Connect with us

National

രാഷ്ട്രീയ പാര്‍ട്ടികളുടെ നിക്ഷേപത്തിന് ആദായ നികുതിയില്ല

Published

|

Last Updated

ന്യൂഡല്‍ഹി: അസാധുവാക്കപ്പെട്ട 500, 1000 രൂപ നോട്ടുകള്‍ ഉപയോഗിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍ ബാങ്കുകളില്‍ നടത്തുന്ന നിക്ഷേപത്തെ ആദായ നികുതി പരിധിയില്‍ നിന്ന് ഒഴിവാക്കി. വ്യക്തിപരമായ സംഭാവനകള്‍ പരമാവധി 20,000 രൂപയില്‍ കൂടരുത്, സംഭവാനകള്‍ സ്വീകരിച്ചതിന് വ്യക്തമായ രസീത് സൂക്ഷിക്കണം എന്നീ നിബന്ധനകളോടെയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇളവ് അനുവദിച്ചിരിക്കുന്നത്. അതേസമയം ഏതെങ്കിലും വ്യക്തിയുടെ പേരില്‍ പാര്‍ട്ടി ഫണ്ട് നിക്ഷേപിച്ചാല്‍ അത് പരിശോധനക്ക് വിധേയമാകുമെന്നും കേന്ദ്ര റെവന്യൂ സെക്രട്ടറി ഹസ്മുഖ് ആധ്യ ഡല്‍ഹിയില്‍ പറഞ്ഞു.

1961 ലെ ആദായ നികുതി വകുപ്പിന്റെ 13 എ വകുപ്പ് പ്രകാരം രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആദായ നികുതി ഇളവുണ്ട്. വസ്തുവകകളില്‍ നിന്നും മറ്റു ഉറവിടങ്ങളില്‍ നിന്നും സംഭവനായായും ലഭിക്കുന്ന എല്ലാ വരുമാനവും ഇതിന്റ പരിധിയില്‍ പെടും. കൃത്യമായി രേഖകള്‍ സൂക്ഷിക്കുകയും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റിന്റെ നേതൃത്വത്തില്‍ അക്കൗണ്ട് ഓഡിറ്റ് ചെയ്യപ്പെടുകയും ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മാത്രമാണ് ഈ ഇളവുകള്‍ ബാധകം.

രണ്ടര ലക്ഷത്തില്‍ താഴെയുള്ള നിക്ഷേപങ്ങളില്‍ ആദായ നികുതി വകുപ്പ് അനാവശ്യമായി ഇടപെടില്ലെന്ന് റെവന്യൂ സെക്രട്ടറി വ്യക്തമാക്കി. അതേസമയം പല അക്കൗണ്ടുകളിലായി രണ്ടര ലക്ഷം രൂപ നിക്ഷേപിക്കുന്നവരെ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകര്‍ക്ക് കാര്‍ഷിക വിളകളില്‍ നിന്നുള്ള വരുമാനം വര്‍ഷത്തില്‍ രണ്ടര ലക്ഷത്തില്‍ താഴെയാണെങ്കില്‍ ഫോം 60 ഹാജരാക്കിയാല്‍ മതി. ഇതിന് സാധിക്കാത്തവര്‍ പാന്‍ കാര്‍ഡ് ഹാജരാക്കണമെന്നും റെവന്യൂ സെക്രട്ടറി പറഞ്ഞു.

Latest