Kerala
വിവാദ ഭൂമിയിടപാട്: കര്‍ദിനാളിനെതിരായ കേസിന് സ്റ്റേ
കൊച്ചി: സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ച് സ്റ്റേ ചെയ്തു. കേസില്‍ പോലീസ് തുടര്‍നടപടികള്‍ സ്വീകരിക്കുന്നതും കോടതി തടഞ്ഞു. കേസ് വാദം കേള്‍ക്കുന്നത് അടുത്ത മാസം മൂന്നിലേക്ക് മാറ്റി.
നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെത്തുടര്‍ന്ന് പോലീസ് കര്‍ദിനാളിനെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു. പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറലിന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിശ്വാസ വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു കേസ്. കര്‍ദിനാളിന് പുറമെ ഫാ.ജോഷി, ഫാ.സെബാസ്റ്റ്യന്‍ വടക്കുമ്പാടന്, ഇടനിലക്കാരനായ സാജു വര്‍ഗീസ് എന്നിവരേയും പ്രതി ചേര്‍ത്തിരുന്നു. കേസെടുത്തതിനെതിര കര്‍ദിനാള്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ചിനെ സമീപിക്കുകയായിരുന്നു.