Kerala
മദ്യനയം വലിയ വില നല്‍കേണ്ടി വന്നതായി മുഖ്യമന്ത്രി
കോഴിക്കോട്: ബാറുകള്‍ പൂട്ടിയത് വഴി വലിയ വിലയാണ് സര്‍ക്കാറിന് കൊടുക്കേണ്ടി വന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സംസ്ഥാനത്തെ എല്ലാ വിവാദങ്ങള്‍ക്കും പിന്നില്‍ മദ്യ വ്യവസായികളെന്ന് അദ്ദേഹം പറഞ്ഞു. ബാര്‍ പൂട്ടിയത് കൊണ്ട് നഷ്ടമുണ്ടായ ചിലരുടെ സാന്നിധ്യമാണ് ഇതിന് പിന്നിലുള്ളത്. എല്ലാ കാര്യങ്ങളും ജനങ്ങള്‍ക്ക് അറിയാം. യു.ഡി.എഫിന്റെ മദ്യനയത്തെ കുറിച്ച് തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലും വ്യക്തമായി വിശദീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സുതാര്യമായ മദ്യനയമാണ് യു.ഡി.എഫ്. സര്‍ക്കാര്‍ നടപ്പിലാക്കിയത്. ഘട്ടം ഘട്ടമായിട്ടുള്ള മദ്യ നിരോധനം നടപ്പിലാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ഇക്കാര്യം യുഡിഎഫിന്റെ പ്രകടന പത്രികയിലും ഉള്‍പ്പെടുത്തും. എല്‍.ഡി.എഫിന്റെ മദ്യനയം അവ്യക്തവുമാണെന്നും ബാര്‍ തുറന്നു നല്‍കാമെന്ന് എല്‍.ഡി.എഫ് മദ്യലോബികള്‍ വാക്ക് നല്‍കിയിട്ടുണ്ട്. ഇതാണ് കുറച്ചു കാലമായി എല്‍.ഡി.എഫ് നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടുന്നത്. യു.ഡി.എഫിന്റെ മദ്യനയത്തെ വീട്ടമ്മമാര്‍ പിന്തുണക്കുന്നു. ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ ഘട്ടംഘട്ടമായി മദ്യ ഉപയോഗം കുറച്ച് 10 വര്‍ഷം കൊണ്ട് നിരോധം നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. ആലോചിച്ച് ഉറച്ചെടുത്ത തീരുമാനമാണിത്. ബിഹാറില്‍ ഒറ്റയടിക്കാണ് മദ്യനിരോധം നടപ്പാക്കുന്നതെന്നും ഉമ്മന്‍ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു.