Ongoing News
കൊല്‍ക്കത്തക്കെതിരെ നോര്‍ത്ത് ഈസ്റ്റിന് ഞെട്ടിക്കുന്ന ജയം

ഗുവാഹത്തി: ഐ എസ് എല്ലില്‍ വടക്ക് കിഴക്കന്‍ ഫുട്‌ബോള്‍ ടീം തിരിച്ചു വരുന്നു. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സി എതിരില്ലാത്ത ഒരു ഗോളിന് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ അട്ടിമറിച്ചു. ലീഗില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. അത്‌ലറ്റിക്കോ കൊല്‍ക്കത്ത തുടരെ രണ്ടാം എവേ മത്സരത്തിലും പരാജയപ്പെട്ടു. ആറ് പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് ടേബിളില്‍ ആറാം സ്ഥാനത്താണ്. അഞ്ച് മത്സരങ്ങളില്‍ ഏഴ് പോയിന്റാണ് അത്‌ലറ്റിക്കോക്കുള്ളത്.
തുടരെ രണ്ടാം മത്സരത്തിലും പകരക്കാരന്റെ റോളിലെത്തിയ അര്‍ജന്റൈന്‍ സ്‌ട്രൈക്കര്‍ നികോളാസ് വെലെസാണ് വിജയഗോള്‍ നേടിയത്. 77താം മിനുട്ടിലാണ് വെലെസിന്റെ തകര്‍പ്പന്‍ ഗോള്‍ പിറന്നത്. ഹോം ഗ്രൗണ്ടില്‍ ചെന്നൈയിന്‍ എഫ് സിക്കെതിരെയും വെലെസ് ഗോള്‍ നേടിയിരുന്നു.
ചെന്നൈയിന്‍ എഫ് സിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച അതേ ടീമിനെ തന്നെയാണ് നോര്‍ത്ത് ഈസ്റ്റിന്റെ കോച്ച് സെസാര്‍ ഫരിയാസ് ഇന്നലെയും കളത്തിലിറക്കിയത്. തുടക്കം മുതല്‍ ആതിഥേയര്‍ ആക്രമിച്ചു കളിച്ചു. ഇരുപത്തിരണ്ടാം മിനുട്ടില്‍ പെനാല്‍റ്റിക്കായി അപ്പീല്‍ ചെയ്‌തെങ്കിലും ഫലം കണ്ടില്ല. കൊല്‍ക്കത്തയുടെ ഇന്ത്യന്‍ ഡിഫന്‍ഡര്‍ റിനോ ആന്റോ നോര്‍ത്തിന്റെ ബ്രൂണോ അരിയാസിനെ വീഴ്ത്തിയതിനെ ചൊല്ലിയാണ് അപ്പീലിംഗ്. ബോക്‌സിന് പുറത്ത് വെച്ചാണ് ഫൗള്‍ നടന്നതെന്ന് കാണിച്ച് റഫറി ഫ്രീ കിക്ക് നല്‍കിയതോടെ ഉറപ്പായ പെനാല്‍റ്റി കിക്ക് ആതിഥേയര്‍ക്ക് നഷ്ടമായി.
എന്നാല്‍, ഫ്രീകിക്ക് അപകടകാരിയായിരുന്നു. അത്‌ലറ്റിക്കോ ഗോള്‍ കീപ്പര്‍ അമരീന്ദര്‍ സിംഗ് ഇടത്തോട്ട് മുഴുനീളന്‍ ഡൈവടിച്ചാണ് പന്ത് തട്ടിമാറ്റിയത്. ബോക്‌സിന് പുറത്ത് വെച്ച് റീഗന്‍ സിംഗ് തൊടുത്ത വോളി അമരീന്ദര്‍ സീഗ് വിരല്‍ത്തുമ്പുകൊണ്ടാണ് ഗോളാകാതെ നോക്കിയത്. തുടക്കത്തില്‍ മികച്ച പാസിംഗുകളില്‍ പരാജയപ്പെട്ട അത്‌ലറ്റിക്കോ നാല്‍പ്പത്തൊന്നാം മിനുട്ടിലാണ് എതിര്‍ ഗോള്‍മുഖം വിറപ്പിച്ചത്. ജെയ്മി ഗാവിലാന്റെ കോര്‍ണര്‍ കിക്ക് ഒഫെന്‍സെ നാറ്റോ ഹെഡ് ചെയ്‌തെങ്കിലും കാമറൂണ്‍ ഡിഫന്‍ഡര്‍ ആന്ദ്രെ ബിക്കെ കുത്തിയകറ്റി.
രണ്ടാം പകുതിയുടെ തുടക്കം മുതല്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത മത്സരത്തിന്റെ കടിഞ്ഞാണ്‍ സ്വന്തമാക്കി. ഗാവിലാന്‍ രണ്ട് പ്രതിരോധ നിരക്കാരെ കബളിപ്പിച്ച് പന്ത് ഇയാന്‍ ഹ്യൂമിന് കൈമാറി. കാനഡ സ്‌ട്രൈക്കര്‍ ഹ്യൂം നല്‍കിയ ക്രോസ് യാവി ലാറ ഫസ്റ്റ് ടൈം ഷോട്ടില്‍ ഗോളിന് ശ്രമിച്ചെങ്കിലും പുറത്തേക്ക് പോയി.
അറുപത്തിനാലാം മിനുട്ടില്‍ നാറ്റോയുടെ ഹെഡര്‍ ക്രോസ്ബാറില്‍ തട്ടിത്തെറിച്ചത് നോര്‍ത്ത് ഈസ്റ്റിന് ഭാഗ്യമായി. പത്ത് മിനുട്ടിനുള്ളില്‍ ഇയാന്‍ ഹ്യൂം ആതിഥേയരുടെ മലയാളി ഗോളി രെഹനേഷിനെ പരീക്ഷിച്ചു. ഗോള്‍ മാത്രം പിറന്നില്ല.
സഞ്ജു പ്രധാന്‍, നികോളാസ് വെലെസ് എന്നീ രണ്ട് സബ്സ്റ്റിറ്റിയൂഷനുകള്‍ നടത്തിയതാണ് നോര്‍ത്ത് ഈസ്റ്റിന് ഫലം ചെയ്തത്. സഞ്ജുവിന്റെ ഷോട്ട് ആദ്യ അര്‍നാബ് മൊണ്ടല്‍ബ്ലോക്ക് ചെയ്‌തെങ്കിലും റീബൗണ്ട് പന്ത് വെലെസ് വലക്കുള്ളിലാക്കി. ഈ ഗോള്‍ അത്‌ലറ്റിക്കോയെ ഞെട്ടിക്കുന്നതായിരുന്നു.