്ങള്‍ മോദി സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞിട്ടുണ്ട്. രാജസ്ഥാന്‍ പോലുള്ള ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കേന്ദ്രം ലക്ഷ്യമിടുന്ന തൊഴില്‍ നിയമ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിത്തുടങ്ങിയിരിക്കുന്നു.

തൊഴിലാളിവര്‍ഗത്തെയും ട്രേഡ് യൂനിയനുകളെയും അസ്ഥിരമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹിന്ദുത്വശക്തികള്‍ രാജ്യഭരണം കൈയാളുന്നത്. തൊഴിലാളികള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അവകാശങ്ങളും ആനൂകൂല്യങ്ങളും സാമൂഹിക സുരക്ഷയും കവര്‍ന്നെടുക്കുകയും അവരുടെ ഏകോപനത്തെയും സംഘാടനത്തെയും തടസ്സപ്പെടുത്തുകയുമാണ് ഹിന്ദുത്വ ശക്തികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ദാവോസ് ഉച്ചകോടിയില്‍ ആഗോള മൂലധന കുത്തകകള്‍ക്ക് യഥേഷ്ടം ഇന്ത്യയില്‍ നിക്ഷേപം നടത്താനും സമ്പത്തും അധ്വാനവും കൊള്ളയടിക്കാനും ആവശ്യമായ സൗകര്യം ഉറപ്പുവരുത്തുമെന്നാണ് മോദി പറഞ്ഞത്. നേരിട്ടുള്ള മൂലധനനിക്ഷേപത്തിനും ലാഭമുണ്ടാക്കുന്നതിനും തടസ്സമാകുന്ന എല്ലാ നിയമങ്ങളും ഇല്ലാതാക്കി കോര്‍പറേറ്റ് മൂലധനത്തിന് ചുവപ്പ് പരവതാനി വിരിക്കുമെന്നാണ് ആഗോള വ്യവസായ കുത്തകകള്‍ക്കും മുതലാളിത്ത രാജ്യങ്ങളിലെ ഭരണാധികാരികള്‍ക്കും ഉറപ്പുനല്‍കിയത്. മോദി ആ ഉറപ്പ് പാലിക്കുകയാണ്. സ്ഥിര തൊഴില്‍ സമ്പ്രദായങ്ങള്‍ അടക്കം എടുത്തുകളഞ്ഞുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ മൂലധനശക്തികള്‍ക്ക് തൊഴിലാളികളെ ഇഷ്ടം പോലെ ഉപയോഗിക്കാനും എടുത്തെറിയാനും സ്വാതന്ത്ര്യം നല്‍കുകയാണ്. അതിനാണ് ഇത്തരമൊരു ഭേദഗതി ഏകപക്ഷീയമായി അടിച്ചേല്‍പ്പിച്ചിരിക്കുന്നത്.
എളുപ്പം ബിസിനസ് ചെയ്യാവുന്ന മുതലാളിത്തത്തിന്റെ പറുദീസയാക്കി ഇന്ത്യയെ മാറ്റുകയാണ് ഇത്തരം നടപടികളിലൂടെ മോദി സര്‍ക്കാര്‍ ചെയ്യുന്നതെന്നാണ് ഔദേ്യാഗിക വക്താക്കള്‍ ഈ നടപടിയെ ന്യായീകരിച്ചുകൊണ്ട് പറയുന്നത്. വ്യവസായ നിക്ഷേപം കൊണ്ടുവരാനും തൊഴിലവസരം സൃഷ്ടിക്കാനുമാണെന്നാണ് അവരുടെ ന്യായം. ശരിയാണ് മൂലധനത്തിന് നിരുപാധികവും വ്യവസ്ഥാരഹിതവുമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യമാണ് മോദി സര്‍ക്കാര്‍ ഒരുക്കിക്കൊടുക്കുന്നത്. എന്നാല്‍, ഇത്തരം ഉദാരവത്കരണ നയങ്ങള്‍കൊണ്ട് വിദേശ നിക്ഷേപമോ തൊഴിലുകളോ ഒന്നും ലോകത്തൊരിടത്തും ഉണ്ടാകുന്നില്ലെന്നതാണ് ഐ എല്‍ ഒയുടെ പഠനറിപ്പോര്‍ട്ടുകള്‍ തന്നെ വ്യക്തമാക്കുന്നത്. മൂന്ന് ദശകകാലത്തെ ഇന്ത്യന്‍ അനുഭവങ്ങളും മറിച്ചല്ല. എല്ലാ വിഭാഗം തൊഴിലാളികളും ഒന്നിച്ചുനിന്ന് എതിര്‍ത്ത് തോല്‍പ്പിക്കേണ്ട നീക്കങ്ങളാണ് ഇത്തരം നിയമഭേദഗതികളിലൂടെ അടിച്ചേല്‍പ്പിക്കപ്പെടുന്നത്.

 

Latest