Connect with us

International

ഇസിലിന്റെ അഫ്ഗാന്‍ ശാഖയെ തകര്‍ക്കാന്‍ യു എസ് നീക്കം

Published

|

Last Updated

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലെ ഇസില്‍ തീവ്രവാദികളെയും അവരുടെ നേതാക്കളെയും ലക്ഷ്യമിട്ട് വന്‍ ബോംബ് വര്‍ഷിച്ചതിന് പിറകെ ഇസിലിന്റെ അഫ്ഗാന്‍ ശാഖയെ തുടച്ചുനീക്കുന്നതിന് അമേരിക്കന്‍ സേന ഒരുക്കം തുടങ്ങി. 2001 മുതല്‍ അമേരിക്കയും അഫ്ഗാന്‍ സര്‍ക്കാര്‍ സേനയും പ്രധാനമായും പോരാട്ടം നടത്തിയിരുന്നത് താലിബാന്‍ തീവ്രവാദികളോടായിരുന്നു. എന്നാല്‍ ഇനിയുള്ള പോരാട്ടം പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനില്‍ പിടിമുറുക്കിയിട്ടുള്ള ഇസില്‍ ശാഖയായ “ഇസിസ്‌കെ”യോടായിരിക്കും. 2015ല്‍ പിറവിയെടുത്ത ഇസിസ്‌കെ പാക്കിസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന നഗര്‍ഹാര്‍, കുനാര്‍ പ്രവിശ്യകളില്‍ പിടിമുറുക്കിയിരിക്കുകയാണ്.

താലിബാന് എതിരായ പോരാട്ടത്തില്‍ അഫ്ഗാന്‍ സംഘര്‍ഷത്തില്‍ ഇസിസ്‌കെയുടെ പങ്കാളിത്തം മറനീക്കി പുറത്തുവന്നിരുന്നില്ല. കഴിഞ്ഞ മാസം ബോംബുകളുടെ മാതാവെന്ന് പേരുള്ള ഭീമന്‍ ബോംബ് അമേരിക്ക ഐസിസ് -കെ യെ ലക്ഷ്യമിട്ട് വര്‍ഷിച്ചപ്പോഴാണ് പല അമേരിക്കക്കാരും ഈ സംഘടനയെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നത് തന്നെ . പോരാട്ടത്തില്‍ അമേരിക്ക ഉപയോഗിച്ച ഏറ്റവും വലിയ ആണവേതര ആയുധമാണ് ഈ ബോംബെന്ന് പെന്റഗണ്‍ വ്യക്തമാക്കിയിരുന്നു.
ബോംബ് വര്‍ഷിച്ചതിന് തൊട്ടടുത്ത സ്ഥലത്ത് നടത്തിയ സൈനിക നടപടിക്കിടെ ഐസിസ്-കെ നേതാവ് അബ്ദുല്‍ ഹാസിബിനെ വധിച്ചതായും പെന്റഗണ്‍ പറഞ്ഞിരുന്നു. രാജ്യത്ത് 2,500 മുതല്‍ 3000വരെ ഇസില്‍ തീവ്രവാദികളുണ്ടായിരുന്നത് 800 ആയി കുറഞ്ഞുവെന്നും ഇവരെ പൂര്‍ണമായും ഇല്ലാതാക്കാന്‍ ഈ വര്‍ഷത്തോടെ സാധ്യമാകുമെന്നും പെന്റഗണ്‍ വ്യക്തമാക്കി.