Connect with us

Gulf

പ്രവാസി പെന്‍ഷന്‍ 2000 രൂപ; നോര്‍കക്ക് 61 കോടി

Published

|

Last Updated

ദോഹ: ഹൈലൈറ്റുകള്‍ ചോര്‍ന്നുവെന്ന വിവാദത്തില്‍ മുങ്ങിയ സംസ്ഥാന ബജറ്റിലെ ധനാഗമന മാര്‍ഗത്തിലെ ഹൈലൈറ്റ് പ്രവാസികള്‍. കേരളത്തിലെ മലയോര, തീരദേശ റോഡുകളുടെ വിസനത്തിനു തുക കണ്ടെത്തുന്നതിനായി കെ എസ് എഫ് ഇ ചിട്ടികളിലൂടെ ഏതാനും വര്‍ഷങ്ങള്‍ക്കകം 12,000 കോടി രൂപ കണ്ടെത്തുമെന്നാണ് ബജറ്റ് പ്രഖ്യാപനം. നേര്‍കക്ക് 61 കോടി രൂപ നീക്കി വെച്ചിട്ടുണ്ട്. പ്രവാസിക്ഷേമ പെന്‍ഷന്‍ ആയിരം രൂപയില്‍നിന്ന് 2000 രൂപയാക്കി ഉയര്‍ത്തി. പ്രവാസി ആശ്വാസത്തിനായി 13 കോടിയും തിരിച്ചെത്തുന്നവരുടെ പുനരധിവാസത്തിനും നൈപുണി വികസനത്തിനും 18 കോടി രൂപയും വകയിരുത്തിയ ബജറ്റ് ലോക കേരള സഭ എന്ന ആശയവും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രാവാസി വകുപ്പായ നോര്‍കയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയ 61 കോടി രൂപ സംസ്ഥാന ചരിത്രത്തില്‍ നോര്‍കക്ക് നീക്കി വെക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വിശേഷിപ്പിക്കുന്നു. നോര്‍കയുടെ വികസനത്തിനായി സര്‍ക്കാറും നോര്‍ക ഡയറക്ടര്‍ ബോര്‍ഡും ആസൂത്രണം ചെയ്യുന്ന വിവിധ പദ്ധതികള്‍ തടസം കൂടാതെ നടപ്പിലാക്കുന്നതിന് ധനവിഹിതം സഹായകമാകുമെന്നാണ് വിയിരുത്തല്‍. ഇതുകൂടാതെയാണ് ഗള്‍ഫു നാടുകളില്‍ നിന്നും തിരിച്ചെത്തുന്നവര്‍ക്ക് പുരനധിവാസ പദ്ധതികള്‍ ആവിഷികരിക്കുന്നതിനും സ്വയം തൊഴില്‍ ശേഷികള്‍ വികിപ്പിക്കുന്നതിനുമായി 18 കോടി രൂപ നീക്കി വെച്ചിരിക്കുന്നത്. ഒപ്പം ഗള്‍ഫില്‍ നിന്നു തിരിച്ചു വരാന്‍ നിര്‍ബന്ധിതരായവര്‍ക്ക് മരണം, വിവാഹം, അപകടം, ചികിത്സ തുടങ്ങിയ സാന്ത്വന പദ്ധതികള്‍ക്കായി 13 കോടി രൂപ വേറെയും വകയിരുത്തിയിരിക്കുന്നു.
പ്രവാസിക്ഷേമ പെന്‍ഷന്‍ 3000 രൂപയാക്കി ഉയര്‍ത്താന്‍ ആസൂത്രണബോര്‍ഡ് പ്രവാസികാര്യ വിഭാഗം ശിപാര്‍ശ ചെയ്തിരുന്നുവെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ കൂടി പശ്ചാത്തലത്തില്‍ 2000 രൂപയാക്കാനാണ് സര്‍ക്കാര്‍ സന്നദ്ധമായത്. എന്നാല്‍ ക്ഷേമ പദ്ധതിയില്‍ അംഗമായവര്‍ക്ക് അടക്കേണ്ട പ്രതിമാസ പ്രീമിയം 300 രൂപയില്‍ നിന്ന് ഉയര്‍ത്താന്‍ സര്‍ക്കാര്‍ സന്നദ്ധമായില്ല എന്നത് ആശ്വാസം പകരുന്നു. ക്ഷേമനിധിക്കായി ആറു കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.
പ്രാവാസികളുടെ കൃത്യമായ വിവരശേഖരണം നടത്തുന്നതിനായി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കിയാണ് വിവര ശേഖരണത്തിലേക്ക് പ്രവാസികളെ ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. അഞ്ചു കോടി രൂപ പദ്ധതിക്കായി വകയിരുത്തിയിട്ടുമുണ്ട്. എല്ലാ വിദേശ മലയാളികളും ചെലവു രഹിതമായ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുമെന്നു പ്രതീക്ഷിക്കുന്നതായി ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചുട്ടുണ്ട്.
പ്രവാസികള്‍ക്ക് നേരിട്ടു ലഭിക്കുന്ന ക്ഷേമ പദ്ധതിയല്ലെങ്കിലും നിക്ഷേപത്തെ പ്രോത്സാഹിപ്പിച്ചു കൊണ്ടാണ് കെ എസ് എഫ് ഇ ചിട്ടി ആരംഭിക്കുന്നത്. ഇതിനുള്ള തയാറെടുപ്പ് തുടങ്ങിക്കഴിഞ്ഞുവെന്നാണ് ധനമന്ത്രി അറിയിച്ചത്. നിക്ഷേപ സുരക്ഷിതത്വം നല്‍കുന്നതിനൊപ്പം നാടിന്റെ വികസനത്തില്‍ പങ്കു ചേരാനുള്ള അവസരം സൃഷ്ടിക്കുന്നതുമാണ് കെ എസ് എഫ് ഇ ചിട്ടിയിലൂടെ കിഫ്ബിയുടെ റോഡ് വികസനത്തിന് തുക കണ്ടെത്തുന്ന പദ്ധതിയെന്നാണ് വിശദീകരണം. ഓണ്‍ലൈനായി പണമടക്കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തുന്നു.
നോര്‍ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററിനും മാര്‍ക്കറ്റ് ഇന്റലിജന്‍സിനും റിക്രൂട്ട്‌മെന്റിനു മുമ്പും പിമ്പുമുള്ള സേവനങ്ങള്‍ ലക്ഷ്യമാക്കുന്നതിനുമായി 5.8 കോടി രൂപ കൂടി പ്രവാസി വിഭാഗത്തിനായി ബജറ്റില്‍ വക കൊള്ളിച്ചിട്ടുണ്ട്. ലോക കേരള സഭകൂടി ചേര്‍ത്താല്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് പ്രവാസി മലയാളികള്‍ കൂടുതല്‍ പരിഗണിക്കപ്പെടുകുയം തുക നീക്കിവെക്കപ്പെടുകയും ചെയ്ത ബജറ്റാണിതെന്ന് നീരീക്ഷിക്കപ്പെടുന്നു.

Latest