Connect with us

National

ഇപ്പോള്‍ ജീവിതം കൂടുതല്‍ സുന്ദരമെന്ന് മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയ്ക്ക് ഉണര്‍വ്വേകിയ മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ അധ്യാപക ജീവിതത്തിലേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണിപ്പോള്‍. ചിക്കാഗോയിലേക്ക് തിരിച്ച രഘുറാം രാജന്‍ സാമ്പത്തിക ശാസ്ത്രവും, ബിസിനസും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിവരികയാണ്.

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ കാലാവധി കഴിഞ്ഞ് ചിക്കാഗോയിലേക്ക് തിരിച്ചെത്തിയ താന്‍ സന്തുഷ്ടനാണെന്ന് രഘുറാം രാജന്‍ പറഞ്ഞു. 25 വര്‍ഷം ജീവിച്ച സിറ്റിയില്‍ തിരിച്ചെത്തി പഴയ വഴികളിലൂടെയുള്ള നടത്തവും സൈക്കിള്‍ സവാരിയുമൊക്കെ ആസ്വദിക്കുകയാണ് അദ്ദേഹം.

ഇഷ്ടപ്പെട്ട ഗവേഷണത്തിനും ഇപ്പോള്‍ ഏറെ സമയം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായിരുന്നപ്പോള്‍ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നെങ്കിലും ആഴത്തിലുള്ള ഗവേഷണത്തിന് വളരെ അപൂര്‍വ്വമായി മാത്രമേ സമയം ലഭിക്കാറുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. ചിക്കാഗോ സര്‍വ്വകലാശാലയിലെ മാധ്യമ വിഭാഗത്തോടാണ് തിരികെ ചിക്കാഗോയിലെത്തിയ സന്തോഷം അറിയിച്ചത്.

ചിക്കാഗോ മനോഹരമായ നഗരമാണെന്നും തന്റെ അടുത്ത സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും ഇവിടെയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ചിക്കാഗോ സ്‌കൂള്‍ ഓഫ് ബിസിനസ് സ്റ്റഡീസ് സാമ്പത്തിക ശാസ്ത്ര വിഭാഗത്തിലെ പ്രൊഫസറായി ജോലി ചെയ്യുകയാണ് രഘുറാം രാജന്‍ ഇപ്പോള്‍. ഇന്ത്യയില്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായിരിക്കെ അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ സാമ്പത്തിക ശാസ്ത്രജ്ഞരുടെ എതിര്‍പ്പിനും പ്രശംസയ്ക്കും പാത്രമായിട്ടുണ്ട്. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടില്‍ സാമ്പത്തിക ശാസ്ത്രജ്ഞനായിട്ടും, ഗവേഷണ വിഭാഗം തലവനായിട്ടും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

2013ല്‍ രഘുറാം രാജന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായി സ്ഥാനമേല്‍ക്കുമ്പോള്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം വലിയ പ്രതി സന്ധിയിലായിരുന്നു. നാണയപെരുപ്പം കൂടിയതും വിദേശനാണ്യ നിക്ഷേപത്തില്‍ കുറവ് രേഖപെടുത്തിയതും വലിയ പ്രതിസന്ധി സൃഷ്ടിച്ച് സമയത്താണ് ചിക്കഗോയിലെ പ്രൊഫസര്‍ രഘുറാം രാജന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായി ഇന്ത്യയിലെത്തിയത്. കാലാവധി പൂര്‍ത്തിയാക്കി അദ്ദേഹം തിരിച്ചു പോയ സമയത്താണ് ആര്‍ബിഐ 1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയത്.