Connect with us

Kerala

ബിപിന്‍ വധം: രണ്ട് പ്രതികള്‍ അറസ്റ്റില്‍

Published

|

Last Updated

തിരൂര്‍: ആര്‍ എസ് എസ് തൃപ്രങ്ങോട് മണ്ഡല്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖും കൊടിഞ്ഞി ഫൈസല്‍ വധക്കേസ് രണ്ടാം പ്രതിയുമായ തൃപ്രങ്ങോട് കുട്ടിച്ചാത്തന്‍ പടി സ്വദേശി കുണ്ടില്‍ ബിപിന്‍ (24) കൊല്ലപ്പെട്ട കേസില്‍ ഗൂഢാലോചന നടത്തിയ രണ്ട് എസ് ഡി പി ഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. എസ് ഡി പി ഐ തൃപ്രങ്ങോട് മണ്ഡലം പ്രസിഡന്റ് പെരിന്തല്ലൂര്‍ ആലുക്കല്‍ മുഹമ്മദ് അന്‍വര്‍ (39), എസ് ഡി പി ഐ ആശാന്‍പടി ബ്രാഞ്ച് പ്രസിഡന്റ് കാഞ്ഞിരക്കുറ്റി തലേക്കര വീട്ടില്‍ തുഫൈല്‍ (32) എന്നിവരെയാണ് വെള്ളിയാഴ്ച തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ പത്ത് ദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഗൂഢാലോചന നടത്തിയ വീട്ടില്‍ പ്രതികളെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി. എടപ്പാള്‍ പട്ടാമ്പി റോഡിലെ വാടക വീട്ടില്‍ എത്തിച്ചാണ് തെളിവെടുത്തത്.

ഇവിടെ നിന്ന് ഇരുമ്പ് വടികളും ഒരു ഷൂവും കണ്ടെത്തി. ഗൂഢാലോചനയില്‍ കൂടുതല്‍ പേര്‍ പങ്കാളികളായതായാണ് പോലീസ് സംശയിക്കുന്നത്. എടപ്പാളിന് പുറമെ നരിപ്പറമ്പ്, പൊന്നാനി, കുറ്റിപ്പുറം എന്നിവിടങ്ങളില്‍ വെച്ചും ഗൂഢാലോചന നടത്തിയതായി പ്രതികള്‍ പോലീസിനോട് പറഞ്ഞു. ബിപിനെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ തന്നെ ചുമതലപ്പെടുത്തിയിരുന്നു. മുമ്പ് ഒരു തവണ ബിപിന് നേരെ വധശ്രമവും ഉണ്ടായതായി പോലീസ് പറഞ്ഞു. മൂന്ന് ബൈക്കുകളിലായി എത്തിയ ആറ് പേരാണ് ബിപിനെ വധിച്ച സംഘത്തില്‍ ഉണ്ടായിരുന്നത്.
ഇതില്‍ മൂന്ന് പേര്‍ പോലീസിന്റെ വലയിലായിട്ടുണ്ട്. തൃപ്രങ്ങോട് ആലത്തിയൂര്‍ സ്വദേശിയായ പ്രധാന പ്രതിയടക്കം കൃത്യം നടത്തിയ മൂന്ന് പേര്‍ ഒളിവിലാണ്. ഇവര്‍ നിരീക്ഷണത്തിലാണെന്നും അന്വേഷണം ഊര്‍ജിതമാക്കിയതായും പോലീസ് അറിയിച്ചു.
കഴിഞ്ഞ മാസം 24 ന് വ്യാഴാഴ്ച രാവിലെ ഏഴരയോടെ ബി പി അങ്ങാടി പുളിഞ്ചോട് വെച്ചാണ് ബിപിന്‍ കൊല്ലപ്പെട്ടത്. സംഭവം നടന്ന ദിവസം തന്നെ നിരവധി പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു.
ഒടുവില്‍ സംഭവത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ രണ്ട് പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോലീസ് വലയിലുള്ള മറ്റു പ്രതികളുടെ അറസ്റ്റ് തുടര്‍ ദിവസങ്ങളില്‍ ഉണ്ടാകും.
തിരൂര്‍ ഡി വൈ എസ് പി. വി എ ഉല്ലാസ്, പെരിന്തല്‍മണ്ണ ഡി വൈ എസ് പി. എം പി മോഹനചന്ദ്രന്‍, തിരൂര്‍ സി ഐ. എം കെ ഷാജി, താനൂര്‍ സി ഐ അലവി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.