Connect with us

Articles

ഈ ഒന്നാം സ്ഥാനവും ആഘോഷിക്കുമോ?

Published

|

Last Updated

അച്ഛാദിന്‍ പ്രഖ്യാപനത്തിന്റെ ശബ്ദ കോലാഹലങ്ങള്‍ക്കിടയില്‍ ലോകത്ത് മലിനീകരണം ഏറ്റവുമധികമുള്ള രാജ്യങ്ങളില്‍ ഇന്ത്യ ഒന്നാം സ്ഥാനം നേടിയെന്ന് വാര്‍ത്ത പലരും അറിഞ്ഞമട്ടില്ല. സമ്പദ്‌വ്യവസ്ഥയുടെ ഡിജിറ്റല്‍വത്കരണവും വികസന പദ്ധതികളുടെ കൊട്ടിഘോഷവും വാഗ്ദാനങ്ങളുടെ പെരുമഴയും ഒരു ഭാഗത്ത് നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ, അന്തരീക്ഷ മലിനീകരണത്താല്‍ ഇന്ത്യയില്‍ പ്രതിവര്‍ഷം 25 ലക്ഷം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്നു എന്ന ലാന്‍സെറ്റ് കമ്മീഷന്റെ സര്‍വേ റിപ്പോര്‍ട്ട് രാജ്യത്തിന്റെ ഭാവിയില്‍ ആശങ്കയുള്ളവരെ അസ്വസ്ഥപ്പെടുത്തേണ്ടത് തന്നെയാണ്. മലിനീകരണത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്താണ് ഇന്ത്യ എന്നാണ് കമ്മീഷന്റെ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

പരിസ്ഥിതി ശാസ്ത്രജ്ഞന്‍ ഫിലിപ്പ് ലാന്‍ഡ്രിഗന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്രതലത്തിലെ നാല്‍പ്പതിലധികം ആരോഗ്യ പരിസ്ഥിതി രംഗത്തെ പ്രതിഭകള്‍ രണ്ടുവര്‍ഷം കൊണ്ടാണ് ലാന്‍സെറ്റ് കമ്മീഷന്‍ റിപ്പോട്ട് തയ്യാറാക്കിയത്.
മലിനീകരണ നിയന്ത്രണത്തിനായി ഒട്ടനവധി പദ്ധതികളും കാമ്പയിനുകളും നിരന്തരം ആവിഷ്‌കരിച്ചിട്ടും ഭീകരമായ ഒരു ചുറ്റുപാടിലേക്ക് രാജ്യം നീങ്ങിക്കൊണ്ടിരിക്കുന്നു, കാര്യക്ഷമമായ പരിഹാരങ്ങള്‍ ആവിഷ്‌കരിക്കേണ്ടതിന്റെ സമയം അതിക്രമിച്ചിരിക്കുന്നു എന്നതാണ് ഈ കണക്കുകള്‍ ഓര്‍മപ്പെടുത്തുന്നത്. വികസിത രാജ്യമെന്ന പദവി സ്വപ്‌നം കണ്ട് പുറം മിനുക്കുന്ന വികലമായ പദ്ധതികള്‍ രൂപപ്പെടുത്തി ധൃതിപ്പെട്ട് നടപ്പാക്കാന്‍ ശ്രമിക്കുന്ന വികസ്വര രാജ്യങ്ങളിലാണ് ഏറ്റവുമധികം മലിനീകരണങ്ങള്‍ നിലനില്‍ക്കുന്നത്. ആഗോള തലത്തില്‍ 90 ലക്ഷം പേരാണ് അന്തരീക്ഷ മലിനീകരണത്തിന്റെ ഇരകളായി ജീവന്‍ നഷ്ടപ്പെടുന്നതെന്നാണ് ലാന്‍സെറ്റ് ജേണലിന്റെ കണ്ടെത്തല്‍. അഥവാ പ്രതിദിനം ലോകത്ത് മരിക്കുന്ന ആറ് പേരില്‍ ഒരാള്‍ അന്തരീക്ഷ മലിനീകരണത്തിന്റെ ഇരയാണെന്നര്‍ഥം. എയിഡ്‌സ്, മലേറിയ, ടി ബി തുടങ്ങിയ മാരകമായ രോഗങ്ങള്‍കൊണ്ട് മരിക്കുന്നവരുടെ മൂന്നിരട്ടിയാണ് മലിനീകരണ മരണത്തിന്റെ ഈ കണക്കുകള്‍. 2015ല്‍ മാത്രം ഇന്ത്യയിലുണ്ടായ മരണങ്ങളില്‍ 25ശതമാനവും മലിനീകരണം മൂലമാണെന്നറിയുമ്പോഴാണ് ഇതിന്റെ ഭീകരതയുടെ ആഴം നാം മനസ്സിലാക്കുക. ഹൃദ്രോഗം, സ്‌ട്രോക്ക്, ശ്വാസകോശ ക്യാന്‍സര്‍ തുടങ്ങിയ മാരകരോഗങ്ങളാണ് മലിനീകരണം മൂലം പ്രധാനമായും രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. 460000 കോടി യു എസ് ഡോളറാണ് ഓരോ വര്‍ഷവും അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന രോഗങ്ങളെ ചികിത്സിക്കാനും രോഗികളുടെ ക്ഷേമത്തിനും വേണ്ടി ചെലവഴിക്കേണ്ടിവരുന്നത്. ആഗോള വരുമാനത്തിന്റെ 6.2 ശതമാനമാണിത്.

നിയമങ്ങളുടെ അഭാവമല്ല ഇത്തരം പ്രതിസന്ധികളിലേക്ക് നയിക്കുന്നത്. നിയമങ്ങള്‍ ആര്‍ക്കുവേണ്ടി എന്ന ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്താനാകാത്തതാണ് പ്രധാന പ്രശ്‌നം. നിര്‍ജീവമായ ആഖ്യാനങ്ങളില്‍ നിന്ന് മാറി സജീവമായ ഇടപെടലുകള്‍കൊണ്ടുമാത്രമേ രാജ്യത്തിന്റെ പരിസ്ഥിതിയെ രക്ഷിക്കാനാകുകയുള്ളൂ എന്ന തിരിച്ചറിവിലേക്ക് ഭരിക്കുന്നവരും ജനങ്ങളും ഒരുമിച്ച് ഇറങ്ങേണ്ടിയിരിക്കുന്നു. ആഗോളവത്കരണവും അതേതുടര്‍ന്ന് ജനങ്ങളുടെ ജീവിതരീതികളില്‍ വന്ന മാറ്റങ്ങളും തന്നെയാണ് മലിനീകരണം ഇത്രകണ്ട് ഉയരാനുള്ള പ്രധാന കാരണം. വികസന പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ മനുഷ്യന്‍ മാത്രം ബാക്കിയാകുന്ന പദ്ധതികള്‍ നിര്‍മിക്കാനാണ് ഭരണനേതൃത്വം ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പ്രകൃതിയെ ചൂഷണം ചെയ്ത് കോണ്‍ക്രീറ്റ് മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയും വന വിഭവങ്ങള്‍ വെട്ടിവെളുപ്പിക്കുകയും ചെയ്ത് ഓഫീസുകള്‍ക്ക് മുന്നില്‍ പൂച്ചെടികള്‍ വെച്ച് പരിസ്ഥിതി സംരക്ഷിക്കുന്ന ഒരു തരത്തിലുള്ള പൂന്തോട്ട പരിസ്ഥിതി ബോധം സൃഷ്ടിച്ചുകൊണ്ടാണ് നമ്മുടെ വികസനം മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ തലസ്ഥാനത്ത് ദീപാവലി ആഘോഷങ്ങള്‍ക്ക് പടക്കം നിരോധിച്ച് സുപ്രീം കോടതി ഉത്തരവ് വന്നിട്ടും മലിനീകരണത്തിന്റെ തോതില്‍ അല്‍പ്പം പോലും കുറവ് വരുത്താന്‍ സാധിച്ചിട്ടില്ല. മാത്രവുമല്ല, അത്യാവശ്യങ്ങള്‍ക്ക് വേണ്ടിമാത്രമെ ജനങ്ങള്‍ പുറത്തിറങ്ങാവൂ എന്നുവരെ പറയേണ്ടിടത്തേക്ക് എത്തിയിരിക്കുന്നു കാര്യങ്ങള്‍. വായു മലിനീകരണത്തിന്റെ തോത് മിക്കയിടങ്ങളിലും അപകടകരമായ നിലയിലാണെന്് വായു ഗുണനിലവാര സൂചിക (Air quality index) യുടെ കണക്കുകള്‍ പറയുന്നുണ്ട്.

വികസനത്തിന്റെ പ്രതീകമായി വാഴ്ത്തുന്ന രാജ്യതലസ്ഥാനത്ത് നിന്ന് ലഭിക്കുന്ന വാര്‍ത്തകള്‍ ഇതൊക്കെയാണെങ്കില്‍ അതിവിദൂരമല്ലാത്ത ഭാവിയില്‍ രാജ്യത്തുടനീളം മലിനീകരണത്തിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമെന്നത് അവിതര്‍ക്കിതമായ കാര്യമാണ്. ഒരു ജീവല്‍ പ്രതിസന്ധിയായി മാറിയതിന് ശേഷം കടുത്ത നടപടികളിലേക്ക് നീങ്ങുന്നത് രാജ്യത്തിന്റെ സാമ്പത്തിക സാമൂഹിക അവസ്ഥയെ താളം തെറ്റിക്കുമെന്നിരിക്കെ ദീര്‍ഘ വീക്ഷണത്തോടെയും മുന്നൊരുക്കത്തോടെയുമുള്ള പ്രായോഗിക നടപടികളാണ് മലിനീകരണം തടയാനുള്ള ഏകവഴിയെന്ന് തിരിച്ചറിയണം. വാഹനങ്ങളുടെ പാര്‍ക്കിംഗ് ഫീസ് നാല് മടങ്ങുവരെ ഉയര്‍ത്തിയും താപ വൈദ്യുത നിലയങ്ങള്‍ അടച്ചിട്ടും ഡീസല്‍ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് തടഞ്ഞും വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് കുറച്ചും മലിനീകരണം നിയന്ത്രിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ പല പ്രാവശ്യം മുതിര്‍ന്നിട്ടും പുതിയ കണക്കുകളില്‍ വായു മലിനീകരണ തോത് ഉയര്‍ന്നുതന്നെയാണ് നില്‍ക്കുന്നത്. സ്വകാര്യവാഹനങ്ങളുടെ ആധിക്യമാണ് മലിനീകരണത്തിന്റെ പ്രധാന കാരണമായി കാണുന്നത്. സ്വകാര്യ വാഹനങ്ങള്‍ നിരന്തരമായി പെരുകിക്കൊണ്ടിരിക്കുന്നത് ജനങ്ങള്‍ക്ക് അതിനോടുള്ള അമിതമായ ആഗ്രഹങ്ങള്‍കൊണ്ടല്ല മറിച്ച് സ്വകാര്യ വാഹനങ്ങളില്‍ യാത്രചെയ്യുമ്പോള്‍ കിട്ടുന്ന സൗകര്യവും യാത്രാ സുഖവും പൊതുഗതാഗത സംവിധാനങ്ങളില്‍ നിന്നും ലഭിക്കുന്നില്ല എന്നത് കൊണ്ടാണെന്ന് അധികൃതര്‍ മനസ്സിലാക്കേണ്ടതുണ്ട്. അല്ലാതെ സ്‌കൂളുകള്‍ അടച്ചിട്ടും കൃത്രിമ മഴ പെയ്യിച്ചും പരിഹാരം കാണാന്‍ നിര്‍ദേശിച്ചാല്‍ രാജ്യത്തിന്റെ ഭാവിതന്നെ അപകടത്തിലാകും.
വികസനം മനുഷ്യന്റെ എതിര്‍പക്ഷത്ത് നിര്‍ത്തേണ്ട ഒന്നല്ല. ഏതൊരു ചെറിയ സംരംഭം ആരംഭിക്കുമ്പോഴും പ്രാഥമികമായി പരിഗണിക്കേണ്ടത് പ്രകൃതിയെയും മനുഷ്യരെയുമാണ് എന്ന ലളിതമായ തത്വം സ്വീകരിക്കേണ്ടിയിരിക്കുന്നു. പരിസ്ഥിതി സൗഹൃദമാക്കുകയും ജനങ്ങളുടെ ആശങ്കയകറ്റാനുള്ള സംവിധാനങ്ങള്‍ ആവിഷ്‌കരിക്കുകയുമാണ് മലിനീകരണം തടയാനായി ചെയ്യേണ്ടത്. മെട്രോനഗരങ്ങളും സ്മാര്‍ട്ട്‌സിറ്റികളും ഉയര്‍ന്നുവരുന്നതിനോടൊപ്പം ഇവ സൃഷ്ടിക്കുന്ന മലിനീകരണത്തെ തടയാനുള്ള ഫലപ്രദമായ പദ്ധതികള്‍കൂടി നിര്‍മിക്കേണ്ടതുണ്ട്. എന്നാല്‍ പരിസ്ഥിതിയെ കമ്പോളം കൈയേറിയ പുതിയ കാലത്ത് ലാഭക്കൊതിമാത്രം മുന്നില്‍ കണ്ടുകൊണ്ട് പ്രവര്‍ത്തിക്കുമ്പോള്‍ ഇത്തരത്തിലുള്ള പഠനങ്ങളും സംശയ ദൂരീകരണവും നടക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

പരിസ്ഥിതി ദിനത്തിലെ മരം നടീല്‍ ചടങ്ങുകളില്‍നിന്നും വ്യത്യസ്തമായി മരം മാത്രമല്ല പരിസ്ഥിതിയെന്ന വിശാലമായ ചിന്ത നമ്മില്‍ ഉയര്‍ന്നുവരേണ്ടതുണ്ട്. വികസനത്തിന്റെയും ഭൗതിക സൗകര്യങ്ങളുടെയും ലോകത്ത് നിന്ന് ഒളിച്ചോടുക സാധ്യമല്ല. സാങ്കേതിക വികാസത്തോട് പുറം തിരിഞ്ഞ് നില്‍ക്കുകയും സാധ്യമല്ല. എന്നാല്‍ ഈ മാറ്റങ്ങള്‍ മനുഷ്യനടങ്ങുന്ന ജീവ ലോകത്തെ ഒന്നാകെ നശിപ്പിക്കുന്ന നിലവന്നാല്‍ എന്ത് ചെയ്യും? അപ്പോള്‍ ബദല്‍ ചിന്ത അനിവാര്യമാകും. ജീവന്റെ കൊടിപ്പട താഴ്ത്തുന്ന വികസനം കൊണ്ട് എന്ത് നേടാനാണ്? അത്‌കൊണ്ട് പരിസ്ഥിതിയെക്കുറിച്ചുള്ള അവബോധ നിര്‍മിതിയില്‍ നിന്നാണ് തുടങ്ങേണ്ടത്. കാലാവസ്ഥാ വ്യതിയാനങ്ങളും കൊടും ചൂടും മരുവത്കരണവും ചുറ്റും നടക്കുമ്പോള്‍ മനുഷ്യന്റെ മനസ്സ് ഒട്ടും തപിക്കുന്നില്ലെങ്കില്‍, പരിസ്ഥിതി സംരക്ഷണ മുദ്രാവാക്യങ്ങളും പദ്ധതികളുമെല്ലാം വൃഥാവിലാകും.

 

Latest