Connect with us

Articles

ശുദ്ധജലം കാക്കുന്ന കണ്ടല്‍

Published

|

Last Updated

മാനവരാശിയുടെ നിലനില്‍പ്പിന് അനിവാര്യമായ സവിശേഷ പാരിസ്ഥിതിവ്യൂഹങ്ങളാണ് കണ്ടല്‍ക്കാടുകള്‍ എന്ന അവബോധം വളരാന്‍ തുടങ്ങിയിട്ട് അധികവര്‍ഷങ്ങളായിട്ടില്ല. സസ്യലോകത്ത് തന്നെ അത്ഭുതപ്രതിഭാസമായാണ് കണ്ടല്‍മരങ്ങളെ പരിഗണിച്ചുപോരുന്നത്. ഇവ വളരുന്നത് തികച്ചും പ്രതികൂലമായ കാലാവസ്ഥയിലാണെന്നതാണ് അതിനുള്ള കാരണം. ഏറ്റയിറക്കങ്ങള്‍ മൂലം നിമിഷംപ്രതി മാറിക്കൊണ്ടിരിക്കുന്ന രാസ, ഭൗതിക പരിസരങ്ങളിലും ഉയര്‍ന്ന താപനിലയിലും നിവര്‍ന്ന് തലയുയര്‍ത്തി നില്‍ക്കുന്ന കണ്ടല്‍മരങ്ങള്‍ ഏറ്റവും വലിയ ശുദ്ധജലസംരക്ഷണ ഉപാധിയാണെന്ന് നിസ്സംശയം പറയാം. ദാഹിച്ചുവരുന്ന പഥികന് കണ്ടല്‍മരം വേരറുത്താല്‍ ശുദ്ധജലം ലഭിക്കുമെന്ന പഴമൊഴി കണ്ടലിന്റെ പ്രാധാന്യം നമ്മുടെ എത്രയോ തലമുറക്കു മുമ്പുള്ളവര്‍ മനസ്സിലാക്കിയിട്ടുണ്ടെന്നതിനെയാണ് ചൂണ്ടിക്കാട്ടുന്നത്. പുഴയും കരയും ചേരുന്നയിടത്തുള്ള ഉപ്പുകലര്‍ന്ന വെള്ളത്തില്‍ വളരുന്ന ഇത്തരം ചെടികള്‍ നിര്‍വ ഹിക്കുന്ന പ്രധാന ദൗത്യങ്ങളിലൊന്ന് ശുദ്ധജല സംരക്ഷണം തന്നെയാണ്. വേലിയേറ്റസമയത്ത് ജലാവൃതമായും വേലിയിറക്ക സമയത്ത് അനാവൃതമായും അന്തരീക്ഷവുമായി ബന്ധപ്പെടുന്ന തണ്ണീര്‍ത്തടങ്ങളിലെ ചതുപ്പ് നിലങ്ങളാണ് കണ്ടല്‍ക്കാടുകളുടെ ആസ്ഥാനം. വലിയ തിരമാലകളുടെ ശല്യമില്ലാത്ത ഈ മേഖലയില്‍ നദികളില്‍ നിന്നും ഒഴുകിയെത്തുന്ന ഫലഭൂയിഷഠമായ ഏക്കല്‍ മണ്ണും കടലില്‍നിന്നും വേലിയേറ്റത്തില്‍ കയറിയെത്തുന്ന ധാതുലവണങ്ങളും മറ്റു പോഷകവസ്തുക്കളുമാണ് കണ്ടല്‍ക്കാടുകളെ ജീവോത്പാദനത്തിന്റെ ഏറ്റവും മികച്ച ആവാസ വ്യവസ്ഥകളിലൊന്നാക്കുന്നത്. പ്രകൃതിദത്തമായ വന്‍മതിലുപോലെ തീരപ്രദേശത്തെ വെള്ളപ്പൊക്കത്തില്‍ നിന്നും കരയിടിച്ചിലില്‍നിന്നും സംരക്ഷിക്കുന്ന കണ്ടലുകള്‍ കരയിലേക്ക് ഉപ്പിന്റെ അംശം അരിച്ചിറങ്ങാതെ ഓരു ജലവും ശുദ്ധജലവും തമ്മിലുള്ള സന്തുലനം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. അധികരിച്ച ഉപ്പിനെ പുറന്തള്ളാനുള്ള ലവണതിരസ്‌കരണ സംവിധാനങ്ങള്‍, ജലനഷ്ടം ലഘൂകരിക്കാനുള്ള ആവരണങ്ങളണിഞ്ഞ ഇലകള്‍ എന്നിവയെല്ലാം കണ്ടല്‍മരങ്ങളുടെ മാത്രം പ്രത്യേകതയാണ്. മൂന്നു കുടുംബങ്ങളിലായി 59 ജാതി കണ്ടല്‍ച്ചെടികളുണ്ട്. ഇതില്‍ 14 എണ്ണമാണ് കേരളത്തില്‍ കണ്ടുവരുന്നത്.

ഉപ്പട്ടിയും പിരാന്തന്‍ കണ്ടലും

ഉപ്പ ് “ഊറ്റി”ക്കളയുന്ന ഉപ്പട്ടി പോലുള്ള കണ്ടല്‍ ഇനത്തിന്റെയൊക്കെ ജീവിതം നിരീക്ഷിക്കുമ്പോഴാണ് ഇത്തരം സസ്യങ്ങള്‍ ഭൂമിക്കു വേണ്ടി ചെയ്യുന്ന സേവനങ്ങളുടെ മാഹാത്മ്യം മനസ്സിലാകുക. ഒട്ടുമിക്ക അഴിമുഖങ്ങളിലും വലിയ മരമായി നില്‍ക്കുന്നവയാണ് ഉപ്പട്ടി കണ്ടല്‍. ഈ ചെടിയുടെ ഇലകളിലെ പ്രത്യേകതരം കോശസംവിധാനം ഉപ്പിനെ ഊറ്റിയെടുത്ത് ഇലകളിലൂടെ പുറന്തള്ളുന്നതിന് സഹായിക്കുന്നു. പുഴവെള്ളത്തിലെ ഉപ്പിന്റെ അംശം കരയിലേക്ക് കയറാതെ സംരക്ഷിച്ചാണ് ഉപ്പട്ടി ശുദ്ധജലത്തിന്റെ കാവല്‍ക്കാരനും സംരക്ഷകനുമാകുന്നത്. ഇവയുടെ പ്രത്യേകതരം വേരുകള്‍ മേല്‍പ്പോട്ടാണ് വളരുക. പുഴക്കരയിലെ ചതുപ്പ് നിലങ്ങളില്‍ കൊച്ചു പൂന്തോട്ടം പോലെ വളരുന്ന ഇത്തരം ശ്വസനവേരുകള്‍ക്കിടയിലാണ് ചെമ്മീനുകളും ഞണ്ടുകളുമെല്ലാം പ്രജനന കേന്ദ്രങ്ങളൊരുക്കുക. വളഞ്ഞു പുളഞ്ഞ വേരുകള്‍ കൊണ്ട് മണ്ണിനെ പിടിച്ചുനിര്‍ത്തുന്ന, വെള്ളം സംരക്ഷിച്ചു നിര്‍ത്തുന്ന കണ്ണാമ്പൊട്ടിയാണ് ജലസംരക്ഷണകനായ മറ്റൊരു കണ്ടല്‍ മരം. കണ്ടല്‍ക്കാടുകളുടെ രണ്ടാമത്തെ നിരയില്‍പ്പെടുന്നതാണ് കണ്ണാമ്പൊട്ടി. ഇന്ത്യ, ശ്രീലങ്ക, മലേഷ്യ, വടക്കെ ആഫ്രിക്ക തുടങ്ങിയിടങ്ങളിലെല്ലാം കണ്ടുവരുന്ന കണ്ണാമ്പൊട്ടിയുടെ കമ്പില്‍ നിന്നും ഊറിവരുന്ന പാല്‍പോലുള്ള ദ്രാവകം ഔഷധ ഗുണമുള്ളതായി കണക്കാക്കപ്പെടുന്നുണ്ട്. ചതുപ്പില്‍ മരത്തിനു ചുറ്റും ശ്വസന വേരുകളുള്ള ബ്ലാത്തിക്കണ്ടല്‍ അഥവാ ചക്കരക്കണ്ടല്‍ എന്ന ചെടിയും നീര്‍ത്തടങ്ങളിലെ ജലസംരക്ഷണത്തില്‍ പ്രധാന പങ്ക് വഹിക്കുന്നു. ആറു മുതല്‍ എട്ട് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഒരു ബ്ലാത്തിക്കണ്ടലിന്റെ ചുറ്റും 250 മുതല്‍ 400 വരെ ശ്വസന വേരുകള്‍ കാണാനാകും. ചക്കരക്കണ്ടല്‍ പൊതുവേ കണ്ടല്‍ക്കാടുകളുടെ എണ്ണത്തില്‍ കുറവാണെങ്കിലും വടക്കേ മലബാറില്‍ ചിലസ്ഥലങ്ങളില്‍ ധാരാളമായി കാണുന്നുണ്ട്. പഴയങ്ങാടി പുഴയിലെ തെക്കുമ്പാട് ദ്വീപിലും തലശ്ശേരിയിലും കോഴിക്കോടും കണ്ടുവരുന്നു. ഒരു കൊച്ച് ആല്‍മരം പോലെ ചതുപ്പില്‍ താഴ്‌വേരുകള്‍ ആഴ്ന്നിറങ്ങി വളര്‍ന്നുനില്‍ക്കുന്ന മറ്റൊരു കണ്ടല്‍ ഇനമാണ് പീക്കണ്ടല്‍ അഥവാ പിരാന്തന്‍ കണ്ടല്‍.15 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഇവ തീരദേശത്തിന്റെ സംരക്ഷണത്തിന് ഏറ്റവും വലിയ സംഭാവന നല്‍കുന്നു. ഇടതൂര്‍ന്നു നില്‍ക്കുന്ന ഇലച്ചാര്‍ത്തും കൂട്ടംകൂടി ഒരു കുട പോലെ വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന താഴ്‌വേരുകളും കരയിടിച്ചിലിനെ തടയുകയും കാറ്റിനെ പ്രതിരോധിക്കുകയും ചെയ്യുന്നു. പൂര്‍ണ വളര്‍ച്ചയെത്തിയ വിത്തുകള്‍ കായ്ക്കുള്ളില്‍ നിന്നു തന്നെ മുളക്കും. മഴക്കാലം തുടങ്ങുന്നതോടെ വെള്ളത്തിലേക്ക് വിത്തുകള്‍ കുത്തനെ വീഴും. ചെളിയില്‍ തറച്ചു നില്‍ക്കുന്ന ഇവ അവിടെ തന്നെയാണ് വേരുറപ്പിച്ച് വളരുക. ഉപ്പിന്റെ ഗാഢത എത്ര കൂടിയാലും നിലനില്‍ക്കുവാനുള്ള കഴിവ് ഈ കണ്ടല്‍ച്ചെടിക്കുണ്ട്. ഒരു വന്‍മതില്‍ പോലെ തീരപ്രദേശത്തെ സംരക്ഷിക്കാനും ചുഴലിക്കാറ്റില്‍ നിന്നും പേമാരിയില്‍ നിന്നും കടലോര പ്രദേശത്തെ സംരക്ഷിക്കാനും പിരാന്തന്‍ കണ്ടലിന്റെ കൂട്ടങ്ങള്‍ സഹായിക്കുന്നു.

ഉഷ്ണമേഖലാ പ്രദേശത്ത് പിടിക്കപ്പെടുന്ന മത്സ്യസമ്പത്തിന്റെ 75 ശതമാനവും നിലനില്‍പ്പിനായി നേരിട്ടും അല്ലാതെയും കണ്ടല്‍ക്കാടുകളെ ആശ്രയിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. അനേകജാതി മത്സ്യങ്ങളും ചെമ്മീനുകളും ഞണ്ടുകളും കക്കകളും ചിപ്പികളും അവയുടെ ആഹാരാവശ്യങ്ങള്‍ക്കായും സുരക്ഷിതമായ പ്രജനനതാവളങ്ങളായും കണ്ടല്‍ പരിസ്ഥിതിയെ പ്രയോജനപ്പെടുത്തുന്നുണ്ട്. കണ്ടല്‍ വനങ്ങള്‍ ജൈവവൈവിധ്യ കലവറയാണെന്നു പറയാം. വള്ളികളും അടിക്കാടും ഇവയുടെ പ്രത്യേകതയാണ്. സൂര്യതുഷാരം പോലെയുള്ള ഇരപിടിയന്‍ ചെടികളും ഈ കാടിനുള്ളില്‍ സാധാരണമാണ്. നീര്‍നായ്ക്കളും വിവിധയിനം ഉരഗങ്ങളും കണ്ടല്‍കാടുകളില്‍ സസുഖം വാഴുന്നു. ദേശാടനത്തിനായി എത്തുന്ന കൊക്കുവര്‍ഗത്തില്‍ പെടുന്ന പക്ഷികളില്‍ മിക്കതും പ്രജനനത്തിനായി കണ്ടല്‍വനങ്ങള്‍ തിരഞ്ഞെടുക്കുന്നു. കണ്ടല്‍ മരങ്ങളുടെ വേരുപടലം നാനാജാതി സൂക്ഷ്മ ജീവികളുടേയും മത്സ്യങ്ങളുടെയും പ്രജനന കേന്ദ്രവും ആവാസ കേന്ദ്രവുമാണ്. ഉഷ്ണമേഖലാ മഴക്കാടുകളോട് കിട നില്‍ക്കുന്ന ആവാസവ്യവസ്ഥയായാണ് കണ്ടല്‍വനങ്ങളെ ശാസ്ത്രം വിലയിരുത്തുന്നത്. മഴക്കാടുകള്‍ ഹെക്ടറൊന്നിന് 50-80 ടണ്‍ വരെ ജീവോത്പാദനം നടത്താന്‍ ശക്തമാണെങ്കില്‍ 29-75 ടണ്‍ വരെ ഉത്പാദിപ്പിക്കാനുള്ള ശേഷി കണ്ടല്‍ക്കാടുകള്‍ക്കുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇതെല്ലാം ചൂണ്ടിക്കാട്ടുന്നത് ഭൂമിയില്‍ കണ്ടലുകളുടെ പ്രാധാന്യത്തോളം വലിയൊരു ജൈവവ്യവസ്ഥയില്ലെന്ന് തന്നെയാണ്. 40 വര്‍ഷം മുന്‍പ് വരെ കേരളത്തില്‍ 700 ചതുരശ്ര കിലോമീറ്ററില്‍ കുറയാത്ത പ്രദേശത്ത് കണ്ടലുകള്‍ വളര്‍ന്നിരുന്നു. ഇന്ന് ഏകദേശം 17 ചതുരശ്ര കി.മീറ്ററില്‍ താഴെയേ കണ്ടലുകള്‍ കാണപ്പെടുന്നുള്ളൂ. കണ്ണൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കണ്ടല്‍ കാടുകളുള്ളത്. എറണാകുളം, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലും കണ്ടല്‍ച്ചെടികളുണ്ട്. ശുദ്ധജലത്തില്‍ വളരുന്നവയും ഉപ്പുരസം കലര്‍ന്ന ജലത്തില്‍ കാണപ്പെടുന്നവയുമായ ഇനങ്ങളില്‍ ഭൂരിഭാഗവും നാശത്തിന്റെ വക്കിലാണെന്ന് സര്‍ക്കാര്‍ തന്നെ പറയുന്നു. ഇവ പുതിയതായി വെച്ചുപിടിപ്പിക്കുക ദുഷ്‌കരമെന്നിരിക്കെ ഉളളവ നിലനിര്‍ത്താനാണ് ശ്രമിക്കേണ്ടത്.

പൊക്കുടന്റെ വഴിയേ സനോജും രാജനും

സ്‌കൂളില്‍ പഠിക്കവേ കണ്ടല്‍ നട്ടുപിടിപ്പിക്കാനിറങ്ങിയ വിദ്യാര്‍ഥിയായ സനോജും പഴയങ്ങാടിയിലെ മത്സ്യത്തൊഴിലാളിയായ പാറയില്‍ രാജനും ഇപ്പോഴും കണ്ടല്‍ സംരക്ഷണത്തിന്റെ പാതയില്‍ ഉറച്ചു നില്‍പ്പുണ്ട്. കണ്ടല്‍ സംരക്ഷകനായ പഴയങ്ങാടിയിലെ അന്തരിച്ച കല്ലേന്‍ പൊക്കുടന്റെ അയല്‍നാട്ടുകാരായ ഇരുവരും നേരത്തെ തന്നെ കണ്ടല്‍ സംരക്ഷണ പ്രവൃത്തിയില്‍ പേരെടുത്തിരുന്നു. പഴയങ്ങാടിയിലും ചെറുകുന്ന് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലും മത്സ്യത്തൊഴിലാളിയായ രാജന്‍ നട്ടുവളര്‍ത്തിയ കണ്ടലുകള്‍ ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. ചെറുകുന്ന് പഞ്ചായത്തിലെ പുഴയോരങ്ങളില്‍ ഏക്കര്‍ കണക്കിന് കണ്ടല്‍കാടുകള്‍ രാജന്റെ സംഭാവനയായിട്ടുണ്ട്. മാട്ടൂല്‍ പുഴയുടെ ഓരങ്ങളിലും ചെറുകുന്നിലെ തണ്ണീര്‍ത്തട ശേഖരങ്ങളിലും രാജന്‍ നട്ടുപിടിപ്പിച്ച കണ്ടലുകള്‍ തീരത്തിന് കാവലാളായിട്ടുണ്ട്. മത്സ്യത്തൊഴിലാളിയായ രാജന്‍ തന്റെ തോണി തുഴഞ്ഞെത്തുന്നിടത്തെല്ലാം കണ്ടലുകള്‍ നട്ടിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ നിന്നും വിത്തുകള്‍ ശേഖരിച്ചാണ് കണ്ടല്‍ ചെടി നടുന്നത്. ഗള്‍ഫ് തീരങ്ങളില്‍ തണലും തണുപ്പും നിറക്കാന്‍ ഇനി കേരളത്തിന്റെ സ്വന്തം കണ്ടലെത്തിക്കാനും രാജന് നിയോഗമുണ്ടായി. പ്രകൃതിദത്തമായ വന്‍മതിലുപോലെ ഉയര്‍ന്നുനിന്ന് വെള്ളപ്പൊക്കത്തിനെയും കൊടുങ്കാറ്റിനെയും തടഞ്ഞുനിര്‍ത്തുന്ന കണ്ടല്‍ക്കാടുകളുടെ മഹാത്മ്യം കേട്ടും കണ്ടുമറിഞ്ഞ വിദേശികളാണ് കണ്ടലിന്റെ പച്ചപ്പ് തേടി രാജന്റെ പക്കലെത്തിയത്.

വായിച്ചും കേട്ടുമറിഞ്ഞതിനപ്പുറം കണ്ടലിന്റെ ഗുണം അനുഭവിച്ചറിഞ്ഞ് 2009 സെപ്തംബറില്‍ ചെറുകുന്നിലെ സനോജ് തുടങ്ങിയ കണ്ടല്‍ യഞ്ജം ഇപ്പോഴും തുടരുന്നുണ്ട്. സ്‌കൂള്‍ വിട്ട് വീട്ടിലെത്തിയ ശേഷം അച്ഛന്റെ തോണിയുമായി നീര്‍ത്തടത്തിലേക്കിറങ്ങിയാണ് സനോജ് കണ്ടല്‍ നട്ടുതുടങ്ങിയിരുന്നത്. തഴക്കംവന്നൊരു തോണിക്കാരനെപ്പോലെ പുഴയിലൂടെ തുഴഞ്ഞുചെന്നു പലയിടത്തുനിന്നായി കണ്ടല്‍ത്തൈകള്‍ ശേഖരിക്കും. വീട്ടിനടുത്ത് ഒരിടത്തു കൂട്ടിവയ്ക്കുന്ന ഈ തൈകളുമായി ഒഴിവുദിവസങ്ങളില്‍ വീണ്ടും തോണിയേറും. തുഴഞ്ഞുതുഴഞ്ഞ്, പുഴയോരത്ത് കണ്ടലുകള്‍ കുറഞ്ഞ ഭാഗം കണ്ടെത്തി അവിടെ തൈകള്‍ നടും. ആയിരത്തിലേറെ കണ്ടല്‍ത്തൈകളാണ് സനോജ് ഇങ്ങനെ നട്ടുപിടിപ്പിച്ചത്. ആദ്യകാലത്ത് നട്ടവയിലേറെയും ഇപ്പോള്‍ സനോജിനേക്കാള്‍ ഉയരത്തില്‍ വളര്‍ന്നുകഴിഞ്ഞു. ഒരു നിയോഗം പോലെ ഇപ്പോഴും അത് തുടരുന്നു.

നഗരമേഖലയില്‍ മഴക്കാലം സവിശേഷമായ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുക. അത് വിശകലനം ചെയ്യാനുള്ള വഴി കൊച്ചിയിലെ മഴക്കാലമാണ്. അതേക്കുറിച്ച് നാളെ

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി

Latest