National
എന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയിരുന്നെങ്കില്‍ വിധി മാറിയേനെ: ശത്രുഘ്‌നന്‍ സിന്‍ഹ

ന്യൂഡല്‍ഹി: തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാണിച്ചിരുന്നുവെങ്കില്‍ ബീഹാറിലെ ഫലം മറ്റൊന്നാകുമായിരുന്നുവെന്ന് ഇടഞ്ഞു നില്‍ക്കുന്ന ബി ജെ പി നേതാവും മുന്‍ നടനുമായ ശത്രുഘ്‌നന്‍ സിന്‍ഹ. താന്‍ പൊങ്ങച്ചം പറയുകയല്ല. ബീഹാര്‍ ജനതയുടെ ഇഷ്ട താരമെന്ന നിലയില്‍ തനിക്ക് ഏറെ സാധ്യതകള്‍ ഉണ്ടായിരുന്നു. മണ്ണിന്റെ മകനും യഥാര്‍ഥ ബീഹാരി ബാബുവുമായ തന്നെ മനഃപൂര്‍വം തഴയുകയല്ലേ ചെയ്തത്? ഇത് ബി ജെ പിയുടെ സാധ്യതയില്‍ മങ്ങലേല്‍പ്പിച്ചിട്ടുണ്ടെന്ന് ഇന്ത്യാ ടി വിയുടെ ആപ് കി അദാലത്ത് പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. “എന്നെ ഉയര്‍ത്തിക്കാണിച്ചിരുന്നെങ്കില്‍ എത്ര മാറ്റമുണ്ടാകുമായിരുന്നുവെന്ന് എനിക്ക് പറയാനാകില്ല. പക്ഷേ ഒരു കാര്യം തീര്‍ത്ത് പറയാനാകും. മാറ്റമുണ്ടാകുമായിരുന്നു. ഇപ്പോള്‍ കിട്ടിയതിനേക്കാള്‍ കൂടുതല്‍ സീറ്റ് നിശ്ചയമായും കിട്ടുമായിരുന്നു” – സിന്‍ഹ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബീഹാറിലെ മുഖ്യ പ്രചാരകനാക്കിയത് വലിയ തെറ്റായിപ്പോയെന്നും പാറ്റ്‌ന സാഹിബില്‍ നിന്നുള്ള എം പിയായ ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു.
കേന്ദ്ര മന്ത്രി സ്ഥാനം കിട്ടാത്തതു കൊണ്ടാണോ തങ്കള്‍ ബി ജെ പിക്കകത്ത് നിന്ന് കൊണ്ട് തന്നെ വിമര്‍ശനം നടത്തുന്നുതെന്ന ചോദ്യത്തിന് ഇങ്ങനെയായിരുന്നു സിന്‍ഹയുടെ മറുപടി: പലര്‍ക്കും അനര്‍ഹമായ സ്ഥാനങ്ങള്‍ കിട്ടിയിട്ടുണ്ട്. അവരാണ് താന്‍ അതൃപ്തനാണെന്ന് പ്രചരിപ്പിക്കുന്നത്. മന്ത്രിയാകുമ്പോഴേക്കും ഒരാള്‍ക്ക് സ്വര്‍ണ ചിറകൊന്നും ലഭിക്കില്ല. അനുയായികളും സുഹൃത്തുക്കളും സ്വാഭാവികമായും ചോദിക്കുന്നുണ്ട്, എന്ത്‌കൊണ്ട് മന്ത്രി പദവി ലഭിച്ചില്ലെന്ന്. മന്ത്രിമാരെ നിശ്ചയിക്കുകയെന്നത് പ്രധാനമന്ത്രിയുടെ വിവേചനാധികാരമാണെന്ന് പറഞ്ഞാണ് അവരെ സമാധാനിപ്പിക്കുന്നത്. ഇന്നല്ലെങ്കില്‍ നാളെ മന്ത്രിപദവി ലഭിക്കുമെന്നും അവരോട് പറയുന്നു.
ബീഹാര്‍ തിരഞ്ഞെടുപ്പിനായി ഇറക്കിയ പോസ്റ്ററുകളില്‍ നിന്ന് വരെ തന്റെ പടം ഒഴിവാക്കി. തന്നെ ഒതുക്കാനുള്ള കൃത്യമായ അജന്‍ഡയുടെ ഭാഗമായിരുന്നുഅതെല്ലാമെന്ന് എല്ലാവര്‍ക്കുമറിയാമെന്നും സിന്‍ഹ പറഞ്ഞു. ഏറെക്കാലമായി ബി ജെ പി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശമാണ് സിന്‍ഹ നടത്തി വരുന്നത്. ബീഹാര്‍ ഫലം വന്നയുടന്‍ സിന്‍ഹ നടത്തിയ പ്രതികരണവും വിവാദമായിരുന്നു. ഇത് ജനങ്ങളുടെ വിജയമാണ്. ബീഹാറിയും ബാഹറി(പുറത്തുള്ളവര്‍)യും തമ്മിലാണ് മത്സരം നടന്നതെന്നും മഹാസഖ്യത്തിന്റെ വിജയം ബീഹാറുകാരുടെ വിജയമാണെന്നുമായിരുന്നു അദ്ദേഹം തുറന്നടിച്ചത്.