Connect with us

International

പുതിയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കരുത്: ഇറാന്‍

Published

|

Last Updated

ടെഹ്‌റാന്‍: മിസൈല്‍ പരീക്ഷണത്തിന്റെ പേരില്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ പുതിയ സംഘര്‍ഷങ്ങള്‍ സ്യഷ്ടിക്കാന്‍ ശ്രമിക്കരുതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ശരീഫ് അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കി. തങ്ങളുടെ പ്രതിരോധ പരിപാടികള്‍ പുതിയ സംഘര്‍ഷങ്ങള്‍ സ്യഷ്ടിക്കാന്‍ അമേരിക്കയിലെ പുതിയ ഭരണകൂടം ഉപയോഗിക്കരുതെന്ന് ഫ്രഞ്ച് വിദേകാര്യ മന്ത്രി ജീന്‍ മാര്ക് അയ്‌റള്‍ടിനൊപ്പം ടെലിവിഷനിലൂടെ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ഇറാന്‍ മിസൈല്‍ പരീക്ഷണം നടത്തിയ പശ്ചാത്തലത്തില്‍ യു എന്‍ സുരക്ഷാ കൗണ്‍സില്‍ യോഗം ചേരണമെന്ന് അമേരിക്ക അഭ്യര്‍ഥിച്ചതിനെത്തുടര്‍ന്ന് യോഗം ചേര്‍ന്നിരുന്നു. അതേ സമയം മിസൈല്‍ പരീക്ഷണ റിപ്പോര്‍ട്ടുകള്‍ ഇറാന്‍ സ്ഥിരീകരിച്ചിട്ടില്ല. ഇറാന്റെ മിസൈല്‍ പരീക്ഷണം ആണവ കരാറില്‍ ഉള്‍പ്പെടുന്നതല്ലെന്ന് മുന്‍ യു എസ് പ്രസിഡന്റ് ബരാക് ഒബാമയും , ഫ്രാന്‍സും ആവര്‍ത്തിച്ച് സ്ഥിരീകരിച്ചതാണെന്ന് ശരീഫ് പറഞ്ഞു. തങ്ങളുടെ മിസൈല്‍ പരീക്ഷണം യു എന്‍ പ്രമേയത്തിന്റെ ലംഘനമല്ലെന്നും അത് പ്രതിരോധ ആവശ്യത്തിന് വേണ്ടിയാണെന്നും അല്ലാത ആണവായുധങ്ങള്‍ വഹിക്കാനല്ലെന്നുമാണ് ഇറാന്റെ നിലപാട്. അതേ സമയം മിസൈല്‍ പരീക്ഷണം സംബന്ധിച്ച് തങ്ങളുടെ ആശങ്ക ഇറാനെ അറിയിച്ചിട്ടുണ്ടെന്ന് അയ്‌റള്‍ട് പറഞ്ഞു.
ഇറാന്‍ തുടര്‍ച്ചയായി നടത്തുന്ന മിസൈല്‍ പരീക്ഷണം യു എന്‍ സുരക്ഷാ കൗണ്‍സിലിന്റെ പ്രമേയത്തിന്റെ അന്തസത്തക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ഏഴ് മുസ്‌ലിം രാജ്യങ്ങളില്‍നിന്നുള്ള പൗരന്‍മാര്‍ക്ക് അമേരിക്കയില്‍ വിലക്ക് ഏര്‍പ്പെടുത്തിയ ട്രംപിന്റെ നടപടിയെ ഇരു വിദേശകാര്യ മന്ത്രിമാരും നിശിതമായി വിമര്‍ശിച്ചു.