Kerala
വീട്ടുകാരെ കെട്ടിയിട്ട് മോഷണം: മൂന്ന് അന്യസംസ്ഥാനക്കാര്‍ അറസ്റ്റില്‍
ഷൊര്‍ണൂര്‍/തൊടുപുഴ: തൊടുപുഴയില്‍ വീട്ടുകാരെ കെട്ടിയിട്ട് കവര്‍ച്ച നടത്തില്‍ സംഭവത്തില്‍ മൂന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ പിടിയില്‍. ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഷാഡോ പോലീസാണ് ഇവരെ പിടികൂടിയത്.
തൊടുപുഴ അമ്പലം റോഡില്‍ പ്രകാശ് ഗ്രപ്പ് ഉടമകളിലൊരാളായ കൃഷ്ണവിലാസം ബാലചന്ദ്രന്റെ വീട്ടിലാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ നാലംഗസംഘം മോഷണം നടത്തിയത്.
ബെല്ലടിച്ചത് കേട്ട് വാതില്‍ തുറന്നപ്പോള്‍ മോഷ്ടാക്കള്‍ വീട്ടിനുള്ളിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. തുടര്‍ന്ന് ബാലചന്ദ്രനേയും ഭാര്യ ശ്രീജയേയും കെട്ടിയിട്ട് വായില്‍ തുണി തിരുകിയായിരുന്നു മോഷണം. 1.70 ലക്ഷം രൂപ, ബാലചന്ദ്രന്റെ കഴുത്തിലെ മാല, ഭാര്യയുടെ വള, മൊബൈല്‍ ഫോണ്‍, ഐപാഡ് എന്നിവ നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.
വീട്ടുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. തൊടുപുഴയില്‍ നിന്ന് നാല് അന്യസംസ്ഥാന തൊഴിലാളികള്‍ ആലുവയില്‍ നിന്നും ട്രെയിന്‍ കയറിയെന്ന് പോലീസിന് വിവരം കിട്ടിയിരുന്നു. പ്രതികളെന്ന് സംശയിക്കുന്നവരെ പിന്തുടര്ന്നെത്തിയ പോലീസ് ആലപ്പുഴ-ധന്‍ബാദ് എക്സ്പ്രസ് ഷൊര്‍ണൂര്‍ എത്തിയപ്പോള്‍ ഇവരെ പിടികൂടുകയായിരുന്നു. സംഘത്തില്‍ ഒരാള്‍ കൂടിയുണ്ടെന്നാണ് വിവരം. പിടികൂടാനുള്ള ശ്രമത്തിനിടെ ഇയാള്‍ ഓട് രക്ഷപ്പെടുകയായിരുന്നു.