National
കാവേരി: ദേവഗൗഡ നിരാഹാര സമരം തുടങ്ങി; ഇന്ന് വീണ്ടും സര്‍വകക്ഷി യോഗം

ബംഗളൂരു: കാവേരി നദീജല തര്‍ക്കത്തില്‍ നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ അനിശ്ചിത കാല നിരാഹാര സമരം ആരംഭിച്ചു. സെക്രട്ടേറിയറ്റ് മന്ദിരമായ വിധാന്‍ സൗധയിലെ മഹാത്മാ ഗാന്ധി പ്രതിമക്ക് സമീപമാണ് 83കാരനായ ദേവഗൗഡ നിരാഹാര സമരമിരിക്കുന്നത്. ഒക്‌ടോബര്‍ ആറ് വരെ തമിഴ്‌നാടിന് ആറായിരം ഘനയടി വെള്ളം നല്‍കണമെന്ന് ഇന്നലെ സുപ്രിം കോടതി ആവര്‍ത്തിച്ച് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ദേവഗൗഡയുടെ നിരാഹാര സമര തീരുമാനം.
മനുഷ്യ ജീവന്‍ നിലനിര്‍ത്താന്‍ കുടിവെള്ളം അത്യാവശ്യമാണെന്നും കര്‍ണാടകക്ക് നീതി ലഭിക്കണമെന്നും ദേവഗൗഡ പറഞ്ഞു. കേന്ദ്രത്തില്‍ നിന്ന് കര്‍ണാടകക്ക് നീതി ലഭിക്കും വരെ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, കര്‍ണാടകക്ക് മേല്‍ സുപ്രീം കോടതി നിലപാട് കടുപ്പിച്ച സാഹചര്യത്തില്‍ അടുത്ത നീക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ വീണ്ടും സര്‍വകക്ഷി യോഗം വിളിച്ചു. ശനിയാഴ്ച വൈകീട്ടാണ് യോഗം. കാവേരി ജല മാനേജ്‌മെന്റ് ബോര്‍ഡ് രൂപവത്കരിക്കണമെന്ന സുപ്രീം കോടതി നിര്‍ദേശത്തോടെ കര്‍ണാടക്ക് മുന്നില്‍ എല്ലാ നിയമവഴികളും അടഞ്ഞ സ്ഥിതിയാണുള്ളത്. നാല് ദിവസത്തിനകം ബോര്‍ഡ് രൂപവത്കരിക്കാനാണ് സുപ്രീം കോടതി ഇന്നലെ നിര്‍ദേശിച്ചത്. ഇത് അറ്റോര്‍ണി ജനറല്‍ അംഗീകരിക്കുകയും ചെയ്തിരുന്നു.