Ongoing News
മോണോ ആക്ടില്‍ സഹോദരങ്ങള്‍ക്ക് വിജയം
		
      																					
              
              
            തിരുവനന്തപുരം: മോണോ ആക്ടില്‍ ആകാശ് ആഞ്ജനേയന്‍, അമൃത വര്‍ഷ സഹോദരങ്ങള്‍ക്ക് വിജയം. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മോണോ ആക്ടിറ്റില്‍ ഒന്നാം സ്ഥാനം ആകാശിനാണ്. അമൃതവര്‍ഷ രണ്ടാംതവണയാണ് സംസ്ഥാന തലത്തില്‍ ഒന്നാമതെത്തുന്നത്.
മോണോ ആക്ടിന് പുറമേ ആകാശിന് ഇത്തവണ മൃദംഗത്തിനും നാടക മത്സരത്തിനും എ ഗ്രേഡും കിട്ടിയിട്ടുണ്ട്. എറണാകുളം മൂത്തമുത്തം എസ് എന്‍ എം എച്ച് എസ് എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ആകാശ്. ഇരുവരുടെയും മാതാപിതാക്കള്‍ നൃത്താധ്യാപകരാണ്. അച്ഛന്‍ കണ്ണന്‍ ജി നാഥും അമ്മ സീമയും എറണാകുളം നോര്‍ത്ത് പറവൂരില്‍ അമൃതവര്‍ഷിണി എന്ന പേരില്‍ ഡാന്‍സ് സ്‌കൂള്‍ നടത്തുകയാണ്. കണ്ണന്റെ മാതാവാണ് സ്‌കൂള്‍ സ്ഥാപിച്ചത്. മാതാവിന്റെ കാലശേഷം കണ്ണനാണ് സ്‌കൂള്‍ ഏറ്റെടുത്തു നടത്തുന്നത്. അതുകൊണ്ടുതന്നെ തന്റെ കുട്ടികളുടെ കലാപരമായ കഴിവുകള്‍ തെളിയിക്കാനുള്ള അവസരങ്ങള്‍ പാഴാക്കാറില്ല. നൃത്താധ്യാപകരാണു മാതാപിതാക്കളെങ്കിലും ആകാശിന് മൃദംഗം നാടകാഭിനയത്തോടും മോണോ ആക്റ്റിനോടുമാണു കമ്പം. ഇത്തവണത്തെ കലോത്സവത്തില്‍ കലാഭവന്‍ നൗഷാദാണ് മോണോ ആക്റ്റില്‍ ആകാശിന്റെ ഗുരു. തന്റെ സഹോദരിക്ക് കഴിഞ്ഞ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ നേരിട്ട ഒരനുഭവമാണ് ഇത്തവണത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മോണോ ആക്റ്റ് രൂപത്തില്‍ അവതരിപ്പിച്ചത്.
നൃത്തത്തില്‍ അഭിരുചിയുള്ള തന്റെ സഹോദരി അമൃതവര്‍ഷ കഴിഞ്ഞതവണ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിച്ചിരുന്നു. 50,000 രൂപ നല്‍കിയാല്‍ ഒന്നാം സ്ഥാനം നല്‍കാമെന്നു വിധികര്‍ത്താക്കള്‍ അറിയിച്ചു. ഇതു കൊടുക്കാന്‍ വിസമ്മതിച്ച അമൃതക്ക് ആവര്‍ഷം ജില്ലാ കലോത്സവത്തില്‍ നിന്നും പുറത്താകേണ്ടിയും വന്നു. നന്നായി കളിച്ചെങ്കിലും മനപൂര്‍വം തോല്‍പ്പിക്കുകയായിരുന്നുവെന്നു അധ്യാപകരും പറയുന്നു. അപ്പീലിനു പോകാന്‍ കാശില്ലാത്തതിനാല്‍ പോയില്ല. അതുകൊണ്ടാണു താന്‍ തഴയപ്പെട്ടതെന്നും അമൃതവര്‍ഷ പറയുന്നു. തന്റെ സഹോദരിക്കു പിണഞ്ഞ ഈ ദുരന്തം കലാഭവന്‍ നൗഷാദിനോടു പറഞ്ഞപ്പോള്‍ അതുതന്നെ ഇത്തവണ മോണോ ആക്റ്റിന് വിഷയമാക്കുകയായിരുന്നു. അമൃതവര്‍ഷ എഴുത്തുകാരി സാറാ ജോസഫിന്റെ മുടിത്തെയ്യമാണ് വിഷയമായെടുത്തത്. സ്ത്രീകളുടെ സ്വഭാവത്തിലുണ്ടാകുന്ന വ്യത്യാസവും പുരുഷന്‍മാരെ ചൂഷണം ചെയ്യലും അരങ്ങില്‍ അവതരിപ്പിച്ചപ്പോള്‍ കാണികള്‍ ഒന്നടങ്കം കൈയടിച്ചു. കലാഭവന്‍ നൗഷാദ് തന്നെയാണ് അമൃതയുടെയും ഗുരു. കലോത്സവ വേദിയില്‍ തുടര്‍ച്ചയായി രണ്ടാം തവണയും വിജയം നേടാനായതിന്റെ സന്തോഷത്തിലാണ് അമൃതവര്‍ഷിണി.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          

