Connect with us

National

മയക്കുമരുന്നൊഴുക്ക് കേരളത്തിലേക്കും

Published

|

Last Updated

ബെംഗളൂരു: ഐ ടി ഹബ്ബായ ഉദ്യാന നഗരി മയക്കുമരുന്ന് കടത്തുകാരുടെ താവളമാകുന്നു. കേരളമടക്കം ദക്ഷിണേന്ത്യേന്‍ സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നതും ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘമാണെന്നാണ് കണ്ടെത്തല്‍.
വിദ്യാഭ്യാസത്തിനും മറ്റുമായി നഗരത്തിലെത്തുന്ന വിദേശികളെ കണ്ണികളാക്കിയാണ് പ്രവര്‍ത്തനം. കൊച്ചിയില്‍ കേരള പോലീസ് നടത്തിയ അന്വേഷണത്തിലും മയക്കുമരുന്ന് എത്തിക്കുന്നത് ബെംഗളൂരുവില്‍ നിന്നാണെന്ന് കണ്ടെത്തിയിരുന്നു. മുംബൈ, ഹൈദരാബാദ്, ഗോവ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘം മയക്കുമരുന്ന് ബെംഗളൂരുവിലെത്തിച്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്യുന്നതായാണ് കണ്ടെത്തിയത്.
നേരത്തെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിച്ച സംഘം ബെംഗളൂരുവിലേക്ക് പ്രവര്‍ത്തനം മാറ്റിയെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 24ന് 24 കോടി രൂപ വില വരുന്ന 475 കിലോഗ്രാം മയക്കുമരുന്ന് ബെംഗളൂരു വിമാനത്താവളത്തില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയായിരുന്നു ഇത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് 21 കേസുകളിലായി 39 പേരാണ് അറസ്റ്റിലായത്. ഇതില്‍ 16 പേര്‍ വിദേശികളാണ്. കൊക്കെയ്ന്‍, എല്‍ എസ് ഡി, മെഥംഫെറ്റാമിന്‍ എന്നിവയാണ് പ്രധാനമായും പിടിച്ചെടുത്തത്.

വാരാന്ത്യങ്ങളില്‍ ക്ലബ്ബുകളിലും പബ്ബുകളിലും നടക്കുന്ന ആഡംബര പാര്‍ട്ടികളിലേക്കാണ് പ്രധാനമായും മയക്കുമരുന്ന് എത്തിക്കുന്നതെന്ന് നാര്‍ക്കോട്ടിക് സെല്‍ ഉദ്യോഗസ്ഥര്‍ പറയുന്നു. സംഘത്തില്‍ നിന്ന് ലഭിക്കുന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തുന്നത്. നഗരത്തില്‍ എം ജി റോഡ്, സി എം എച്ച് റോഡ്, ഓള്‍ഡ് മദ്രാസ് റോഡ് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വ്യാപാരം കൂടുതലായും നടക്കുന്നതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലാവുന്ന സ്ത്രീകളുടെ എണ്ണവും കുറവല്ല. കഴിഞ്ഞ വര്‍ഷം മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് 289 സ്ത്രീകളാണ് അറസ്റ്റിലായത്. ഇവരില്‍ 13 പേര്‍ വിദേശികളായിരുന്നു. വിസ കാലാവധി കഴിഞ്ഞ് നഗരത്തില്‍ അനധികൃതമായി താമസിക്കുന്ന വിദേശികളാണ് മയക്കുമരുന്ന് സംഘത്തിന്റെ കെണിയില്‍ പെടുന്നത്. ഏജന്റുമാരാണ് ആവശ്യക്കാരെ സമീപിക്കുന്നത്. ഇവര്‍ നല്‍കുന്ന പ്രത്യേക കോഡുമായി എത്തുന്നവര്‍ക്ക് രഹസ്യമായി മയക്കുമരുന്ന് നല്‍കും. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന മയക്കുമരുന്ന് മാഫിയ കണ്ണികളില്‍ 30 ശതമാനവും തകര്‍ക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് നാര്‍ക്കോട്ടിക് സെല്‍ ബ്യൂറോ അധികൃതര്‍ പറഞ്ഞു. ട്രെയിനുകളിലാണ് കഞ്ചാവ് കൂടുതലായും കടത്തുന്നത്.
കര്‍ണാടകയില്‍ നിന്ന് മലബാറിലേക്ക് കോടികളുടെ കുഴല്‍പണവും സ്വര്‍ണ ബിസ്‌ക്കറ്റും കടത്തുന്ന സംഘവും വ്യാപകമായിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ കുഴല്‍പ്പണവുമായി പെരിന്തല്‍മണ്ണയില്‍ കഴിഞ്ഞ ദിവസം രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു.
തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് കോടിക്കണക്കിന്ന് രൂപയുടെ സ്വര്‍ണ ബിസ്‌ക്കറ്റും വിദേശ കറന്‍സികളും പാലക്കാട് വഴിയാണ് മലബാര്‍ മേഖലയിലേക്ക് എത്തിക്കുന്നതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

 

Latest