Connect with us

Editorial

ഇനിയും ക്ഷമ പരീക്ഷിക്കരുത്

Published

|

Last Updated

അച്ചടക്കത്തിന്റേയും സ്വയംസമര്‍പ്പണത്തിന്റേയും കാര്യത്തില്‍ ഇന്ത്യന്‍ സായുധസേനയുടെ ചരിത്രം ഏറെ പ്രശംസനീയമാണ്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പാക്കുന്നതിനും നാലതിരുകളും കാക്കുന്നതിനും പ്രതിജ്ഞാബദ്ധരായ സായുധസേനകള്‍ സിയാച്ചിന്‍ പോലെ അപകടം പതിയിരിക്കുന്ന മലനിരകളില്‍ ജീവന്‍ പണയംവെച്ച് പ്രവര്‍ത്തിക്കുന്നതും, പ്രളയം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതിക്ഷോഭങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും ഏറെ ശ്ലാഘിക്കപ്പെട്ടതാണ്. നിക്ഷിപ്ത താത്പര്യക്കാരും ദേശവിരുദ്ധ ശക്തികളും രാജ്യത്ത് കലാപകലുഷിതമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ അതിനെ ശക്തിയായി ചെറുത്ത് തോല്‍പ്പിക്കുന്നതില്‍ സായുധസേന കാഴ്ചവെക്കുന്ന സമര്‍പ്പണബോധം ആര്‍ക്കും വിസ്മരിക്കാനാകില്ല. സൈനികന്‍ എന്ന നിലയില്‍ സേവനമനുഷ്ഠിക്കുന്ന ഒരാളെ സംബന്ധിച്ച് അയാളുടെ കുടുംബാംഗങ്ങള്‍ ഏറെ ആശങ്കയിലാണ് കഴിയുന്നത്. സാമ്പത്തിക പ്രയാസങ്ങള്‍, വീട്ടുകാരില്‍ നിന്നും ദീര്‍ഘകാലം അകന്ന് ഏറെ പ്രയാസങ്ങള്‍ സഹിച്ച് കഴിയുന്നത് കാരണമുള്ള മാനസിക സംഘര്‍ഷങ്ങള്‍ ഇവയെല്ലാം സൈനികരില്‍ സൃഷ്ടിക്കുന്ന പിരിമുറുക്കം ചെറുതല്ല. രാഷ്ട്രസേവനം ശിരസാവഹിക്കുന്ന സൈനികര്‍ പലപ്പോഴും പലകാര്യങ്ങളിലും അവഗണിക്കപ്പെടുന്നു.
“ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി” സൈനികരെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണ്. എന്നാല്‍ ഈ പദ്ധതി വേണ്ടത്ര സാവകാശം നല്‍കിയിട്ടും കേന്ദ്ര സര്‍ക്കാറും പ്രതിരോധ മന്ത്രാലയവും കുറ്റമറ്റരീതിയില്‍ നടപ്പാക്കിക്കാണാത്തത് അങ്ങേയറ്റം ദുഃഖകരമാണ്. പദ്ധതിയിലെ പോരായ്മകള്‍ വിരമിച്ച സൈനികരുമായി ചര്‍ച്ചചെയ്യാനും ,പ്രശ്‌നപരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനും മുന്‍ കരസേനാ മേധാവിയായ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി കെ സിംഗിനെ ഒരുമാസം മുമ്പ് ചുമതലപ്പെടുത്തിയിരുന്നുവെങ്കിലും ഒന്നും സംഭവിച്ചില്ലെന്ന് സൈനികര്‍ പരാതി പറയുന്നു. ഏറെ ചര്‍ച്ചകള്‍ക്കും പഠനത്തിനും ശേഷം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച “ഒരു റാങ്ക് ഒരു പെന്‍ഷന്‍” പദ്ധതി നടപ്പാക്കിക്കിട്ടാന്‍ “രാജ്യത്തിന്റെ കാവലാള്‍”മാര്‍ക്ക് സമരമാര്‍ഗം സ്വീകരിക്കേണ്ടിവരുന്നു എന്നത് അപമാനകരമാണ്. വരുന്ന റിപ്പബ്ലിക് ദിനത്തിന് മുമ്പ് പദ്ധതിയിലെ അപാകങ്ങള്‍ തീര്‍ത്ത് നടപ്പാക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായില്ലെങ്കില്‍ സമരമാര്‍ഗം ശക്തിപ്പെടുത്താനാണ് വിരമിച്ച സൈനികരുടെ തീരുമാനം. റിപ്പബ്ലിക് ദിന ചടങ്ങ് ബഹിഷ്‌കരിക്കുക, രാജ്പഥിലെ പരേഡില്‍ പങ്കെടുക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ വിമുക്തഭടന്മാരോട് നിര്‍ദേശിക്കുക തുടങ്ങി പ്രക്ഷോഭ പരിപാടികള്‍ ശക്തിപ്പെടുത്താനാണ് വിമുക്തഭടന്മാരുടെ സംഘടനാ തീരുമാനം. രാജ്യത്തിനകത്ത് മാത്രമല്ല, വിദേശങ്ങളില്‍ പോലും ഇന്ത്യന്‍ സായുധസേന സേവനമനുഷ്ഠിക്കുന്നുണ്ട്. ഐക്യരാഷ്ട്ര സംഘടനക്കു കീഴില്‍ പല രാജ്യങ്ങളിലും സമാധാന പാലനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ത്യന്‍ സേന നിയോഗിക്കപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര രംഗത്ത് ഇന്ത്യന്‍ സേനയുടെ സേവനം ഏറെ പ്രശംസിക്കപ്പെട്ടിട്ടുമുണ്ട്.
ഇന്ത്യന്‍ സായുധ സേനയില്‍ പ്രതിവര്‍ഷം ശരാശരി 100 പേര്‍ സ്വയം ജീവനൊടുക്കുന്നുവെന്നത് സേനാ അധികൃതര്‍ അംഗീകരിച്ച വസ്തുതയാണ്. കേന്ദ്ര പ്രതിരോധ സഹമന്ത്രി റാവു ഇന്ദ്രജിത് സിംഗ് ലോക്‌സഭയിലും ഇക്കാര്യം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 2012 മുതല്‍ ഇതുവരെ 334 ഇന്ത്യന്‍ സൈനികര്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്. മാനസിക സംഘര്‍ഷങ്ങളാണ് ഇതിന് ഒരു പ്രധാന ഘടകമെങ്കിലും സാമ്പത്തിക പരാധീനതകളും ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്. കുടുംബത്തില്‍ നിന്നും ദീര്‍ഘകാലം അകന്ന് കഴിയേണ്ടിവരുന്ന സൈനികരില്‍ മാനസിക പിരിമുറുക്കം സ്വാഭാവികമാണ്. ഇത് പരിഹരിക്കാന്‍ ശാസ്ത്രീയ സംവിധാനങ്ങള്‍ ഒരുക്കണം. സിയാച്ചിന്‍ പോലെ പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന മലനിരകളില്‍ മാത്രം 869 ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ ബലിയര്‍പ്പിക്കേണ്ടിവന്നിട്ടുണ്ട്. സിയാച്ചിന്‍ പോലുള്ള അതീവ സുരക്ഷാ മേഖലയില്‍ സൈനികര്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങള്‍ ഒരുക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ കഴിവിന്റെ പരമാവധി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ പ്രതിരോധ സഹമന്ത്രി റാവു ഇന്ദ്രജിത് സിംഗ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ സുരക്ഷയില്‍ താത്പര്യമുള്ള രാജ്യത്തെ സ്‌നേഹിക്കുന്ന എല്ലാവരും സൈനികരുടെ ക്ഷേമത്തിലും താത്പര്യമുള്ളവരാണ്. ഈ ഒരു സാഹചര്യത്തിലാണ് “ഒരു റാങ്ക് ഒരു പെന്‍ഷന്‍” പദ്ധതി നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാറും പ്രതിരോധ വകുപ്പും തീരുമാനിച്ചത്. എന്നാല്‍ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പുരോഗതി കൈവരിക്കാനായില്ല എന്നത് ദുഃഖകരമാണ്. വിമുക്ത ഭടന്മാരെ പ്രക്ഷോഭ രംഗത്തിറക്കുന്നത് തീ കൊണ്ടുള്ള കളിയാണ്. സഹിക്കേണ്ടതിന്റെ പരമാവധി അവര്‍ സഹിച്ച് കഴിഞ്ഞു. ഇനിയും ക്ഷമ പരീക്ഷിക്കരുത്.

Latest