Connect with us

Kerala

ഫൈസല്‍ വധം: തെളിവെടുപ്പിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ആര്‍എസ്എസ് വധഭീഷണി

Published

|

Last Updated

പരുക്കേറ്റ മുഹമ്മദ് ശബീര്‍

തിരൂര്‍: കൊടിഞ്ഞി ഫൈസല്‍ വധക്കേസ് തെളിവെടുപ്പിനിടെ തിരൂര്‍ മംഗലം പുല്ലൂണിയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസുകാരുടെ വധ ഭീഷണിയും കൈയേറ്റവും. മുഖ്യ പ്രതി പ്രജീഷ് എന്ന ബാബു (30)വിന്റെ വീട്ടില്‍ പൊലീസ് തെളിവെടുപ്പ് നടത്തുന്നതിനിടെയായിരുന്നു സംഭവം. ദേശാഭിമാനി തിരൂര്‍ ലേഖകന്‍ വിനോദ് തലപ്പള്ളി, പ്രദേശിക വാര്‍ത്താ ടെലിവിഷന്‍ തുഞ്ചന്‍ വിഷന്‍ ക്യാമറാമാന്‍ ഷബീര്‍ എന്നിവരെയാണ് ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തത്. ഇരുവരും ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് തടഞ്ഞ ആര്‍എസ്എസുകാര്‍ ദൃശ്യങ്ങള്‍ പുറത്ത് വിട്ടാല്‍ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി. പൊലീസുകാരാണ് രണ്ട് പേരെയും രക്ഷപ്പെടുത്തിയത്. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം.

ഫൈസല്‍ കൊല്ലപ്പെടുന്നതിന് തലേ ദിവസം പ്രതികള്‍ കൊടിഞ്ഞിയിലും പരിസര പ്രദേശങ്ങളിലും എത്തിയിരുന്നു. അന്ന് സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഒന്നാം പ്രതിയായ പ്രജീഷിന്റെ വീട്ടിലാണ് സൂക്ഷിച്ചത്. ഇത് കണ്ടെടുക്കുന്നതിനായി പ്രതിയുമായി എത്തിയതായിരുന്നു പോലീസ്. തെളിവെടുപ്പ് ക്യാമറയില്‍ പകര്‍ത്തുന്നതിനിടെ സ്ഥലത്തുണ്ടായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ക്യാമറാമാന്‍ ഷബീറിന്റെ ഷര്‍ട്ടിന് പിടിക്കുകയും കൂടെയുണ്ടായിരുന്ന ദേശാഭിമാനി ലേഖകന്‍ വിനോദിനെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. ഇരുപതോളം പേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്. ഇക്കൂട്ടത്തില്‍ സ്ത്രീകളും ഉണ്ടായിരുന്നു.
തുടര്‍ന്ന് പോലീസ് ഇടപെട്ട് മാധ്യമ പ്രവര്‍ത്തകരെ രക്ഷപ്പെടുത്തുകയായിരുന്നു. പരുക്കേറ്റ ഷബീറിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് തിരൂരില്‍ ബഹുജന സംഗമം നടത്തുമെന്ന് തിരൂര്‍ പ്രസ് ക്ലബ്ബ് ഭാരവാഹികള്‍ അറിയിച്ചു. വൈകീട്ട് അഞ്ചിന് തിരൂര്‍ താഴെപ്പാലം ജംംഗഷനില്‍ നിന്നാരംഭിക്കുന്ന ബഹുജന റാലി ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിക്കും.

---- facebook comment plugin here -----

Latest