Ongoing News
പവര്‍ഫുള്‍ ബ്ലാസ്റ്റേഴ്‌സ് !

കൊച്ചി: വരച്ചു വെച്ചതു പോലെ മൂന്ന് ഗോളുകള്‍, മറുപടിയെന്നോണം ഒന്ന് തിരിച്ചും ! ഐ എസ് എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സിയെ ആതിഥേയ മര്യാദയൊന്നും കാണിക്കാതെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കേരള ബ്ലാസ്റ്റേഴ്‌സ് തകര്‍ത്തു കളഞ്ഞു ! ബാഴ്‌സലോണയുടെ യൂത്ത് പ്രൊഡക്ടായ ജോസു കുരിയാസ്, മലയാളി താരം മുഹമ്മദ് റാഫി, ആഴ്‌സണലിന്റെ യൂത്ത് പ്രൊഡക്ടായ സാഞ്ചസ് വാട്ട് എന്നിവരാണ് കേരളത്തിനായി ബ്ലാസ്റ്റ് ചെയ്തത്. രണ്ടാം പകുതിയില്‍ 49, 68, 72 മിനുട്ടുകളിലായിരുന്നു ഗോളുകള്‍. നോര്‍ത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോള്‍ എണ്‍പത്തൊന്നാം മിനുട്ടില്‍ ഇറ്റലിക്കാരന്‍ വെലെസ് നേടി. കഴിഞ്ഞ സീസണില്‍ ഇതേ തട്ടകത്തില്‍ ഇരുടീമുകളും 1-1ന് പിരിയുകയായിരുന്നു. എവേ മാച്ചില്‍ ബ്ലാസ്റ്റേഴ്‌സ് തോല്‍ക്കുകയും ചെയ്തു. ഇതാദ്യമായാണ് വടക്ക് കിഴക്കിന്റെ ഐ എസ് എല്‍ പ്രതിനിധികള്‍ക്കെതിരെ കേരളത്തിന്റെ മഞ്ഞപ്പടക്ക് ജയം. ബ്ലാസ്റ്റേഴ്‌സിനെ ഇംഗ്ലണ്ട് താരം പീറ്റര്‍ റമഗെയും നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ പോര്‍ച്ചുഗല്‍ താരം മിഗ്വേല്‍ ഏഞ്ചല്‍ ഗാര്‍സിയയും നയിച്ചു. രണ്ട് പേരും പ്രതിരോധനിരക്കാര്‍. ആദ്യപകുതിയില്‍ തന്നെ ഗാര്‍സിയ പരുക്കേറ്റ് പിന്‍വാങ്ങി. സഞ്ജു പ്രധാനായിരുന്നു പകരമെത്തിയത്. സി കെ വിനീതിനെ ഫൗള്‍ ചെയ്തതിന് സഞ്ജു മഞ്ഞക്കാര്‍ഡ് കാണുകയും ചെയ്തു. ക്രിസ് ഡാഗ്നലിന് പകരം സാഞ്ചസ് വാട്ടും ഗോള്‍ സ്‌കോറര്‍ ജോസു കുരിയാസിന് പകരം ജോ കോയിമ്പ്രയും പീറ്റര്‍ കാര്‍വാലോക്ക് പകരം ഗുര്‍വീന്ദര്‍ സിംഗും കളത്തിലിറങ്ങി. എഴുപത്തൊന്നാം മിനുട്ടില്‍ കമാറയെ പിന്‍വലിച്ച് ഘാനയുടെ ഫ്രാന്‍സിസ് ഡാഡ്‌സിയെ പരീക്ഷിച്ചെങ്കിലും നോര്‍ത്ത് ഈസ്റ്റിന് ചലനമുണ്ടാക്കാനായില്ല. രണ്ടാം പകുതിയില്‍ തുടരെ കോര്‍ണറുകള്‍ നേടി ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍മുഖം വിറപ്പിച്ചെങ്കിലും അട്ടിമറിക്ക് ഹോം ടീം വഴങ്ങിക്കൊടുത്തില്ല.
ബ്ലാസ്റ്റേഴ്‌സ് രണ്ടാം മത്സരത്തില്‍ ശനിയാഴ്ച മുംബൈ സിറ്റി എഫ് സിയെയും നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സി വെള്ളിയാഴ്ച എഫ് സി പൂനെ സിറ്റിയെയും നേരിടും.
ലോംഗ് ത്രോ-ഹെഡര്‍-ഗോള്‍ !!
കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ രണ്ട് ഗോളുകളും സമാനമായ രീതിയില്‍. ആദ്യ ഗോള്‍ ഇങ്ങനെ: വലത് വിംഗില്‍ നിന്ന് രാഹുല്‍ ശങ്കര്‍ ബോക്‌സിനുള്ളിലേക് നല്‍കിയ ലോംഗ് ത്രോ ബോള്‍ ബ്രസീലിയന്‍ ഡിഫന്‍ഡര്‍ ബ്രൂണോ പെറോണ്‍ തലകൊണ്ട് പിറകിലേക്ക് മറിച്ചു നല്‍കി. സി കെ വിനീതിന്റെ ബൈസിക്കിള്‍ കിക്ക് ശ്രമം. ഇത് വിഫലമായെങ്കിലും കഴുകനെ പോലെ പന്ത് റാഞ്ചാന്‍ നിന്ന സ്പാനിഷ് താരം ജോസു കുരിയാസ് കണ്ണഞ്ചിപ്പിക്കുന്ന ഫസ്റ്റ് ടൈം വോളിയില്‍ പന്ത് വലയില്‍ തുളച്ച് കയറ്റി.
രണ്ടാം ഗോളും അതേ സ്ഥാനത്ത് നിന്ന് രാഹുല്‍ നല്‍കിയ ലോംഗ് ത്രോ ബോളില്‍ നിന്ന്. ഇത്തവണ പന്ത് ഹെഡ് ചെയ്ത് പിറകിലേക്കിട്ടത് ക്യാപ്റ്റന്‍ പീറ്റര്‍ റമഗെ. മുഹമ്മദ് റാഫിയുടെ ക്ലാസിക് ഹെഡറില്‍ പന്ത് പോസ്റ്റിലുരുമ്മി വലയില്‍.
മൂന്നാം ഗോളില്‍ മൂന്ന് പേര്‍ !
ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാം ഗോള്‍ എതിരാളികള്‍ സ്വപ്‌നത്തില്‍ പോലും പ്രതീക്ഷിക്കാത്ത വിധം. ഗോളി സ്റ്റീഫന്‍ ബൈവാട്ടറിന്റെ ലോംഗ് പാസ് മുഹമ്മദ് റാഫിയിലേക്ക്. റാഫി ഹെഡറിലൂടെ ഓഫ് സൈഡ് കെണി പൊട്ടിക്കാന്‍ വെമ്പി നിന്ന ഇംഗ്ലീഷ് സ്‌ട്രൈക്കര്‍ സാഞ്ചസ് വാട്ടിലേക്ക്. ഗോളി രഹനേഷിന്റെ ഇടംവലം നോക്കിയ ശേഷം സാഞ്ചസ് കാലുകള്‍ക്കിടയിലൂടെ പന്ത് അനായാസം വലയിലെത്തിച്ചു.
മധ്യനിരയും പ്രതിരോധക്കരുത്തും
നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് മധ്യനിരയില്‍ കളി നിയന്ത്രിച്ച് മത്സരം വരുതിയിലാക്കാന്‍ ശ്രമിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തില്‍ നിന്നുള്ള പ്രത്യാക്രമണത്തിലൂടെ മറുതന്ത്രം പയറ്റി. റമഗെയും ബ്രൂണോയും വില്യംസും നിന്ന കേരള പ്രതിരോധമായിരുന്നു ഈ യുദ്ധത്തില്‍ മുന്തി നിന്നത്. ഫ്രഞ്ച് താരം കമാറയുടെ പ്ലേമേക്കിംഗായിരുന്നു തുടക്കത്തില്‍ നോര്‍ത്ത് ഈസ്റ്റിന്റെ മധ്യനിരയെ സജീവമാക്കിയത്. എന്നാല്‍, പിന്തുണ ലഭിക്കാതെ വന്നതോടെ കമാറക്കും താളം തെറ്റി. ഗോള്‍കീപ്പര്‍ ബൈവാട്ടറിന്റെ തകര്‍പ്പന്‍ പ്രകടനവും എതിരാളികളുടെ ഗെയിംപ്ലാന്‍ അട്ടിമറിച്ചു.
മലയാളിത്തിളക്കം
കൊച്ചിയിലെ കാണിക്കൂട്ടത്തെ അക്ഷരാര്‍ഥത്തില്‍ ഇളക്കിമറിച്ചത് മലയാളി താരങ്ങളായിരുന്നു. കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റക്കാരന്‍ മുഹമ്മദ് റാഫിയുടെ കാലില്‍ പന്തെത്തിയപ്പോഴെല്ലാം എതിര്‍ഗോള്‍മുഖം അപകടഭീതിയിലായി. ക്രിസ് ഡാഗ്നലിന് ഗോളെന്നുറച്ച കാല്‍ഡസന്‍ അവസരങ്ങള്‍ റാഫി തുറന്നുകൊടുത്തു. അപവാദമെന്ന് പറയാവുന്നത് ലോംഗ്‌റേഞ്ചുകള്‍ കൈകാര്യം ചെയ്യുന്നതില്‍ വന്ന പിഴവാണ്. പലപ്പോഴും ഉഴപ്പന്‍ മട്ടിലായിരുന്നു റാഫിയുടെ ലോംഗ്‌റേഞ്ച് ശ്രമങ്ങള്‍. ഇതാകട്ടെ, കോഴിക്കോട്ടുകാരന്‍ ഗോള്‍കീപ്പര്‍ രഹനേഷിന് ഭീഷണിയായില്ല. ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ശ്രമങ്ങളെയെല്ലാം ഒരു മുഴം മുമ്പെ കണ്ട് തടയുന്നതായിരുന്നു രഹനേഷിന്റെ രീതി. നോര്‍ത്ത് ഈസ്റ്റിന്റെ ഗോള്‍മുഖത്തേക്ക് ഇടത് വിംഗിലൂടെ ചാട്ടൂളി പോലെ കുതിച്ചെത്തിയ സി കെ വിനീത് എത്ര വട്ടമാണ് മികവറിയിച്ചത്. ഒടുവില്‍ രണ്ടാം പകുതിയില്‍ തുടക്കത്തില്‍ ബ്ലാസ്റ്റേഴ്‌സ് ലീഡെടുക്കുന്നതും വിനീതിന്റെ തുടരാക്രമങ്ങണളുടെ പ്രതിഫലനമെന്നോണം നാല്‍പ്പത്തൊമ്പതാം മിനുട്ടില്‍ വിനീത് നല്‍കിയ ഗ്രൗണ്ടര്‍ പാസ് നോര്‍ത്ത് ഈസ്റ്റിന്റെ ബ്രൂണോ ഹെരേറോ നേരിയ ടച്ചില്‍ അപകടം ഒഴിവാക്കി. ഇല്ലെങ്കില്‍ ഡാഗ്നലിന് ക്ലിയര്‍ഗോളായിരുന്നു. തൊട്ടടുത്ത മിനുട്ടില്‍ ത്രോ ബോള്‍ ഹെഡ്‌ചെയ്ത് ബ്രൂണോ നല്‍കിയ പാസ് ബൈസിക്കിള്‍കിക്കിലൂടെ വിനീത് ഗോളാക്കാന്‍ ശ്രമിച്ചെങ്കിലും അത് വിഫലമായി. പക്ഷേ, ഇത് സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ജോസു കുരിയാസിന് അര്‍ധാവസരം സൃഷ്ടിച്ചു. പന്ത് ഇടങ്കാലന്‍ വോളിയിലൂടെ ജോസു വലകുലുക്കിയപ്പോള്‍ രഹനേഷിന്റെ മുഴുനീള ഡൈവ് ഏറെ വൈകിയത് പോലെ തോന്നിച്ചു. ബുള്ളറ്റ് ഗോളായിരുന്നു അത് !
തന്ത്രമൊരുക്കിയത് ഇങ്ങനെ
വെനിസ്വേലന്‍ കോച്ച് സെസാര്‍ ഫരിയാസ് വടക്ക് കിഴക്കിന്റെ പോരാളികളെ 4-4-2 ശൈലിയിലാണ് കളത്തിലിറക്കിയത്. ഇറ്റലിക്കാരന്‍ വെലെസും ഇന്ത്യന്‍ താരം ബോയ്താംഗുമാണ് സ്‌ട്രൈക്കിംഗ് ഡ്യൂട്ടിയെടുത്തത്. ഫ്രാന്‍സിന്റെ കമാറയും ഹംഗലുമാണ് മധ്യഭാഗം നിയന്ത്രിച്ചത്. ഇവരുടെ വശങ്ങളിലായി സ്പാനിഷ് താരം ബ്രൂണോ ഹെരേരയും പോര്‍ച്ചുഗലിന്റെ ഫെര്‍നാണ്ടസും വിംഗ് അറ്റാക്കിംഗിന്. ലെഫ്റ്റ് ബാക്കില്‍ റീഗനും റൈറ്റ് ബാക്കില്‍ സെയ്ത്യാസനും നിന്നപ്പോള്‍ ക്യാപ്റ്റന്‍ ഗാര്‍സിയയും കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്‍ താരം ഹെംഗ്ബര്‍ട്ടും സെന്റര്‍ ബാക്കില്‍. ഗോള്‍ വല കാക്കാന്‍ ഫരിയാസ് ഏല്‍പ്പിച്ചത് മലയാളിയായ രഹനേഷിനെ.
പ്രതിരോധത്തില്‍ നിന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് പീറ്റര്‍ ടെയ്‌ലര്‍ എല്ലാ നീക്കങ്ങളും ആസുത്രണം ചെയ്തത്. അഞ്ച് കരുത്തരെ പ്രതിരോധത്തിന്റെ ചുമതലയേല്‍പ്പിച്ച് മൂന്ന് മധ്യനിരക്കാരെയും രണ്ട് സ്‌ട്രൈക്കര്‍മാരെയും അപ്രതീക്ഷിത അറ്റാക്കിംഗ് ഡ്യൂട്ടിയേല്‍പ്പിച്ചു. മലയാളി സ്‌ട്രൈക്കര്‍ മുഹമ്മദ് റാഫിയും ഇംഗ്ലണ്ടിന്റെ ക്രിസ് ഡാഗ്നലുമായിരുന്നു മുന്‍നിരയില്‍. ഇവര്‍ക്ക് പന്തെത്തിക്കാന്‍ മെഹ്താബ് ഹുസൈനും ജോസു കുരിയാസും പീറ്റര്‍ കാര്‍വാലോയും. ലെഫ്റ്റ് വിംഗ് ബാക്കായി സി കെ വിനീത്, റൈറ്റ് വിംഗ് ബാക്കില്‍ രാഹുല്‍ ശങ്കര്‍, ബ്രസീലിന്റെ ബ്രൂണോ പെറോണെ സെന്റര്‍ ബാക്കില്‍. കൂട്ടിന് ക്യാപ്റ്റന്‍ പീറ്റര്‍ റമഗെയും മാര്‍കസ് വില്യംസും. ഗോള്‍വല കാത്തത് ഇംഗ്ലീഷ് താരം സ്റ്റീഫന്‍ ബൈവാട്ടര്‍.
കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യ ഇലവന്‍
ഗോള്‍കീപ്പര്‍ – സ്റ്റീഫന്‍ ബൈവാട്ടര്‍(ഇംഗ്ലണ്ട്)
ഡിഫന്‍ഡര്‍മാര്‍ – രാഹുല്‍ ശങ്കര്‍ ബെക്കെ (ഇന്ത്യ), പീറ്റര്‍ റെമെഗെ(ഇംഗ്ലണ്ട്), ബ്രൂണോ പെറോണെ(ബ്രസീല്‍),മാര്‍കസ് വില്യംസ് (ഇംഗ്ലണ്ട്).
മിഡ്ഫീല്‍ഡര്‍മാര്‍ – സി കെ വിനീത് (ഇന്ത്യ), മെഹ്താബ് ഹുസൈന്‍ (ഇന്ത്യ), പീറ്റര്‍ കാര്‍വാലോ (ഇന്ത്യ), ജോസു കുരിയാസ് (സ്‌പെയിന്‍).
ഫോര്‍വേഡുകള്‍ – ക്രിസ് ഡാഗ്നല്‍ (ഇംഗ്ലണ്ട്), മുഹമ്മദ് റാഫി (ഇന്ത്യ),
നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ് എഫ് സി ആദ്യഇലവന്‍
ഗോള്‍കീപ്പര്‍ – രഹനേഷ് (ഇന്ത്യ)
ഡിഫന്‍ഡര്‍മാര്‍ – സെഡ്രിച് ഹെംഗ്ബാര്‍ട് (ഫ്രാന്‍സ്), റീഗന്‍ സിംഗ്(ഇന്ത്യ), മിഗ്വെല്‍ഗാര്‍സിയ (പോര്‍ച്ചുഗല്‍).
മിഡ്ഫീല്‍ഡര്‍മാര്‍ – ബ്രൂണോ ഹെരേറോ അരിയാസ് (സ്‌പെയിന്‍), മാനുവല്‍ ഫെര്‍നാണ്ടസ് (പോര്‍ച്ചുഗല്‍), സെയ്ത്യാസെന്‍ സിംഗ് (ഇന്ത്യ), ബോയിതംഗ് ഹോകിപ് (ഇന്ത്യ). സിയം ഹംഗല്‍ (ഇന്ത്യ).
ഫോര്‍വേഡുകള്‍ – നികോളാസ് ലിയാന്‍ഡ്രോ വെലെസ് (ഇറ്റലി), മെഹ്ദി കമാറ (ഫ്രാന്‍സ്)