Connect with us

Articles

കാതോര്‍ക്കാം, സാമ്പത്തിക മുരടിപ്പ്

Published

|

Last Updated

നോട്ട് നിരോധനം താത്ക്കാലികമായ ചില പ്രശ്‌നങ്ങളേ ഉണ്ടാക്കിയിട്ടുള്ളൂ എന്ന പ്രധാനമന്ത്രിയുടെ ആഖ്യാനത്തിന് ചൂട്ടുപിടിക്കുന്ന ബജറ്റാണ് ജയ്റ്റ്‌ലിയുടേത്. 2016-17 ലെ സാമ്പത്തിക വളര്‍ച്ച 7.1 ശതമാനം അല്ല. അത് നോട്ട് നിരോധനത്തിന് മുമ്പുള്ള വളര്‍ച്ചയാണ്. യഥാര്‍ഥത്തില്‍ നടപ്പുവര്‍ഷത്തെ വളര്‍ച്ച ആറിനും 6.5നും ഇടയിലായിരിക്കുമെന്നാണ് യാഥാര്‍ഥ്യബോധത്തോടെയുള്ള വിശകലനം കാണിക്കുന്നത്. അടുത്ത വര്‍ഷമാകട്ടെ സാമ്പത്തിക വളര്‍ച്ച 6. 5 ശതമാനം വരെ താഴാമെന്ന് ഇക്കണോമിക് സര്‍വേ തന്നെ സമ്മതിച്ചിട്ടുമുണ്ട്. ഇത്തരമൊരു മാന്ദ്യകാലത്തെ പ്രതിരോധിക്കുന്ന ബജറ്റല്ല ജയ്റ്റിലിയുടേത്. ഇത് സമ്പദ്ഘടനക്ക് ധനപരമായ ഒരു ഉത്തേജനവും നല്‍കുന്നില്ല. ധനക്കമ്മി 3. 2 ശതമാനമായി താഴ്ത്തി നിര്‍ത്തിയതിലാണ് കേന്ദ്രമന്ത്രി ഊറ്റംകൊള്ളുന്നത്. ഈ സമീപനം സാമ്പത്തിക മുരടിപ്പ് രൂക്ഷമാക്കും.
യഥാര്‍ഥത്തില്‍ സര്‍ക്കാറിന്റെ മൊത്തം ചെലവ് 2016-17 ലെ പുതുക്കിയ കണക്ക് പ്രകാരം 20.1 കോടി രൂപയാണ്. ഇപ്പോഴത്തെ ബജറ്റില്‍ അത് 21. 5 ലക്ഷം കോടി രൂപയായാണ് വര്‍ധിച്ചിരിക്കുന്നത്. വര്‍ധന കേവലം 6. 5 ശതമാനം മാത്രമാണ്. ഇതുതന്നെ നികുതി വരുമാനം 12. 6 ശതമാനം വളരുമെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ്. ജയ്റ്റ്‌ലിയുടെ ഏറ്റവും പ്രധാന വിഭവസമാഹരണ വര്‍ധന പൊതുമേഖലാ ഓഹരികളുടെ വില്‍പ്പനയിലാണ്. പുതുക്കിയ കണക്ക് പ്രകാരം 2016-17 ല്‍ 45,000 കോടി രൂപയാണ് ഇതുവഴി സമാഹരിക്കാന്‍ കഴിഞ്ഞത്. എന്നാല്‍ അടുത്തവര്‍ഷം 7,25,000 കോടി രൂപയാണ് ഓഹരികളും പൊതുസ്വത്തുക്കളും വിറ്റുണ്ടാക്കുവാന്‍ ഉദ്ദേശിക്കുന്നത്.
ധനയാഥാസ്ഥിതിക സമീപനം സാമൂഹികക്ഷേമ വകുപ്പുകളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയിലെ 48,000 കോടി രൂപയുടെ റിക്കോര്‍ഡ് വകയിരുത്തല്‍ ധനമന്ത്രി അവകാശപ്പെടുകയുണ്ടായി. 2016-17 ലെ പുതുക്കിയ കണക്ക് പ്രകാരം തൊഴിലുറപ്പ് പദ്ധതിയുടെ ചെലവ് 47,499 കോടി രൂപയാണ്. അതായത് 501 കോടി രൂപയാണ് തൊഴിലുറപ്പില്‍ കൂടുതലായി വകയിരുത്തിയിരിക്കുന്നത്. ഈ തുകയാകട്ടെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ശരാശരി 45 ദിവസത്തെ തൊഴില്‍ദിനങ്ങള്‍ നല്‍കാനേ തികയൂ. 100 ദിവസത്തെ തൊഴില്‍ നല്‍കുമെന്ന കേന്ദ്ര ധനമന്ത്രിയുടെ അവകാശവാദം പൊള്ളയാണ്. പി എം ജി എസ് വൈ ക്ക് പുതുക്കിയ കണക്കില്‍ 19,000 കോടി രൂപയാണ് 2916-17 ലെ ചെലവ്. ഈ തുക മാത്രമേ 2017-18 ലും വകയിരുത്തിയിട്ടുള്ളൂ. സര്‍വശിക്ഷാ അഭിയാന് ഇപ്രകാരം 1,300 കോടി രൂപയും ഉച്ചഭക്ഷണത്തിന് 300 കോടി രൂപയും ദേശീയ കുടിവെള്ളപദ്ധതിക്ക് 50 കോടി രൂപയും മാത്രമേ വകയിരുത്താന്‍ തയ്യാറായിട്ടുള്ളൂ. സാമൂഹിക പെന്‍ഷനുകള്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ 9,500 കോടി രൂപ മാത്രമേ ഈ വര്‍ഷവും ഉള്ളൂ.
കൃഷിക്കാരുടെ വരുമാനവും ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ചിട്ട് കൃഷി മന്ത്രാലയത്തിനുള്ള വകയിരുത്തല്‍ 48,072 കോടി രൂപയില്‍ നിന്ന് 51,026 കോടി രൂപയായി ഉയര്‍ത്താനേ തയ്യാറുള്ളൂ. വെറും 3,000 കോടി രൂപയുടെ വര്‍ധന. പ്രധാനമന്ത്രി ഫസല്‍ ബീമായോജനക്കുള്ള തുക 13,240 കോടി രൂപയില്‍നിന്ന് 9,000 കോടി രൂപയായി കുറക്കുകയും ചെയ്തു. ഗ്രാമവികസനത്തിനും 3,000 കോടിയുടെ വര്‍ധനയേ ഉള്ളൂ. നഗരമേഖലയിലെ അമൃത് പരിപാടിയുടെ അടങ്കലാകട്ടെ 9,559 കോടി രൂപയില്‍നിന്ന് 9,000 കോടി രൂപയായി കുറക്കുകയാണ് ചെയ്തത്. സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രവിഹിതത്തില്‍ ഗണ്യമായ വര്‍ധന ആവശ്യപ്പെട്ടിട്ടും നാമമാത്രമായേ ഉയര്‍ത്തിയുള്ളൂ- 9,90,311 കോടി രൂപയില്‍നിന്ന് 10,85,074 കോടി രൂപയിലേക്ക്. വര്‍ധന 94,763 കോടി രൂപ മാത്രം. സംസ്ഥാനങ്ങള്‍ക്ക് വായ്പയില്‍ അഞ്ച് ശതമാനം വര്‍ധന അനുവദിക്കാനും കേന്ദ്രമന്ത്രി തയാറായിട്ടില്ല. കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക സര്‍വേയും ബജറ്റും നോട്ടുറദ്ദാക്കലിന്റെ അതീവഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്കുനേരെ കണ്ണടക്കുകയാണ്. 2016-17ല്‍ ദേശീയ വരുമാന വളര്‍ച്ച 7. 1 ശതമാനം ആയിരിക്കുമെന്ന മതിപ്പുകണക്കാണ് അതില്‍ സ്വീകരിച്ചിരിക്കുന്നത്. ഇത് കേന്ദ്ര സ്ഥിതിവിവരക്കണക്കു സംഘടന ഏപ്രില്‍ ഒക്ടോബര്‍ കാലയളവിലേക്കു തയ്യാറാക്കിയ മതിപ്പു കണക്കാണ്. നോട്ടു റദ്ദാക്കലിനു മുമ്പു തന്നെ 7. 6 ശതമാനത്തില്‍നിന്ന് 7. 1 ശതമാനത്തിലേക്ക് വളര്‍ച്ചനിരക്കു കുറയുകയാണെങ്കില്‍ ഒക്ടോബര്‍ മാര്‍ച്ച് മാസത്തില്‍ ഈ വളര്‍ച്ച എന്തായിരിക്കുമെന്ന് ഒരു ഊഹക്കണക്കു പോലും വെക്കാന്‍ തയ്യാറാകുന്നുമില്ല.
ഇതു ചെയ്യുന്നത്, അടുത്ത വര്‍ഷം പണലഭ്യത സാധാരണനിലയില്‍ ആകുന്നതോടെ സാമ്പത്തികവളര്‍ച്ച 6. 75- 7. 5 ശതമാനമായി ഉയരും എന്നു വാദിക്കാനാണ്. പണലഭ്യത സാധാരണഗതിയില്‍ ആകുമ്പോഴും സാമ്പത്തികവളര്‍ച്ച 6. 75 ശതമാനമായി താഴ്ന്നിരിക്കാനുള്ള സാധ്യത ഉണ്ടെങ്കില്‍ 2016 -17ലെ സാമ്പത്തികവളര്‍ച്ച ആറ് ശതമാനമോ അതില്‍ താഴെയോ ആയിരിക്കുമെന്നു ഭംഗ്യന്തരേണ അംഗീകരിക്കലാണ്.
ഈ നിഗമനത്തെ സാധൂകരിക്കുന്ന ഒട്ടേറെ കണക്കുകള്‍ ഇന്നു ലഭ്യമാണ്. ദേശീയ സ്ഥിര മൂലധനസ്വരൂപണ നിരക്ക് 201112ല്‍ 34. 3 ശതമാനം ആയിരുന്നത് 2015- 16ല്‍ 31. 2 ശതമാനമായി കുറഞ്ഞു. സി എസ് ഒയുടെ കണക്കുപ്രകാരം ഇതു വീണ്ടും 29/1 ശതമാനമായി കുറയാനാണു സാധ്യത. നോട്ടു റദ്ദാക്കലിനു മുമ്പുള്ള മൂന്നു പാദങ്ങളില്‍ ശരാശരി 3. 4 ലക്ഷം കോടി രൂപയുടെ പുതിയ നിക്ഷേപങ്ങളുടെ കരാറുകളാണ് ഉണ്ടായതെങ്കില്‍ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ അത് 1. 3 ലക്ഷം കോടി രൂപയായി താഴ്ന്നു. ബേങ്കു വായ്പ ആണെങ്കില്‍ 2012-13ല്‍ 17. 8 ശതമാനം ആണു വളര്‍ന്നത്. 2015-16 ആയപ്പോഴേക്ക് ഇത് 10. 5 ശതമാനമായി താണു. നോട്ടുറദ്ദാക്കലിന്റെ ഫലമായി ഇത് അഞ്ച് ശതമാനത്തില്‍ താഴെയാകും എന്നാണു കണക്കാക്കുന്നത്.
കഴിഞ്ഞ ആറു വര്‍ഷമായി കയറ്റുമതി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. 2016-17ല്‍ കയറ്റുമതി 1. 2 ശതമാനം വീണ്ടും കുറയും എന്നാണു കണക്ക്. ഇവയൊക്കെ സൂചിപ്പിക്കുന്നത് രാജ്യം അഭിമുഖീകരിക്കുന്ന അതീവഗുരുതരമായ സാമ്പത്തികത്തകര്‍ച്ചയാണ്. ഈ യാഥാര്‍ത്ഥ്യം അംഗീകരിച്ച് പ്രതിരോധനടപടികള്‍ സ്വീകരിക്കാന്‍ ബജറ്റില്‍ തയ്യാറായിട്ടില്ല.
2016-17ലെ സാമ്പത്തിക അവലോകനത്തിന്റെ ഏറ്റവും പുതുമയേറിയതും വിശദവുമായ ഭാഗം യൂണിവേഴ്‌സല്‍ ബേസിക് ഇന്‍കം സ്‌കീമിനെക്കുറിച്ചുള്ളതാണ്. ഇന്ത്യയിലെ പാവങ്ങള്‍ക്കെല്ലാം ജീവിതത്തിനു മിനിമം വേണ്ട തുക സര്‍ക്കാര്‍ അവരുടെ അക്കൗണ്ടില്‍ ഇട്ടുകൊടുക്കാനാണു സ്‌കീം ലക്ഷ്യമിടുന്നത്. കേള്‍ക്കാന്‍ ഏറെ ഇമ്പമുള്ളതാണെങ്കിലും നിലവിലുള്ള റേഷന്‍, തൊഴിലുറപ്പുപദ്ധതി, പെന്‍ഷന്‍ പദ്ധതികള്‍, മറ്റു കേന്ദ്രാവിഷ്‌കൃത സ്‌കീമുകള്‍ എന്നിവ അവസാനിപ്പിച്ച് അവക്കു പകരമായി പണം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഈ തുകയുടെ പേരില്‍ നിലവിലുള്ള ദാരിദ്ര്യനിര്‍മാര്‍ജന പരിപാടികളെല്ലാം അവസാനിപ്പിക്കാനുള്ള കുതന്ത്രമാണ് നടക്കുന്നത്. ഇതു ജനദ്രോഹമാണ്. ഭയങ്കര വിപ്ലവകരമായ കാര്യമായി ഇത് അവതരിപ്പിക്കുമ്പോള്‍ കേരളം ഇതു ഫലത്തില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നു എന്ന യാഥാര്‍ഥ്യം കാണണം. കേരളത്തില്‍ 40 ലക്ഷത്തില്‍പ്പരം പേര്‍ക്കാണ് പ്രതിവര്‍ഷം 12,000 രൂപ വീതം സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുന്നത്. ഇതു സാര്‍വത്രികമായി വികസിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ നിലവിലുള്ള പെന്‍ഷന്‍ പദ്ധതിക്കപ്പുറം കേന്ദ്രത്തിന്റെ കൊട്ടിഘോഷിക്കുന്ന യൂനിവേഴ്‌സല്‍ ബേസിക് ഇന്‍കം സ്‌കീം കടന്നുപോകുന്നില്ല. എല്ലാ ദാരിദ്ര്യനിര്‍മാര്‍ജ്ജന പരിപാടികള്‍ക്കും ഒപ്പമാണ് കേരളത്തിലെ ജനങ്ങള്‍ ഇത് അനുഭവിക്കുന്നത് എന്നു മനസ്സിലാക്കണം. തൊഴിലുറപ്പിനുള്ള വക ഇരട്ടിയാക്കി, കേരളത്തപ്പോലെ സാര്‍വത്രിക പെന്‍ഷന്‍ നടപ്പിലാക്കാനാണ് കേന്ദ്രം തയ്യാറാകേണ്ടത്. ഇവക്കു പുറമെ, സാര്‍വത്രിക പ്രസവാനുകൂല്യം നല്‍കാനുള്ള പരിപാടിയുമായി മുന്നോട്ടു പോകുകയാണു കേരളം.സാമ്പത്തിക പ്രതിസന്ധിയുടെ ഗൗരവം കുറച്ചുകാണിക്കുന്നത് സംസ്ഥാനങ്ങള്‍ക്കു ധനസഹായം നല്‍കുന്നതില്‍നിന്ന് ഒഴിഞ്ഞുമാറാനാണ്. കേന്ദ്ര പദ്ധതി ധനസഹായം ഇല്ലാതാകുമ്പോഴും കേന്ദ്രാവിഷ്‌കൃത പദ്ധതികളിലൂടെ കൂടുതല്‍ പണം നല്‍കാന്‍ തയ്യാറാകണം.

Latest