Connect with us

Kannur

മത്സരിച്ച് ജയിക്കാന്‍ വേണ്ടി മാത്രമാകരുത് കലാ പരിശീലനം : മുഖ്യമന്ത്രി

Published

|

Last Updated

കണ്ണൂര്‍: ഓരോയിനങ്ങളിലും പരിശീലനം നേടുന്നത് മത്സരിച്ച് വിജയിക്കാന്‍ വേണ്ടിമാത്രമാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. മത്സരരംഗത്ത് തിളങ്ങിയ പലരും പിന്നീട് ആ മേഖലയില്‍ കാര്യമായി മുന്നോട്ടുപോകാത്ത സ്ഥിതിയുണ്ടെന്ന വിമര്‍ശനവും ഉന്നയിക്കപ്പെടുന്നുണ്ട്. മറിച്ച്, തങ്ങള്‍ പരിശീലിക്കുന്ന ഇനങ്ങളില്‍ വലിയ കാലകാരന്മാരായി മാറാനും ആ രംഗത്ത് മികച്ച സംഭാവന ചെയ്യാനും കഴിഞ്ഞാലേ ഈ മേളകള്‍കൊണ്ടുള്ള പൂര്‍ണ പ്രയോജനം നാടിനു ലഭിക്കൂ. കലോത്സവത്തില്‍ മത്സരിക്കുന്ന ഓരോരുത്തരും ഈ ലക്ഷ്യം മനസ്സില്‍ സൂക്ഷിക്കണമെന്നാണ് അഭ്യര്‍ത്ഥിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ കലോത്സവം പോലീസ് മൈതാനിയില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്ന മേളയാണിത്. മത്സരങ്ങള്‍ നടക്കുന്ന 20 വേദികള്‍ക്ക് ഇത്തവണ കേരളത്തിലെ നദികളുടെ പേരുകളാണ് നല്‍കിയിരിക്കുന്നത്. കലയും സാഹിത്യവും സമ്പുഷ്ടമാക്കപ്പെടുന്ന സംസ്‌കാരവാഹിനികള്‍ കൂടിയാണ് നദികള്‍. കണ്ണൂരിലെ എല്ലാ മേളകളുടേയും ഏറ്റവും വലിയ സവിശേഷതകളിലൊന്ന് ജനകീയതയാണ്. കലയേയും സാഹിത്യത്തേയും ഹൃദയംകൊണ്ട് സ്വീകരിക്കുന്ന ഈ നാട്ടുകാരുടെ അഭൂതപൂര്‍വ്വമായ പിന്തുണ, പരാതികളും വിവാദങ്ങളും ഇല്ലാതെ ഈ മേള ഭംഗിയായി സംഘടിപ്പിക്കുന്നതിന് വലിയ കരുത്താകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. അതുകൊണ്ടുതന്നെ കലാസാഹിത്യ പ്രവര്‍ത്തനങ്ങളും അവയുടെ സമ്മേളനം ഒരുക്കുന്ന മേളകളും അനിവാര്യമാണ്. പങ്കെടുക്കുന്നവരുടെ കലാപരമായ കഴിവുകളുടെ യഥാതഥമായ പ്രകാശനം എന്നതിനപ്പുറം കേരളത്തിന്റെ നിരവധിയായ തനതുകലകളും നാടന്‍ കലകളും ഈ മേളകളില്‍ മത്സര ഇനങ്ങളായി വരുന്നത് അന്യം നിന്നുപോകുമായിരുന്ന അത്തരം കലകളുടെ പുനരുജ്ജീവനത്തിന് ഏറെ സഹായിക്കുന്നുണ്ട്.മുഖ്യമന്ത്രി പറഞ്ഞു.

Latest