Connect with us

International

ലാസ് വെഗാസ് വെടിവെയ്പ്പ്: മരണസംഖ്യ 59 ആയി

Published

|

Last Updated

ലാസ് വേഗസ്: അമേരിക്കയിലെ നെവാഡ സംസ്ഥാനത്തെ ലാസ് വെഗാസിലെ ഹോട്ടലില്‍ സംഗീത പരിപാടിക്കിടെയുണ്ടായ വെടിവെപ്പില്‍5മരണസംഖ്യ അന്‍പതിയൊമ്പതായി. 527 പേര്‍ക്ക് പരുക്കേറ്റു. മരിച്ചവരില്‍ രണ്ട് പോലീസുകാരും ഉള്‍പ്പെടും. ലാസ് വെഗാസിലെ മാന്‍ഡ്‌ലെ ബേ ഹോട്ടലിലെ സംഗീത പരിപാടിക്കിടെയാണ് വെടിവെപ്പുണ്ടായത്. ഹോട്ടലിലെ 32ാം നിലയില്‍ നിന്നാണ് വെടിവെച്ചത്. അറുപത്തിനാല് വയസ്സുള്ള സ്റ്റീഫന്‍ പെഡോക് എന്നയാളാണ് വെടിവെപ്പ് നടത്തിയത്. ഇയാളെ സുരക്ഷാ സേന വെടിവെച്ച് കൊന്നു. അക്രമിക്കൊപ്പം എത്തിയതെന്ന് കരുതുന്ന മരിയോ ഡാന്‍ലെ എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസില്‍ ഏറ്റെടുത്തിട്ടുണ്ട്.

അമേരിക്കയില്‍ സമീപകാലത്ത് നടന്ന ഏറ്റവും വലിയ വെടിവെപ്പാണിത്. പ്രാദേശിക സമയം ഞായറാഴ്ച രാത്രി പത്തോടെയാണ് സംഭവം. റൂട്ട് 91 ഹാര്‍വെസ്റ്റ് എന്ന പേരില്‍ നടക്കുന്ന സംഗീതോത്സവത്തിന്റെ അവസാന ദിവസത്തിലാണ് ആക്രമണമുണ്ടായത്. ഹോട്ടലിലെ മുറിയില്‍ നിന്ന് സംഗീത പരിപാടി നടന്ന തുറന്ന വേദിയിലേക്ക് വെടിവെക്കുകയായിരുന്നു. മുറിയില്‍ നിന്ന് കൂട്ടക്കൊലക്കായി ഉപയോഗിച്ച നിരവധി തോക്കുകള്‍ കണ്ടെടുത്തു.

സംഭവത്തെ തുടര്‍ന്ന് ലാസ് വെഗാസില്‍ സുരക്ഷ ശക്തമാക്കി. സംഭവ സ്ഥലത്തിന് സമീപമുള്ള മക്കാരന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. ആക്രമണം നടന്ന ഹോട്ടലില്‍ നിന്ന് ആളുകളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒഴിപ്പിച്ചു. സമീപത്തുള്ള മറ്റ് ഹോട്ടലുകളും അടച്ചിട്ടു. ഇവിടെ താമസിക്കുന്ന ആളുകളും വിമാനത്താവളങ്ങളിലുള്ളവരും പുറത്തിറങ്ങിയിട്ടില്ല.
അക്രമിയും യുവതിയും താമസിച്ചിരുന്ന വീട്ടില്‍ റെയ്ഡ് നടത്തിയിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത യുവതിയെ എങ്ങോട്ടാണ് മാറ്റിയതെന്ന് വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായിട്ടില്ല. അക്രമി തനിച്ചാണ് ആക്രമണം നടത്തിയതെന്നും ഇയാളുടെ ലക്ഷ്യമെന്താണെന്ന് വ്യക്തമല്ലെന്നും പോലീസ് പറഞ്ഞു. യു എസ് പൗരനാണ് അക്രമി.
പരുക്കേറ്റവരില്‍ പതിനാല് പേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ആക്രമണത്തെ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അപലപിച്ചു.
അമേരിക്കയില്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നതിന് കര്‍ശനമായ നിയമങ്ങളില്ലാത്ത സംസ്ഥാനങ്ങളിലൊന്നാണ് നെവാഡ. രജിസ്റ്റര്‍ ചെയ്യാതെ തന്നെ തോക്ക് കൈവശം വെക്കാന്‍ ഇവിടെ അനുമതിയുണ്ട്. ഓട്ടോമാറ്റിക്, സെമി ഓട്ടോമാറ്റിക് തോക്കുകള്‍ ആളുകള്‍ക്ക് കൈവശം വെക്കാം. കഴിഞ്ഞ വര്‍ഷം ജൂണില്‍ യു എസിലെ ഫ്‌ളോറിഡയിലെ സ്വവര്‍ഗാനുരാഗികളുടെ നിശാ ക്ലബ്ബിലുണ്ടായ വെടിവെപ്പില്‍ 49 പേര്‍ മരിച്ചിരുന്നു. നിശാ ക്ലബ്ബിലെത്തിയ അക്രമി വെടിയുതിര്‍ത്ത ശേഷം ക്ലബ്ബിലുണ്ടായിരുന്നവരെ ബന്ദികളാക്കുകയായിരുന്നു.

 

 

Latest