Kerala
കല്ലാംകുഴി ഇരട്ടക്കൊല:'കൈയും കാലും അവര്‍ വെട്ടി നുറുക്കി, കണ്ണ് ചൂഴ്‌ന്നെടുത്തു...'

മണ്ണാര്‍ക്കാട്: 2013 നവംബര്‍ 20, കല്ലാംകുഴി ഗ്രാമം. ഇശാഅ് നിസ്‌കാരത്തിന് ശേഷം സഹോദരങ്ങളായ പള്ളത്ത് വീട്ടില്‍ കുഞ്ഞുഹംസുവും നൂറൂദ്ദീനും പള്ളിയില്‍ നിന്നിറങ്ങി. തൊട്ടടുത്ത് തന്നെയുള്ള കോങ്ങാട് മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡന്റ് അബ്ദുല്ലക്കോയ തങ്ങളുടെ വീടായിരുന്നു ലക്ഷ്യം. രണ്ട് മൂന്നു ദിവസങ്ങളായി ഇരുവിഭാഗങ്ങള്‍ തമ്മില്‍ നാട്ടില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കണം. മുന്‍ധാരണയനുസരിച്ചാണ് ചര്‍ച്ചക്ക് സമയവും സ്ഥലവും തീരുമാനിച്ചത്. ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് തൊട്ടു മുമ്പ് അത് സംഭവിച്ചു. ആയുധധാരികള്‍ കുഞ്ഞുഹംസുവിനേയും നൂറുദ്ദീനേയും വളഞ്ഞു. പിന്നെ നടന്നതൊന്നും മനുഷ്യര്‍ക്ക് ചെയ്യാന്‍ പറ്റുന്നതല്ല- ആക്രമത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട ദൃക്‌സാക്ഷിയും കുഞ്ഞുഹംസുവിന്റെയും നൂറുദ്ദീന്റെയും ജ്യേഷ്ഠനുമായ കുഞ്ഞുമുഹമ്മദിന്റെ വാക്കുകള്‍ മുറിഞ്ഞു.
രണ്ടു പേരുടേയും കാലും കൈയും വെട്ടി നുറുക്കി. തല നെടുകെ വെട്ടി പൊളിച്ചു, കണ്ണ് ചൂഴ്‌ന്നെടുത്തു. നെഞ്ചില്‍ കയറി നിന്ന് ആഞ്ഞു ചവിട്ടി, നിരങ്ങി നീങ്ങി വെള്ളം ചോദിച്ച കുഞ്ഞു ഹംസുവിന്റെ വായില്‍ മൂത്രമൊഴിച്ചു. റോഡിലേക്ക് വലിച്ചിഴച്ചു.
പ്രതികളായ 27 പേരില്‍ 12 പേര്‍ നാട്ടിലെ ഇറച്ചിവെട്ടുകാരാണ്. നാല്‍ക്കാലികളെ അറുക്കുന്നതിനേക്കാള്‍ ക്രൂരമായിരുന്നു ഈ കശാപ്പ്.
നാട്ടില്‍ സമാധാനത്തിന് വേണ്ടിയാണ് അവര്‍ ശ്രമിച്ചത്. പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ മുന്‍കൈയെടുത്ത എന്റെ സഹോദരങ്ങളെ നേരത്തെ തീരുമാനിച്ചുറപ്പിച്ച് അവര്‍ കൊല്ലുകയായിരുന്നു. 75 വര്‍ഷം മുമ്പ് പുറന്നൂര്‍ മനയില്‍ നിന്ന് ഞങ്ങളുടെ ഉപ്പ മുഹമ്മദ് ഹാജി വില കൊടുത്ത് വാങ്ങിയതാണ് പള്ളിയും ശ്്മശാനവും ഉള്‍പ്പെടെ നാട്ടിലെ ഏറിയ സ്ഥലവും. ഉപ്പ ഇഷ്ടദാനമായി നല്‍കിയ സ്ഥലത്ത് താമസിക്കുന്നവരാണ് കല്ലാംകുഴിയിലെ ബഹുഭൂരിപക്ഷം ആളുകളും. ഉപ്പ കിടപ്പാടം നല്‍കിയവര്‍ തന്നെ എന്റെ അനിയന്‍മാരെ കൊന്നു.
മരണം വരെ കുഞ്ഞിമുഹമ്മദ് ഹാജിയായിരുന്നു മഹല്ല് മുതവല്ലി. ദീര്‍ഘകാലം സെക്രട്ടറി സ്ഥാനവും അലങ്കരിച്ചു.
കുഞ്ഞുഹംസുവും നൂറുദ്ദീനും കല്ലാംകുഴിയിലെ എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും മുന്നിലുണ്ടായിരുന്നു. മഹല്ല് ഭരണം എല്ലാവരും ഒന്നിച്ച് സഹകരിച്ചാണ് നടത്തിയിരുന്നത്. ഇതിനിടയില്‍ മണ്ണാര്‍ക്കാട് മേഖല വിഘടിത വിഭാഗത്തിന്റെ സുന്നി മഹല്ല് ഫെഡറേഷന്(എസ് എം എഫ്) കീഴിലുള്ള തണല്‍ എന്ന സംഘടനയുടെ പിരിവ് നടത്താന്‍ ഒരു വിഭാഗം ശ്രമിച്ചു. ഇത് പള്ളിക്കമ്മിറ്റിയിലെ വലിയൊരു വിഭാഗം ചോദ്യം ചെയ്തു. ഒരു വിഭാഗത്തിന്റെയും പിരിവ് പള്ളിയില്‍ വേണ്ട എന്നായിരുന്നു പൊതുധാരണ. എന്നാല്‍ പ്രാദേശിക ലീഗ് നേതൃത്വത്തിന്റെ ഒത്താശയോടെ ഇവര്‍ പിരിവ് ആരംഭിച്ചു. ഇതിനെതിരെ കുഞ്ഞുഹംസു വഖ്ഫ് ട്രൈബ്യൂണലിനെ സമീപിച്ചു. പിരിവിന് സ്റ്റേ ലഭിച്ചു. വിധി നിലനില്‍ക്കുമ്പോള്‍ തന്നെ വീണ്ടും പിരിവിന് ശ്രമം നടത്തി. കുഞ്ഞുഹംസു ഹൈക്കോടതിയില്‍ നിന്ന് അനൂകൂല വിധി നേടി. ഇതിനിടയില്‍ തണലിന് ആവശ്യമായ പണം പുറത്തു നിന്ന് എല്ലാ വെള്ളിയാഴ്ചയും തങ്ങള്‍ പിരിച്ചു നല്‍കാം എന്നുവരെ കുഞ്ഞുഹംസു വാക്കു നല്‍കി. പ്രശ്‌നങ്ങള്‍ അവസാനിക്കലല്ല, കല്ലാംകുഴി കലാപ ഭൂമിയാക്കുകയായിരുന്നു അവരുടെ ലക്ഷ്യം.
പ്രശ്‌നങ്ങള്‍ നിലനില്‍ക്കെ 2013 നവംബര്‍ 17 ന് കല്ലാംകുഴിയില്‍ മുസ്‌ലിം ലീഗ് പൊതുയോഗം നടന്നു. മുഖ്യപ്രഭാഷകനായ പാലക്കാട് ജില്ലാ പഞ്ചായത്ത് അംഗം ഇ പി ഹസ്സന്‍ പള്ളത്ത് കുടുംബത്തെ തെറിവിളിച്ചും ഭീഷണിപ്പെടുത്തിയുമാണ് പ്രസംഗം തുടങ്ങിയതും അവസാനിപ്പിച്ചതും. പൊതുയോഗത്തിന് മുമ്പുള്ള പ്രകടനവും പ്രകോപനപരമായിരുന്നു. പ്രകടനം കണ്ടു നിന്ന രണ്ടു സുന്നി പ്രവര്‍ത്തകരെ പ്രകടനത്തിലുള്ളവര്‍ ആക്രമിച്ചു. ഇവരെ കുഞ്ഞുഹംസുവാണ് ആശുപത്രിയിലെത്തിച്ചത്. ഇത് പോലീസ് കേസിനും കാരണമായി. അടുത്ത ദിവസം സുന്നി പ്രവര്‍ത്തകര്‍ കുഞ്ഞുഹംസുവിന്റെയും നൂറുദ്ദീന്റെയും സാന്നിധ്യത്തില്‍ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കുകയായിരുന്നു. ഈ തീരുമാനത്തിന്റെ ഭാഗമായുള്ള കൂടിക്കാഴ്ചക്കാണ് ആ ക്രൂരതയുടെ രാത്രിയില്‍ സഹോദരങ്ങള്‍ പുറപ്പെട്ടത്.
സഹായിക്കാനും സഹകരിക്കാനും മാത്രമറിയാവുന്ന സഹോദരങ്ങളെ മനുഷ്യര്‍ക്ക് കൊല്ലാനാകില്ലെന്ന് കുഞ്ഞിമുഹമ്മദ് പറയുമ്പോള്‍ വിതുമ്പുന്നത് ഒരു ഗ്രാമം ഒന്നാകെയാണ്. പ്രതികളെ ചെല്ലും ചെലവും കൊടുത്താണ് ലീഗുകാര്‍ സംരക്ഷിച്ചത്. ശംസുദ്ദീന്‍ എം എല്‍ എയും കാഞ്ഞിരപ്പുഴയിലെ ലീഗ് നേതാക്കളുമായിരുന്നു എല്ലാറ്റിനും മുന്നില്‍. പ്രതികളുടെ വീടുകളില്‍ ഓരോ ചാക്ക് അരിയാണ് ലീഗുകാര്‍ എത്തിച്ചത്. പീന്നീട് ജാമ്യം ലഭിക്കാനും അവര്‍ സഹായിച്ചു. ജാമ്യം ലഭിച്ച പ്രതികളുമായി ഞങ്ങളുടെ വീട്ടിലേക്ക് അവര്‍ മാര്‍ച്ച് നടത്തി. വീടിന് കല്ലെറിഞ്ഞു. ഉപാധികളോടെ ജാമ്യം ലഭിച്ച 27 പേരില്‍ 11 പേര്‍ വിദേശത്തേക്ക് കടന്നു. കോങ്ങാട് മണ്ഡലത്തിലും മണ്ണാര്‍ക്കാട് മണ്ഡലത്തിലും യു ഡി എഫ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പ്രചാരണം നടത്തുകയാണ് മറ്റുള്ള പ്രതികള്‍. പള്ളത്ത് കുടുംബം നീതിക്കായി കേഴുമ്പോള്‍ രാഷ്ട്രീയ സ്വാധീനത്തില്‍ കല്ലാംകുഴി കലാപഭൂമിയാക്കുകയാണ് ഇവരുടെ ശ്രമം. വധശ്രമം, ഭീഷണി, തെറിവിളി…. പക തീര്‍ന്നിട്ടില്ല ഇവര്‍ക്ക് ഇനിയും.
കുടുംബത്തിന്റെ കണ്ണീരിന് വിലയുണ്ടാകും ഒരു ദിവസം…. ആ രാത്രിയില്‍ ശരീരത്തിലേറ്റ വലിയ മുറിവുകളുടെ ആഘാതവുമായി കഴിയുന്ന ജ്യേഷ്ഠന്‍ കുഞ്ഞിമുഹമ്മദ് തൊണ്ടയിടറി തലതാഴ്ത്തി.