Wayanad
രാത്രിയാത്രാ നിരോധം: പരിഹാര മാര്‍ഗവുമായി ആക്ഷന്‍ കമ്മിറ്റി
കല്‍പ്പറ്റ: ദേശീയപാത 212 ലെ രാത്രിയാത്രാ നിരോധത്തിന് ഏറ്റവും ഉചിതമായ പരിഹാരം ദേശീയപാതയിലെ വനമേഖലയില്‍ ഇടവിട്ട് സ്ഥാപിക്കുന്ന ജൈവപാലങ്ങളാണെന്ന് നീലഗിരി-വയനാട് എന്‍.എച്ച് ആന്‍ഡ് റയില്‍വേ ആക്ഷന്‍ കമ്മറ്റി.
വനത്തില്‍ റോഡിന് കുറുകെ മൃഗങ്ങള്‍ക്ക് കടന്നുപോകാന്‍ സ്ഥാപിക്കുന്ന മേല്‍പ്പാലങ്ങളാണ് ഇക്കോ ബ്രിഡ്ജ് അഥവാ ജൈവപാലം എന്ന് അറിയപ്പെടുന്നത്. കോണ്‍ക്രീറ്റ് മേല്‍പ്പാലത്തില്‍ മണ്ണു നിറച്ച് ചെടികള്‍ നട്ട് വനത്തിന്റെ അന്തരീക്ഷമുണ്ടാക്കുകയാണ് ഇത്തരം പാലങ്ങളില്‍ ചെയ്യുന്നത്. മൃഗങ്ങള്‍ക്ക് ഈ പാലത്തിലൂടെ അപകടഭീഷണിയില്ലാതെ റോഡ് മുറിച്ചു കടക്കാം. ചുരുങ്ങിയ കാലത്തെ പരിചയം കൊണ്ടുതന്നെ മൃഗങ്ങള്‍ ഇതുമായി പൊരുത്തപ്പെടും. ഉരഗങ്ങള്‍ക്കും ചെറുജീവികള്‍ക്കും റോഡ് മുറിച്ചു കടക്കാന്‍ ജൈവ ഇടനാഴി എന്ന ചെറു തുരങ്കങ്ങളും റോഡില്‍ നിര്‍മ്മിക്കാം. അമേരിക്കയിലെ ഫെഡറല്‍ ഹൈവേ അഡ്മിനിസ്ട്രേഷന് ഇത്തരം മാര്‍ഗങ്ങള്‍ സംബന്ധിച്ച് വിശദമായ പഠനം നടത്തിയിട്ടുണ്ട്. അമേരിക്കയിലേയും കാനഡയിലേയും യൂറോപ്പിലേയും പല വന്യജീവി സങ്കേതങ്ങളിലും ജൈവപാലങ്ങളും ജൈവഇടനാഴികളും ഫലപ്രദമായി നടപ്പാക്കിയിട്ടുണ്ട്. വനമേഖലയിലെ 19 കിലോമീറ്റര്‍ വരുന്ന ദേശീയപാത 212 ല്‍ ഒരു കിലോമീറ്റര്‍ അകലത്തിലായി 17 ജൈവ പാലങ്ങളും 17 ജൈവ ഇടനാഴികളും സ്ഥാപിക്കുകയും റോഡിനിരുവശവും മൃഗങ്ങള്‍ റോഡിലിറങ്ങാതിരിക്കാന്‍ വേലികെട്ടി വേര്‍തിരിക്കുകയും ചെയ്താല്‍ രാത്രിയാത്രാ നിരോധനത്തിന് ശാശ്വതപരിഹാരമുണ്ടാക്കാം. പകല്‍ സമയത്തെ അപകടങ്ങളും ഇതുമൂലം ഇല്ലാതാക്കാന്‍ സാധിക്കും. ആക്ഷന്‍ കമ്മറ്റി ഈ നിര്‍ദ്ദേശം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളില്‍ ഫലപ്രദമായി നടപ്പാക്കിയ ജൈവപാലങ്ങളുടേയും ജൈവ ഇടനാഴികളുടേയും ചിത്രങ്ങളും വിദേശരാജ്യങ്ങളിലെ പഠനറിപ്പോര്‍ട്ടുകളും ആക്ഷന്‍ കമ്മറ്റി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ഒരു ജൈവപാലത്തിന് ഒരു കോടി രൂപയേ ചെലവു വരൂ. ജൈവ ഇടനാഴിക്ക് 3 ലക്ഷം രൂപയും ചിലവു വരും. പാലങ്ങള്‍ക്കും ഇരുവശത്തെ വേലിക്കുമടക്കം 40 കോടി രൂപയില്‍ താഴെ മാത്രം ചെലവാക്കിയാല്‍ ദേശീയപാതയിലെ രാത്രിയാത്രാ നിരോധനത്തിന് ശാശ്വതപരിഹാരമുണ്ടാക്കാം. ഇതു സംബന്ധിച്ച് ആക്ഷന്‍ കമ്മറ്റി സംസ്ഥാന സര്‍ക്കാറിനും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഇന്ന് ജില്ലയിലെത്തുന്ന മുഖ്യമന്ത്രിയുമായി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തുമെന്നും ആക്ഷന്‍ കമ്മറ്റി അറിയിച്ചു. പത്രസമ്മേളനത്തില്‍ കണ്‍വീനര്‍ ടി.എം.റഷീദ്, സെക്രട്ടറി വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ:പി.വേണുഗോപാല്‍, ഫാ:ടോണി കോഴിമണ്ണില്‍, പി.വൈ.മത്തായി, വി.മോഹനന്, എം.എ.അസൈനാര്‍, ഒ.കെ.മുഹമ്മദ്, ജോസ് കപ്യാര്‍മല, നാസര്‍ കാസിം, മോഹനന് നവരംഗ്, സംഷാദ്, ജോയിച്ചന്‍ വര്‍ഗ്ഗീസ്, റാംമോഹന് എന്നിവര്‍ പങ്കെടുത്തു.