Connect with us

Malappuram

മുതിര്‍ന്ന സ്ത്രീകളെ ആദരിച്ച് താനൂരിലെ ഓണാഘോഷം

Published

|

Last Updated

താനൂരില്‍ നടന്ന സ്‌നേഹപൂര്‍വം ഓണം-പെരുന്നാള്‍ പരിപാടിയില്‍ മന്ത്രി കെ ടി ജലീലും താനൂര്‍ എം എല്‍ എ.
വി അബ്ദുര്‍റഹ്മാനും അമ്മമാര്‍ക്ക് ഓണക്കോടി നല്‍കുന്നു

താനൂര്‍: മൂവായിരം അമ്മമാര്‍ക്ക് ഓണക്കോടി കൈമാറി താനൂര്‍ മണ്ഡലത്തിലെ ഓണാഘോഷം. ഒരാഴ്ച നീണ്ടുനിന്ന ഓണാഘോഷത്തിന് പരിസമാപ്തി കുറിച്ചു കൊണ്ടാണ് മണ്ഡലത്തിലെ 65 വയസിനു മുകളിലുള്ള സ്ത്രീകളെ ഓണക്കോടി നല്‍കി ആദരിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചത്. അമ്മമാര്‍ക്ക് ഓണക്കോടി നല്‍കുന്ന ചടങ്ങ് മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്തു.
മാതാപിതാക്കളെ സംരക്ഷിക്കാന്‍ തയ്യാറാകാത്ത മക്കളുടെ എണ്ണം കൂടിവരുന്ന ഇക്കാലത്ത് ഇത് മാതൃകാപരമായ ചടങ്ങാണെന്ന് മന്ത്രി പറഞ്ഞു. താനൂര്‍ എം എല്‍ എ. വി അബ്ദുര്‍റഹ്മാന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വാര്‍ധക്യത്തിന്റെ വേദനയിലൂടെ കടന്നു പോകുന്ന പലര്‍ക്കും ഇത്തരം ആഘോഷങ്ങള്‍ വിലമതിക്കാനാവാത്ത സന്തോഷമാണ് നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എം എല്‍ എയുടെ നേതൃത്വത്തില്‍ “എന്റെ താനൂരും, ജില്ലാ ടൂറിസം പ്രമോഷന്‍ കൗ ണ്‍സിലും സംയുക്തമായി സംഘടിപ്പിച്ച സ്‌നേഹപൂര്‍വം ഓണം-പെരുന്നാള്‍ ആഘോഷങ്ങളുടെ അവസാന ദിനമായ ഇന്നലെയാണ് മണ്ഡലത്തിലെ മുതിര്‍ന്ന സ്ത്രീകളെ ആദരിച്ചത്. 101 വയസുള്ള ആച്ച മുതല്‍ 65 വയസുവരെയുള്ള മണ്ഡലത്തിലെ മുവായിരത്തോളം പേരെ ഓണക്കോടിയും സാരിയും നല്‍കി ആദരിച്ചു. വിവിധ ജാതി-മത വിഭാഗങ്ങളില്‍ പെട്ടവര്‍ ചടങ്ങിനെത്തിയിരുന്നു. താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി അബ്ദുര്‍റസാഖ് ചടങ്ങില്‍ സംബന്ധിച്ചു.
സാമൂഹിക ക്ഷേമ വകുപ്പിന്റെ കീഴിലാണ് താനൂര്‍ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലുള്ള 65 വയസിനു മുകളിലുള്ള സ്ത്രീകളെ കണ്ടെത്തിയത്.
ഇവര്‍ക്ക് പുത്തന്‍തെരുവിലെ വേദിയിലേക്ക് വരുവാനും തിരിച്ചു പോകുവാനുമുള്ള സൗകര്യവും സംഘാടകര്‍ ഒരുക്കിയിരുന്നു. ചടങ്ങിനു ശേഷം 8,000 പേര്‍ക്ക് ഓണസദ്യയും ഒരുക്കിയിരുന്നു. കേരളീയരുടെ തനതായ ഓണക്കാല പരിപാടികള്‍ കോര്‍ത്തിണക്കിയാണ് താനൂര്‍ മണ്ഡലത്തില്‍ ഓണ പരിപാടികള്‍ സംഘടിപ്പിച്ചത്. ഞാറ് നടീല്‍, ഓണപ്പന്ത് കളി, ജലോത്സവം, കാര്‍ഷികോത്സവം, ഓണക്കളി എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു. മൈലാഞ്ചിയിടല്‍ മത്സരവും നടന്നു.

Latest