Connect with us

Kerala

മരുന്നുകളുടെ ഗുണനിലവാര പരിശോധന; ഇതര സംസ്ഥാന ലോബി കോടികള്‍ കൊയ്യുന്നു

Published

|

Last Updated

തിരുവനന്തപുരം: മരുന്നുകളുടെ ഗുണനിലവാര പരിശോധന വഴി ഇതര സംസ്ഥാന സ്വകാര്യലാബുകള്‍ കോടികള്‍ കൊയ്യുമ്പോള്‍ സര്‍ക്കാര്‍ ലാബുകള്‍ നോക്കുകുത്തിയാകുന്നു. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളുള്‍പ്പെടെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് വിതരണം ചെയ്യാന്‍ കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വാങ്ങുന്ന മരുന്നുകളുടെ പരിശോധനയാണ് സ്വകാര്യ ലാബുകളില്‍ നടത്തി സര്‍ക്കാര്‍ പണം നഷ്ടപ്പെടുത്തുന്നത്.

എന്‍ എ ബി എല്‍ അക്രഡിറ്റഡ് എം പാനല്‍ ലാബുകളിലാണ് മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുന്നതെന്ന് കെ എം എസ് സി എല്‍ പറയുമ്പോഴും സാങ്കേതിക നിലവാരം പുലര്‍ത്തുന്നതും വിദഗ്ധരായ നിരവധിപേര്‍ സേവനമനുഷ്ഠിക്കുന്നതുമായ സര്‍ക്കാര്‍ ലാബുകള്‍ വിസ്മരിക്കപെടുകയാണ്. ഗുണനിലവാരമില്ലെന്ന് സ്വകാര്യ ലാബുകള്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്മേല്‍ അന്തിമ നടപടി കൈക്കൊള്ളുന്ന വെറും അപ്പലറ്റ് ലബോറട്ടറിയായി മാത്രം പ്രവര്‍ത്തിക്കുകയാണ് സര്‍ക്കാര്‍ ലാബുകള്‍.

ഗുണനിലവാരമില്ലെന്ന റിപ്പോര്‍ട്ട് കിട്ടുന്ന സാഹചര്യത്തില്‍ ആ മരുന്നിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന നടപടികളാണ് തുടര്‍ന്ന് കൈക്കൊള്ളുക. അതിന് സ്വകാര്യലാബുകള്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്മേല്‍ അന്തിമ തീരുമാനമെടുക്കണം. അപ്പലറ്റ് ലബോറട്ടറിയായി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരത്തെ സര്‍ക്കാര്‍ ഡ്രഗ ്‌ടെസ്റ്റിംഗ് ലാബാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുന്നത്. ആ ഒരു ചുമതലമാത്രമാണ് കെ എം എസ് സി എല്ലുമായി ബന്ധപ്പെട്ട് നിലവില്‍ സര്‍ക്കാര്‍ ലാബിനുള്ളത്. എന്നാല്‍ അപ്പലറ്റ് അതോറിറ്റിക്ക് തീരുമാനം എടുക്കേണ്ടുന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നില്ലെന്നതും വസ്തുതയാണ്.
സര്‍ക്കാര്‍ ലാബുകളില്‍ സൗജന്യമായി മരുന്ന് പരിശോധന നടത്താമെന്നിരിക്കെ സ്വകാര്യലാബുകള്‍ക്ക് നല്‍കിയതുവഴി കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കെ എം എസ് സി എല്ലിന് ചെലവായത് നാല് കോടിയോളം രൂപയാണ്. വര്‍ഷത്തില്‍ ശരാശി 50 ലക്ഷത്തോളം രൂപ ഈയിനത്തില്‍ നല്‍കുകയാണ്. 2012ലും 2013ലും ഒരു കോടിയിലധികം ഇതിനായി ചെലവായും കണക്കുകള്‍ വ്യക്തമാക്കുന്നു.
സര്‍ക്കാര്‍ മേഖലയില്‍ തിരുവനന്തപുരത്തും എറണാകുളത്തും അത്യാധുനിക സൗകര്യങ്ങളോടെ ഡ്രഗ് ടെസ്റ്റിംഗ് ലാബുകള്‍ നിലവിലുണ്ട്. ഇതിന് പുറമെ തൃശൂരില്‍ പുതിയ ലാബ് ഉടന്‍ ആരംഭിക്കും. ആവശ്യത്തിന് പരിശോധനാ സാമ്പിളുകള്‍ ഇപ്പോള്‍ തന്നെ ലഭിക്കുന്നില്ലെന്നാണ് ജീവനക്കാര്‍ തന്നെ പറയുന്നത്. ആശുപത്രികളില്‍ നിന്ന് ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിക്കുന്ന മരുന്നുകള്‍ മാത്രമാണ് സര്‍ക്കാര്‍ ലാബുകളിലെത്തുന്നത്. ഈ മരുന്നുകളും എന്‍ എ ബി എല്‍ ലാബുകളിലെ പരിശോധനക്ക് ശേഷം കെ എം എസ് സി എല്‍ വാങ്ങി വിതരണം ചെയ്യുന്നവയാണ്.

സ്വകാര്യമേഖലയിലെ ആറ് അക്രഡിറ്റഡ് ലാബുകളിലേക്കാണ് കെ എം എസ് സി എല്‍ പരിശോധനക്ക് മരുന്നുകള്‍ നല്‍കുന്നത്. 2009 മുതല്‍ 2016 ഡിസംബര്‍ വരെ ഏതാണ്ട് 5050 ഓളം മരുന്ന് സാമ്പിളുകളാണ് നല്‍കിയത്. 2015-16 വര്‍ഷത്തില്‍ മാത്രം 959 സാമ്പിളുകളാണ് പരിശോധനക്ക് നല്‍കിയത്.

---- facebook comment plugin here -----

Latest