Connect with us

Idukki

മറയൂരില്‍ ഇനി നെല്ലിക്ക കാലം

Published

|

Last Updated

പഴയ അഞ്ചുനാട്ടിന്റെ ഭാഗമായ മറയൂരില്‍ ഇത് നെല്ലിക്ക കാലം. ശീതകാല പച്ചക്കറികളുടെ പ്രധാന കേന്ദ്രമായ ഇവിടെ ഇപ്പോള്‍ നെല്ലിക്കയുടെ വിളവെടുപ്പ് കാലമാണ്. പ്രകൃതിയുടെ ദൃശ്യമനോഹാരിത കൊണ്ട് അനുഗൃഹീതമായ മറയൂരില്‍ വിനോദ സഞ്ചാരികളുടെ വന്‍ തിരക്കും അനുഭവപ്പെട്ടു തുടങ്ങിയിരിക്കുന്നു. പച്ചക്കറികള്‍ക്കൊപ്പം ആപ്പിളും ഓറഞ്ചും സ്‌ട്രോബറിയും ഇവിടെ വിളയുന്നുണ്ട്. തെക്കിന്റെ കശ്മീര്‍ എന്നറിയപ്പെടുന്ന മൂന്നാറില്‍ നിന്ന് 40 കീ. മീ ദൂരമാണ് മറയൂരിലേക്ക്. കാന്തല്ലൂര്‍, കീഴാത്തൂര്‍, കച്ചാരം വെള്ളച്ചാട്ടങ്ങളും സമീപത്താണ്. കണ്ണന്‍ദേവന്‍ മലനിരകളും പേരുകേട്ട ചന്ദനക്കാടുകളും മറയൂരിന്റെ ദൃശ്യഭംഗിക്ക് മാറ്റുകൂട്ടുന്നു. പ്രധാന വന്യ ജീവിസങ്കേതമായ ചിന്നാറും തമിഴ്‌നാട്ടിലെ ഇന്ദിരാഗാന്ധി വന്യജീവി സങ്കേതവും മറയൂരിനോട് തൊട്ടുരുമ്മി നില്‍ക്കുന്നു.

സഞ്ചാരികളുടെ ഇപ്പോഴത്തെ പ്രധാന ആകര്‍ഷണം നെല്ലിക്ക തന്നെയാണ്. കറികള്‍ക്കും അച്ചാറിനും പുറമെ ആയുര്‍വേദ ഔഷധ നിര്‍മാണത്തിന് ഏറ്റവും കൂടുതല്‍ ഉപയോഗിച്ചു വരുന്നത് മറയൂര്‍ നെല്ലിക്കയാണ്. വിളവെടുപ്പ് സീസണ്‍ ആയതോടെ മരുന്ന് നിര്‍മാണ കമ്പനികളുടെ പ്രതിനിധികളും കച്ചവടക്കാരും മറയൂരിലേക്ക് എത്തിത്തുടങ്ങി. ഒരു കിലോഗ്രാമിന് 60 രൂപ വരെയാണ് മറയൂര്‍ നെല്ലിക്കയുടെ മൊത്ത വില. തണുപ്പ് കാലം തീരും വരെയാണ് വിളവെടുപ്പ് സീസണ്‍. കര്‍ഷകരുടെ ശീതകാല കൃഷികളില്‍ മുഖ്യസ്ഥാനമാണ് മറയൂര്‍ നെല്ലിക്കക്ക്.

കേരള വിപണിക്ക് പുറത്തേക്കും പേരുകേട്ട മറയൂര്‍ നെല്ലിക്ക കൃഷി പരിപോഷിപ്പിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ ഉണ്ടായാല്‍ സംസ്ഥാനത്തിന്റെ പെരുമയില്‍ മറയൂര്‍ നെല്ലിക്കയും ഒരു അടയാളമായി മാറുമെന്നാണ് കര്‍ഷകരുടെ അഭിപ്രായം.

 

Latest