Connect with us

Kerala

ഉപ്പയെ വെട്ടിനുറുക്കിയ കഥയറിയാതെ ഫൈഹ അക്ഷരമുറ്റത്തേക്ക്

Published

|

Last Updated

മണ്ണാര്‍ക്കാട്: ഫൈഹ മോള്‍ കാത്തിരിക്കുകയാണ്, നിറയെ സ്വപ്‌നങ്ങളും നിറമുള്ള പ്രതീക്ഷകളുമായി സ്‌കൂള്‍ തുറക്കുന്ന ദിവസം. അവളുടെ മനം നിറയെ സ്വപ്‌നങ്ങളുടെ കളിപ്പൊയ്കയാണ്. അന്ന് പുത്തനുടുപ്പിട്ട് ഉപ്പച്ചിയുടെ കൈവിരലില്‍ പിടിച്ച് സ്‌കൂളിലേക്ക് നടക്കണം. ഇക്കാക്ക കൊണ്ടു വന്ന ബാര്‍ബിഗേളിന്റെ ചിത്രമുള്ള ബാഗ് ഇപ്പോള്‍ തന്നെ തോളിലിട്ട് തുടങ്ങിയിരിക്കുന്നു. അവളുടെ സ്വപ്‌നങ്ങളുടെ ചില്ലുകൂട്ടില്‍ വളരുന്നൊരു മോഹമുണ്ട്. കളര്‍ പെന്‍സിലും ചിത്രകഥാ പുസ്തകവുമായി ഉപ്പച്ചി വരുന്ന ദിവസം… ഉപ്പച്ചിയെ കുറിച്ച് ചോദിക്കുമ്പോള്‍ ഉമ്മ ജസീറ കണ്ണു തുടച്ചു മുഖം തിരിക്കും, ഇക്കാക്ക മിഠായി തരും. വല്ല്യുമ്മ വാരിയെടുത്ത് ഉമ്മ വെക്കും… ആര്‍ക്കും മറുപടിയില്ല; അവളുടെ ഉപ്പ ഇനി മടങ്ങി വരില്ലെന്ന് പറയാന്‍ അവര്‍ക്കാര്‍ക്കും കഴിയുന്നില്ല. ഈ കുഞ്ഞുമോള്‍ കാത്തിരിക്കുന്നത് 2013 നവംബര്‍ 20ന് ക്രൂരമായി കൊല ചെയ്യപ്പെട്ട നൂറുദ്ദീനെയാണ്. നൂറുദ്ദീന്‍ കല്ലാംകുഴി അങ്ങാടിയില്‍ ജീവന് വേണ്ടി പിടയുമ്പോള്‍ ഫൈഹ മോള്‍ പിച്ചവെച്ച് തുടങ്ങിയിട്ടില്ല. ഉപ്പഎന്ന് വരും എന്ന ഈ കുഞ്ഞുമോളുടെ ചോദ്യം ഇന്ന് കല്ലാംകുഴിയുടെ നൊമ്പരമാണ്.
എന്റെ ഉപ്പയെ കൊന്നവരെ ഞങ്ങള്‍ക്കറിയാം. അനിയത്തിമാര്‍ ഉപ്പയെ കുറിച്ച് ചോദിക്കുമ്പോള്‍ എനിക്ക് പിടിച്ച് നില്‍ക്കാനാവില്ല. ഞങ്ങളെ വല്ല്യുമ്മയുടെ പ്രാര്‍ഥന മതി, അവര്‍ അനുഭവിക്കും. മണ്ണാര്‍ക്കാട് എം ഇ ടി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ഫഹീം കുറച്ചൊക്കെ പറയും, പിന്നെ കണ്ണു പൊത്തും. ഇതേ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായ ഫാത്വിമ ഫിദയും, മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ ഫാഹിദയും മുഖത്തെ ചിരി മാഞ്ഞ രണ്ട് കുരുന്നുകളാണ്. അന്ന്, ആ കറുത്ത രാത്രി ഇഴഞ്ഞു നീങ്ങി അത്ഭുതകരമായി രക്ഷപ്പെട്ട മൂത്താപ്പ കുഞ്ഞുമുഹമ്മദാണ് ഇന്ന് ഈ നാല് മക്കളുടെയും പ്രതീക്ഷ.
പാലച്ചോട് കവലയില്‍ നിന്ന് കല്ലാംകുഴിയിലേക്കുള്ള വഴിയിലെല്ലാം കുഞ്ഞു ഹംസുവിനെ കുറിച്ചും നൂറുദ്ദീനെ കുറിച്ചും നല്ലത് പറയുന്നവരേയെുള്ളൂ. പള്ളത്ത് കുടുംബത്തിന്റെ സഹായവും സഹകരണവും ലഭിച്ചവര്‍ ആ കറുത്ത രാത്രി ഓര്‍ക്കാന്‍ ഇഷ്ടപ്പെടുന്നേയില്ല.
ഖുര്‍ആന്‍ പാരായണം ഉയര്‍ന്നു കേട്ട കല്ലാംകുഴിയിലെ ഇശാഅത്തുസ്സുന്ന മദ്‌റസയിലെത്തി നൂറുദ്ദീനെ കുറിച്ച് സംസാരിക്കുമ്പോള്‍ ആ കുരുന്നുകളുടെ മുഖത്തെ പുഞ്ചിരി പെട്ടെന്ന് മാഞ്ഞു, ചിലര്‍ മക്കനക്കുള്ളില്‍ മുഖം പൂഴ്ത്തി. അവരുടെ ഇഷ്ടപ്പെട്ട അധ്യാപകനായിരുന്നു നൂറുദ്ദീന്‍. പ്രതിഫലം പറ്റാതെ അധ്യാപനം നടത്തുകയായിരുന്നു നൂറൂദ്ദീന്‍ ഇവിടെ. ഗ്രാമത്തിന്റെ വേദനക്കൊപ്പം കണ്ണു നിറക്കാനും സന്തോഷത്തിനൊപ്പം കൂട്ടു കൂടാനും പള്ളത്ത് സഹോദരന്‍മാര്‍ എന്നുമുണ്ടായിരുന്നു. ഇവരുടെ കൈത്താങ്ങില്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നവര്‍ ഏറെയുണ്ടിവിടെ, അവരുടെ മതമോ ജാതിയോ ഇവര്‍ പരിശോധിച്ചിരുന്നില്ല, അവരുടെ വേദനയാണ് ഈ സഹോദരന്‍മാര്‍ കണ്ടത്. പിതാവ് നഷ്ടപ്പെട്ട വേദനയില്‍ കഴിയുന്ന കുരുന്നുകള്‍ക്ക് മുന്നില്‍ അട്ടഹാസവുമായി ആ കൊലയാളികള്‍ നാടു ചുറ്റുമ്പോള്‍ കല്ലാംകുഴി പണ്ടു മുതല്‍ പറഞ്ഞു കേട്ട “വെള്ളരിക്കാപട്ടണ”മായി മാറിയിരിക്കുന്നു. ഒരു വിഭാഗം മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ കല്ലാംകുഴിയെ അങ്ങിനെ മാറ്റിയിരിക്കുന്നു.