Connect with us

Kerala

സംസ്ഥാനത്തെ ഏറ്റവും വലിയ പിഎസ്‌സി ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രം കോഴിക്കോട് ഒരുങ്ങി

Published

|

Last Updated

കോഴിക്കോട്: കോഴിക്കോട് പി എസ് സി ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങി. അടുത്ത മാസം ഓണത്തിന് മുമ്പ് പരീക്ഷാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനാണ് ഉദ്യേശിക്കുന്നതെന്ന് പി എസ് സി ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സൗകര്യം പരിഗണിച്ച് തീയതി നിശ്ചയിക്കും. സംസ്ഥാനത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രമാണ് കോഴിക്കോട് തുറക്കുന്ന നാലാമത്തെ കേന്ദ്രമെന്ന് അദ്ദേഹം അറിയിച്ചു. 321 പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യം ഇവിടെയുണ്ട്. ലിഫ്റ്റ് നിര്‍മാണവും നടന്നു വരികയാണ്. കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ പി എസ് സി ഓഫിസിന് സമീപം പി ഡബ്യു ഡി കെട്ടിടത്തിലാണ് ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രം ആരംഭിക്കുന്നത്. 1500 ഉദ്യോഗാര്‍ഥികള്‍ വരെയുള്ള പരീക്ഷ നടത്തി ഒരു മാസത്തിനകം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ ഇതോടെ സാധ്യമാകും. കോഴിക്കോട്,കണ്ണൂര്‍, കാസര്‍ക്കോട്, വയനാട്,മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രത്തിന്റെ പ്രയോജനം ലഭിക്കും. തിരുവനന്തപുരത്ത് 240ഉം പത്തനംതിട്ടയില്‍ 104 ഉം എറണാകുളത്ത് 210ഉം പേര്‍ക്കിരിക്കാനുള്ള സൗകര്യമാണുള്ളത്. കോഴിക്കോട് 8,12,42,920 രൂപ ചെലവിട്ടാണ് കേന്ദ്രം പണി പൂര്‍ത്തിയാക്കിയത്. ഒന്നേകാല്‍ വര്‍ഷം കൊണ്ടാണ് പണി പൂര്‍ത്തിയാക്കിയത്. കെല്‍ ആയിരുന്നു നിര്‍വഹണ ഏജന്‍സി. കേന്ദ്രത്തിന്റെ നിര്‍മാണത്തിനായി ബജറ്റില്‍ പത്ത് കോടി രൂപ വകയിരുത്തിയിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷം പി എസ് സി പ്രവര്‍ത്തനങ്ങളില്‍ സമൂലമായ മാറ്റങ്ങളാണുണ്ടാക്കിയതെന്ന് ചെയര്‍മാന്‍ അറിയിച്ചു. അഞ്ച് വര്‍ഷത്തിനിടയില്‍ വിവധ തസ്തികകളിലായി 4398 വിജ്ഞാപനങ്ങള്‍ പുറപ്പെടുവിക്കാനായി. മുമ്പത്തെ പി എസ് സി കാലയളവില്‍ 3753 മാത്രമായിരുന്നു വിജ്ഞാപനം. 2,21,67,463 ഉദ്യോഗാര്‍ഥികള്‍ അപേക്ഷിച്ചു. 2006- 11 കാലയളവില്‍ അപേക്ഷിച്ചത് 1,47,70,941 പേരായിരുന്നു. ആ കാലയളവില്‍ 1019 പരീക്ഷകള്‍ മാത്രം നടത്തിയപ്പോള്‍ 2783 പരീക്ഷകള്‍ ഇത്തവണ നടത്താനായി. കഴിഞ്ഞ അഞ്ച് വര്‍ഷം 3489 റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു. 6,51,371 ഉദ്യോഗാര്‍ഥികള്‍ വിവധ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടു. 2006- 11 കാലത്ത് സംഘടിപ്പിച്ച ഇന്റര്‍വ്യൂകളുടെ എണ്ണം 1761 ആയിരുന്നുവെങ്കില്‍ ഇത്തവണ 2,839 ഇന്റര്‍വ്യൂകള്‍ നടത്തി. 1,58,467 പേര്‍ പങ്കെടുത്തു.2, 27,24,928 അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കാനായി. പി എസ് സി പരീക്ഷകള്‍ക്ക് സമഗ്രമമായ സിലബസ് ഏര്‍പ്പെടുത്തിയത് തങ്ങളുടെ കാലത്താണെന്ന് ചെയര്‍മാന്‍ പറഞ്ഞു.
3146 എസ് സി എസ് ടി നിയമനങ്ങളില്‍ നടപടിയെടുക്കാനായി. 27 വര്‍ഷങ്ങളായി യാതൊരു വിധ നടപടികളും സ്വീകരിക്കാതെ കിടന്നിരുന്നതായിരുന്നു. 609 വനവാസികള്‍ക്ക് ട്രൈബല്‍ വാച്ചര്‍ ജോലി നല്‍കുന്നതിനുള്ള തിരഞ്ഞെടുപ്പ് യുദ്ധകാലാടിസ്ഥാനത്തിലാണ് പൂര്‍ത്തിയാക്കിയത്. 2714 പിന്നോക്ക ഒഴിവുകളും നികത്താനായി. പി എസ് സി പരീക്ഷകള്‍ ഓണ്‍ലൈനാക്കുന്ന ആദ്യ പി എസ് സിയാണ് കേരളത്തിലേത്. കേരളത്തിലെ യൂനിവേഴ്‌സിറ്റികളിലേക്ക് അധ്യാപകേതര ജീവനക്കാരെ നിയമിക്കുന്നതിനായി നടത്തിയ പരീക്ഷ പ്രകാരം ഈ മാസം തന്നെ അഡൈ്വസ് മെമ്മൊ നല്‍കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. ആറ്‌ലക്ഷം പേര്‍ പരീക്ഷ എഴുതിയതില്‍ 17,000 പേരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. നോട്ടിഫിക്കേഷന്‍ കഴിഞ്ഞ് 103ാം ദിവസമാണ് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനായത്. ഇത് ഇന്ത്യയില്‍ തന്നെ ചരിത്രമാണ്. വാര്‍ത്താ സമ്മേളനത്തില്‍ പി എസ് സി അംഗങ്ങളായ കെ പ്രേമരാജന്‍, ടി ടി ഇസ്മാഈല്‍, അഡ്വ രവീന്ദ്രന്‍, ജോയിന്റ് സെക്രട്ടറി കെ പി തങ്കമണി അമ്മ പങ്കെടുത്തു.

Latest