Connect with us

Articles

വാക്കുകളിലെ അനുഭാവമല്ല; വേണ്ടത് യുദ്ധകാല നടപടി

Published

|

Last Updated

“ഞാന്‍ മരിച്ചാല്‍ എന്റെ മകള്‍ എന്തുചെയ്യുമെന്ന” ചോദ്യം കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിത മേഖലകളില്‍ ഉയര്‍ന്നു കേള്‍ക്കുന്ന ഉത്തരമില്ലാത്ത ഗദ്ഗദമാണ്. യഥാര്‍ഥത്തില്‍, മരിക്കുന്നവരെക്കാള്‍ ജീവിച്ചിരിക്കുന്നവരുടെ ഓരോ ദിവസവും ഓരോ മണിക്കൂറും അതിജീവനത്തിനായുള്ള ആര്‍ത്തനാദങ്ങള്‍ നിറഞ്ഞതാണ്. ആ വിഭാഗം ഇരകള്‍, സമൂഹത്തിന്റെ ഒന്നാമത്തെ പരിഗണന ലഭിക്കാന്‍ അര്‍ഹതപ്പെട്ടവര്‍, സര്‍വവിധ സഹാനുഭൂതിയും ലഭിക്കേണ്ടവര്‍, മരണമുഖത്തു നിന്ന് തങ്ങളെ രക്ഷിക്കാനാവശ്യപ്പെട്ട് ജനുവരി 30ന് രക്തസാക്ഷിദിനത്തില്‍ തലസ്ഥാനത്ത് സമരജ്വാല തീര്‍ക്കാനായി വന്നുവെന്നത് സങ്കടകരമായ കാര്യം തന്നെ.

2016 ജനുവരി 26ന്, റിപ്പബ്ലിക് ദിനത്തില്‍ അന്നത്തെ സര്‍ക്കാറുമായി സമരനേതാക്കള്‍ ഉണ്ടാക്കിയ കരാര്‍ പൂര്‍ണമായി നടപ്പാക്കാതെ കബളിപ്പിച്ചതിനെ തുടര്‍ന്ന് പുതിയ സര്‍ക്കാറിനെ സമീപിക്കുകയും കരാറനുസരിച്ചുള്ള കാര്യങ്ങള്‍ നടപ്പാക്കാന്‍ നടപടികളെടുക്കണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു. 2017 ജനുവരി 10ന് സുപ്രീം കോടതി പ്രഖ്യാപിച്ച വിധിയനുസരിച്ച് മുഴുവന്‍ ദുരിതബാധിതര്‍ക്കും അഞ്ച് ലക്ഷം രൂപ വീതം ഏപ്രില്‍ 30നകം കൊടുത്തു തീര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ചുമതലയുണ്ടായിരുന്നു. 5,848 പേര്‍ ദുരിത ബാധിതരുടെ ഔദ്യോഗിക പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. എന്നാല്‍ ഇവരില്‍ 2,665 പേര്‍ക്കു മാത്രമാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശിപാര്‍ശ ചെയ്ത ധനസഹായം സര്‍ക്കാര്‍ വിതരണം ചെയ്തത്. ലിസ്റ്റില്‍ ഇനി ഇപ്പോള്‍ ആകെ ഒഴിവാക്കപ്പെട്ടവര്‍ 3,183 പേരാണ്. അവര്‍ക്ക് യാതൊരുവിധ സഹായവും ഇതുവരെ ലഭിച്ചിട്ടില്ലെന്നത് ഞെട്ടിപ്പിക്കുന്ന കാര്യം തന്നെയാണ്.

അവര്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ തന്നെയാണോയെന്ന സംശയം ഉയര്‍ത്തിവിട്ട് പട്ടികയില്‍ നിന്ന് ഒഴിവാക്കാനാണ് അധികാരികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. എങ്ങനെ പരമാവധിപേരെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാം എന്നതിനെ സംബന്ധിച്ചാണ് അധികാര സമിതികള്‍ ഗവേഷണം നടത്തുന്നത്. സര്‍ക്കാറുകള്‍ മാറിമാറി വന്നു. മാറിമാറി പരിശോധനകള്‍ പലത് നടന്നു. 2017-ല്‍ മൂന്നാം തവണയും പ്രത്യേക മെഡിക്കല്‍ ക്യാമ്പ് നടന്നു ദുരന്തബാധിതരെ കണ്ടെത്താന്‍. എ പി എല്‍ – ബി പി എല്‍ തരംതിരിവ് നടത്തി പരമാവധി ആളുകളെ എ പി എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ നടത്തുന്ന സ്‌ക്രീനിംഗ് ടെസ്റ്റ് പോലെയാണ് എന്‍ഡോസള്‍ഫാന്‍ ഇരകളെയും പരിശോധനക്ക് വിധേയരാക്കിയത്.

അവസാനത്തെ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത നാലായിരത്തോളം ആളുകളില്‍ നിന്ന് കടുത്ത സ്‌ക്രീനിംഗ് ടെസ്റ്റുകള്‍ക്കു ശേഷം 1905 പേരെ മാത്രമാണ് “ഇരകള്‍” എന്ന ഗണത്തില്‍ പെടുത്താന്‍ കലക്‌ട്രേറ്റില്‍ നിന്ന് വന്ന പ്രത്യേക മെഡിക്കല്‍ സെല്‍ അംഗങ്ങള്‍ തയ്യാറായത്. ബാക്കിയുള്ളവരെ പല കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കി.

എന്നാല്‍, അന്തിമ പട്ടിക വന്നപ്പോള്‍ രോഗികളുടെ എണ്ണം 287 മാത്രമായി ചുരുങ്ങി. ബാക്കിയുള്ളവരെ മുഴുവന്‍ നിര്‍ദയം ഒഴിവാക്കാന്‍ ഡപ്യൂട്ടി കലക്ടറുടെ അധ്യക്ഷതയില്‍ പ്രവര്‍ത്തിച്ച മോണിറ്ററിംഗ് സെല്ലിന് എങ്ങനെ കഴിഞ്ഞു? “മനുഷ്യത്വം” എന്ന ഒരു വികാരം ബന്ധപ്പെട്ട അധികാര സഭയിലെ അംഗങ്ങള്‍ക്കു വേണ്ടതല്ലേ?
സുപ്രീം കോടതിയുടെ വിധി നടപ്പാക്കുന്ന കാര്യത്തിലും സര്‍ക്കാര്‍ കാട്ടുന്ന അലംഭാവം വ്യക്തമാണ്. പട്ടികയിലെ 5848 പേര്‍ക്കും മൂന്ന് മാസം കൊണ്ട് ധനസഹായം വിതരണം ചെയ്യണമെന്നതായിരുന്നു വിധി. 2017 ഏപ്രില്‍ 10ന് തന്നെ വിധിപ്രകാരം ധനസഹായ വിതരണം പൂര്‍ത്തിയാക്കേണ്ടതായിരുന്നു. എന്നാല്‍, അതുണ്ടായില്ല. 3,183 പേര്‍ ഇപ്പോഴും സഹായത്തിനായി നിലവിളിക്കുന്നു. തലസ്ഥാനത്തും അതിന്റെ പ്രതിധ്വനിയാണ് സമരരംഗത്ത് കണ്ടത്.
ദുരിതബാധിതരുടെ കടങ്ങള്‍ എഴുതിത്തള്ളണമെന്ന ആവശ്യം വളരെ പ്രധാനപ്പെട്ടതാണ്. 2012-മുതല്‍ തന്നെ അതിനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളേണ്ടതായിരുന്നു. മൂന്ന് സംസ്ഥാന സര്‍ക്കാറുകള്‍ ഇതിനകം കേരളം മാറിമാറി ഭരിച്ചു. കടബാധ്യതയുടെ പേരില്‍ ഇരകളുടെ കുടുംബം ആത്മഹത്യ ചെയ്യുന്നതിന്റെ വാര്‍ത്തകള്‍ വന്നതിന് ശേഷവും ഒരു നടപടിയും എടുത്തുകാണുന്നില്ലെന്നു മാത്രമല്ല 2014ല്‍ കടങ്ങള്‍ എഴുതിത്തള്ളാനായി സര്‍ക്കാര്‍ എടുത്ത തീരുമാനത്തിന് മേല്‍ മൊറട്ടോറിയം പ്രഖ്യാപിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. അങ്ങേയറ്റം ക്രൂരമാണ് ആ നടപടിയെന്ന് പറയാതെ വയ്യ. അതുപോലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു സമൂഹം നല്‍കേണ്ട മിനിമം സഹായം എന്ന നിലക്കാണ് അവര്‍ക്കെല്ലാം ബി പി എല്‍ സ്റ്റാറ്റസ് നല്‍കാന്‍ തീരുമാനമായത്. എന്നാല്‍, നിര്‍ഭാഗ്യകരമെന്നു പറയട്ടെ അവരില്‍ പകുതിപേരും ഇപ്പോള്‍ ബി പി എല്‍ പട്ടികയില്‍ നിന്ന് പുറത്തായിരിക്കുന്നു. അധികാരികളുടെ അനുഭാവം വാക്കുകളില്‍ മാത്രമായി ചുരുങ്ങിപ്പോകുന്നുവെന്നതിന്റെ ഏറ്റവും നല്ല ദൃഷ്ടാന്തമാണിത്.
എന്‍ഡോസള്‍ഫാന്‍ എന്ന മാരകമായ രാസവസ്തു വിവേകരഹിതമായി വര്‍ഷങ്ങളോളം പാവപ്പെട്ട ജനങ്ങളുടെ ആവാസമേഖലകളില്‍ ആകാശമാര്‍ഗത്തില്‍ തളിക്കുന്നതിന് നേതൃത്വം കൊടുത്ത കമ്പനിയില്‍ നിന്നു നഷ്ടപരിഹാരം ഈടാക്കണമെന്ന സുപ്രീം കോടതി വിധിപോലും നടപ്പാക്കാന്‍ ഭരണാധികാരികള്‍ ഭയപ്പെടുന്നതെന്തുകൊണ്ട്? അതിനായി ഒരു പ്രത്യേക ട്രിബ്യൂണല്‍ സ്ഥാപിക്കണമെന്ന ഡിമാന്റ് ഗൗരവത്തില്‍ ചര്‍ച്ചചെയ്യാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയ്യാറല്ല. യഥാര്‍ഥത്തില്‍ നഷ്ടപരിഹാരം ഈടാക്കേണ്ടത് കുറ്റവാളികളായ കേരളാ പ്ലാന്റേഷന്‍ കോര്‍പറേഷനില്‍ നിന്നു തന്നെയല്ലേ? അതിനുള്ള രാഷ്ട്രീയ തീരുമാനം എടുക്കാനുള്ള ഇച്ഛാശക്തി എല്‍ ഡി എഫ് സര്‍ക്കാറില്‍ നിന്നും എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി പ്രതീക്ഷിച്ചുവെന്ന് കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ പറയുന്നു.
ദുരിതബാധിതരുടെ പുനരധിവാസവും വെള്ളത്തില്‍ വരച്ച വരപോലെയായി. രോഗികളായ ഇരകള്‍ക്കു സൗജന്യ ചികിത്സ ആജീവനാന്തം നല്‍കാന്‍ നടപടിയെടുക്കണമെന്ന സുപ്രീം കോടതി വിധിയിലെ ഉത്തരവും കടലാസില്‍ അന്തിയുറങ്ങുന്നു. ഒരു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ കാസര്‍കോട് തുടങ്ങിയിരുന്നെങ്കില്‍ ഇരകള്‍ക്ക് ചികിത്സയെങ്കിലും മാന്യമായി നല്‍കാന്‍ കഴിയുമായിരുന്നു.
മാനസിക വെല്ലുവിളികള്‍ നേരിടുന്ന ദുരിതബാധിതരായ കുട്ടികളെ പഠിപ്പിക്കുവാന്‍ എഴ് ബഡ്‌സ് സ്‌കൂളുകളാണ് ആരംഭിച്ചത്. അവയില്‍ ഒരെണ്ണത്തിന് ഒഴികെ മറ്റൊന്നിനും കെട്ടിടം പണിയാന്‍ പോലും അധികാരികള്‍ തയ്യാറായിട്ടില്ല ഇതുവരെ. നബാര്‍ഡിന്റെ സാമ്പത്തിക സഹായം അനുവദിക്കപ്പെട്ടിട്ടും ഇതാണവസ്ഥ.

ചുരുക്കത്തില്‍ അങ്ങേയറ്റം പരിതാപകരമായ സ്ഥിതിയില്‍, ജീവനോട് മല്ലടിച്ചുകൊണ്ടിരിക്കുന്നവര്‍, അവര്‍ സമരമുഖത്തു വന്നിട്ടു പോലും അധികാരിവര്‍ഗത്തിന്റെ മനസ്സ് ആര്‍ദ്രമാകുന്നില്ല. ഭരണകൂടം സൃഷ്ടിച്ച ഒരു മഹാദുരന്തത്തിന്റെ ജീവിച്ചിരിക്കുന്ന ഇരകളാണ് ഏറ്റവും ന്യായമായ ആവശ്യങ്ങള്‍ക്കു വേണ്ടി സമരം ചെയ്യേണ്ടി വരുന്നത്. കാസര്‍കോടു നിന്ന് തലസ്ഥാന നഗരത്തിലേക്കു ഇരകള്‍ സമരം ചെയ്യാന്‍ വരുന്ന അവസ്ഥ എത്രമേല്‍ ദയനീയമാണ്? ഭരണകൂടത്തിന് മനുഷ്യത്വം അന്യമായ വികാരമായിത്തീര്‍ന്നുവോ?
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ അടിയന്തര ചികിത്സയാണ് ആവശ്യപ്പെടുന്നത്. അത് നല്‍കാന്‍ ഭരണകൂടം ബാധ്യസ്ഥമാണ്. നേരത്തെ സൗജന്യ റേഷന്‍ ഇരകള്‍ക്ക് ലഭിച്ചുകൊണ്ടിരുന്നു. എന്നാല്‍, ഏറ്റവും ഒടുവില്‍ അറിയുന്നതു ഇപ്പോള്‍ അതുപോലും നിര്‍ത്തലാക്കിയെന്നാണ്. അങ്ങനെ, നിരാലംബരായ ഒരു മനുഷ്യവിഭാഗത്തിന് അവര്‍ക്കര്‍ഹമായ കാര്യങ്ങള്‍ നിഷേധിക്കാന്‍ എന്തു കാരണങ്ങള്‍ പറഞ്ഞിട്ടായാലും അധികാരികള്‍ ശ്രമിക്കുന്നത് ന്യായീകരിക്കാവുന്നതല്ല. ജനുവരി 30-ാം തീയതിയിലെ സമരത്തെത്തുടര്‍ന്ന്, പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ യോഗം വിളിക്കാന്‍ എല്‍ഡി എഫ് സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്.
എന്നാല്‍, പതിവുപോലെ വാഗ്ദാനങ്ങള്‍ നല്‍കാന്‍ വേണ്ടിയാകരുത്. വാക്കുകളിലെ അനുഭാവവും ഐക്യദാര്‍ഢ്യവും മാത്രം പോര. യഥാര്‍ഥത്തില്‍ അവരുടെ ആവശ്യങ്ങള്‍ വ്യവസ്ഥ പ്രകാരം നടപ്പാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തിലുള്ള നടപടികളാണ് ആവശ്യം. സമൂഹം പ്രതീക്ഷിക്കുന്നതും കാത്തിരിക്കുന്നതും അതിനുവേണ്ടിയാണ്. ഇനിയൊരു സമരത്തിലേക്ക് പാവം ഇരകളെ തള്ളിവിടരുത്.