Connect with us

Articles

ബാപ്പു മുസ്‌ലിയാര്‍: സ്‌നേഹത്തിന്റെ സാഹിത്യകാരന്‍; വിനയത്തിന്റെയും

Published

|

Last Updated

കാലങ്ങളുടെയും ദേശങ്ങളുടെയും അതിരുകള്‍ക്കപ്പുറത്തേക്ക് കുതറിയോടി എന്നും എവിടെയും അതിജയിച്ചു നില്‍ക്കാന്‍ കെല്‍പ്പുള്ള കവിതകള്‍ പ്രദാനം ചെയ്ത് കേരളീയ അറബി സാഹിത്യത്തെ സമ്പന്നമാക്കിയ സര്‍ഗപ്രതിഭയായിരുന്നു തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാര്‍. മഹാന്‍ നമ്മോട് വിട പറഞ്ഞിട്ട് മൂന്നാണ്ട് തികയുകയാണ്. പ്രവാചക പ്രകീര്‍ത്തനങ്ങള്‍, സാത്വികരുടെ അപദാനങ്ങള്‍, അനുശോചന കാവ്യങ്ങള്‍, ആശംസാഗാനങ്ങള്‍, പ്രാര്‍ഥനാഗീതങ്ങള്‍, കത്തുകള്‍, ഫലിതങ്ങള്‍, സ്വാഗത ഗാനങ്ങള്‍, തഖ്മീസുകള്‍, തവസ്സുല്‍ ബൈത്തുകള്‍, മൗലിദുകള്‍ എന്നിങ്ങനെ അവ ഒഴുകിപ്പരന്നു.

സ്വന്തം സാമ്രാജ്യത്തില്‍ സ്വര്‍ഗം പണിത് മനുഷ്യരെ അറിയാതെ പുസ്തകപ്പുഴുവായി ജീവിച്ച അന്തര്‍മുഖനായ സാഹിത്യകാരനായിരുന്നില്ല ബാപ്പു ഉസ്താദ്. അദമ്യമായ സ്‌നേഹവും വിസ്മയകരമായ വിനയവും സരസമായ തമാശകളും സമൃദ്ധമായ സദ്യയും പരന്ന ജ്ഞാനവും കൊണ്ട് വിശാലമായ സ്‌നേഹവലയം സൃഷ്ടിച്ച സര്‍ഗ പ്രതിഭയായ പണ്ഡിത ജ്യോതിസ്സായിരുന്നു. മുതഅല്ലിമുകളോട് ഏറെ പിരിശമായിരുന്നു. വിശിഷ്യാ ശിഷ്യന്മാരോട്. എപ്പോഴും ആരെങ്കിലുമൊക്കെ വീട്ടിലുണ്ടാകും. മസ്അലകള്‍ പറഞ്ഞും ബൈത്തുകള്‍ ചൊല്ലിയും കവിതകളുണ്ടാക്കിയും കിതാബുകള്‍ ചര്‍ച്ച ചെയ്തും ആ സൗഹൃദ കൂട്ടായ്മ വളര്‍ന്നു വികസിച്ചു. കൂടുതല്‍ വാചാലനായില്ല. ജാഡകള്‍ തീരെയില്ല, ഗിരിപ്രഭാഷണങ്ങളറിയില്ല, മുന്‍നിരകളിലേക്ക് വന്നില്ല, ഒളിഞ്ഞിരുന്ന് വിപ്ലവം സൃഷ്ടിച്ചു.

പ്രവാചക പുംഗവരോടുള്ള അദമ്യമായ ഇശ്ഖില്‍ നിന്ന് നാമ്പെടുത്ത കവിതകളാണ് ഈ പണ്ഡിതകവിയുടെ രചനകളിലേറെയും. ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടവ തഖ്മീസുകളാണ്. മദ്ഹബിന്റെ ഇമാം കൂടിയായ അബൂ ഹനീഫ(റ)വിന്റെ വിശ്രുതമായ അല്‍ഖസീദതുന്നുഅ്മാനിയ്യക്ക് ഉസ്താദ് രചിച്ച തഖ്മീസുകളെ ഒരാവര്‍ത്തി വായിച്ച ആരും വിസ്മയകരമായ ഈ പ്രതിഭാത്വത്തെ അറിയാതെ അഭിനന്ദിക്കും. സവിശേഷമാര്‍ന്ന വികാര ഭാവ പ്രകടനങ്ങളിലൂടെയും ഭാഷാപ്രയോഗങ്ങളുടെയും നൂറ്റാണ്ടുകള്‍ക്കപ്പുറം ജീവിച്ച ഒരു ലോകോത്തര പ്രതിഭയോട് താദാത്മ്യപ്പെടുന്നു. ആസ്വാദകര്‍ക്ക് ഇവിടെ രണ്ട് കവികള്‍ക്കിടയിലെ അന്തരങ്ങളെ വായിക്കാന്‍ കഴിയില്ല. പലരും ഈ കഴിവില്‍ അത്ഭുതം കൂറിയിട്ടുണ്ട്. തന്റെ ഗുരുവായ ഒ കെ ഉസ്താദ് പോലും. ഈ കവിതകളില്‍ ആശയ ഗാംഭീര്യം മാത്രമല്ല; അതിന്റെ ശൈലിയും സംഗീതാത്മകതയും പ്രാസവും ആസ്വാദകനെ ത്രസിപ്പിക്കുന്നു. സംവേദനത്തിന്റെ ശക്തി, വികാര തീവ്രത, പ്രമേയങ്ങളുടെ പ്രസക്തി, പദങ്ങളുടെ കൃത്യതയും സ്വാഭാവികതയുമെല്ലാം ബാപ്പു ഉസ്താദിന്റെ കവിതകളെ ജ്വലിപ്പിച്ച് നിര്‍ത്തുന്നുവെന്ന് പറയാം.

വിശ്രുതനായ താനൂര്‍ അബ്ദുര്‍റഹ്മാന്‍ ശൈഖിന്റെ മകന്‍ മുഹമ്മദ് മുസ്‌ലിയാരുടെ പുത്രന്‍ അബ്ദുര്‍റഹ്മാന്‍ എന്ന ബാവ മുസ്‌ലിയാരുടെ മകനായി 1933ലാണ് മുഹമ്മദ് എന്ന ബാപ്പു മുസ്‌ലിയാര്‍ ജനിച്ചത്. തിരൂരങ്ങാടിയില്‍ തന്നെയാണ് ഉസ്താദിന്റെ പ്രാഥമിക വിദ്യാഭ്യാസം. പ്രഥമ ഉസ്താദ് തെയ്യില്‍ അബ്ദുല്ല മുസ്‌ലിയാരാണ്. പിന്നീട് നടുവിലെ പള്ളിയില്‍ വെച്ച് പത്ത്കിതാബ് ഓതി. വലിയ പള്ളിയില്‍ വെച്ചാണ് അല്‍ഫിയ ഓതിയത്. കൂടാതെ പരപ്പനങ്ങാടി, ചാലിയം, തലക്കടത്തൂര്‍, വെല്ലൂര്‍ ബാഖിയാത്ത് എന്നിവിടങ്ങളിലും അധ്യയനം നടത്തി. ഇമ്പിച്ചാലി മുസ്‌ലിയാര്‍, നിറമരുതൂര്‍ ബീരാന്‍കുട്ടി മുസ്‌ലിയാര്‍, കാടേരി മുഹമ്മദ് മുസ്‌ലിയാര്‍, കരിങ്കപ്പാറ മുഹമ്മദ് മുസ്‌ലിയാര്‍, കൊയപ്പ കുഞ്ഞായി മുസ്‌ലിയാര്‍, കോട്ടുമല ഉസ്താദ്, ഒ കെ ഉസ്താദ്, ശൈഖ് ആദം ഹസ്‌റത്ത്, ശൈഖ് ഹസന്‍ ഹസ്‌റത്ത് എന്നിവരാണ് പ്രധാന ഉസ്താദുമാര്‍. എ പി ഉസ്താദ്, കാപ്പാട് ഇബ്‌റാഹീം മുസ്‌ലിയാര്‍ എന്നിവര്‍ കൂട്ടുകാരില്‍ പ്രമുഖരാണ്. കണ്ണൂരിലെ പുതിയങ്ങാടി, വൈലത്തൂര്‍ ചെലവില്‍, കരുവന്‍ തുരുത്തി, മൂന്നൂര്‍, ചെറുവന്നൂര്‍, കുണ്ടൂര്‍, തലക്കടത്തൂര്‍ എന്നിവടങ്ങളില്‍ ദര്‍സ് നടത്തി. നൂറുല്‍ ഹുദാ അറബിക് കോളജ്, വലിയോറ ദാറുല്‍ മആരിഫ് എന്നിവിടങ്ങളില്‍ പ്രിന്‍സിപ്പലായി സേവനം ചെയ്തു. അരീക്കോട് മജ്മഇലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശിഷ്യന്‍മാരുടെ മഹാനിരയുണ്ട് ഉസ്താദിന്. വൈലത്തൂര്‍ ബാവ ഉസ്താദാണ് പ്രധാന ശിഷ്യന്‍.

മഖ്ദൂം അവാര്‍ഡ്, ഇമാം ഗസ്സാലി അവാര്‍ഡ്, എസ് വൈ എസ് മലപ്പുറം ജില്ലാ കമ്മിറ്റിയും എസ് എസ് എഫ് ഡോട്ട്‌കോം കമ്മിറ്റിയും സംയുക്തമായി ഏര്‍പ്പെടുത്തിയ ഇമാം ബൂസ്വൂരി അവാര്‍ഡ്, അറബിക്ക് ലാംഗ്വേജ് ഇംപ്രൂവ്‌മെന്റ് ഫോറത്തിന്റെ (അലിഫ്) ഡോ. അബ്ദു യമാനി സ്മാരക പ്രഥമ അവാര്‍ഡ് തുടങ്ങി പത്തോളം അവാര്‍ഡുകള്‍ നേടിയ ഉസ്താദിന്റെ കവിതകളെ കുറിച്ച് ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി, ഹൈദരാബാദിലെ ഇ എഫ് എല്‍ യൂനിവേഴ്‌സിറ്റി എന്നീ ദേശീയ സര്‍വകലാശാലകളില്‍ ഇതിനകം ഗവേഷണം നടന്നു കഴിഞ്ഞു. ഇന്‍ഡോ അറബിക്ക് ലിറ്ററേച്ചറില്‍ പഠനം അര്‍ഹിക്കുന്ന കവിയായി അബുല്‍ ഫള്ല്‍ തിരന്‍ഖാലി അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. നിമിഷ കവിയായിരുന്ന ഉസ്താദിന്റെ രചനകള്‍ കാച്ചിക്കുറുക്കിയ കാവ്യ സ്വരൂപങ്ങള്‍ക്കപ്പുറം സര്‍ഗ ചോദനയിലാണ്ട ആത്മാവിന്റെ സഹജമായ ആത്മപ്രകാശനങ്ങളാണ്. വിഷയങ്ങളുടെയും പ്രമേയങ്ങളുടെയും രുചിഭേദങ്ങള്‍ക്കനുസൃതമായ വീര്യവും ഓജസ്സും ആ കവിതകളില്‍ സജീവമാകും. നാല്‍പ്പത് വര്‍ഷത്തിലേറെ നീണ്ട തദ്‌രീസി (ഇസ്‌ലാമികാധ്യാപനം)നു മീതെ നിറം ചാര്‍ത്തുന്ന ഒരു മഴവില്‍ഗോപുരമായി ആ കവിതകള്‍ ഉയര്‍ന്നു നില്‍ക്കുന്നത് അത്‌കൊണ്ടാണ്.

അല്ലാഹ്… അവിടുത്തെ ആത്മാവിന് നീ ശാന്തി പകരേണമേ..സന്തോഷം നല്‍കേണമേ…