Sports
മുണ്ടുമുറുക്കി ബ്ലാസ്റ്റേഴ്‌സ് !

കൊച്ചി: കന്നിയങ്കത്തിനായി മുണ്ടുമുറുക്കി കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമും എതിരാളി ഈസ്റ്റ് യുണൈറ്റഡ് ടീമും കൊച്ചിയിലെത്തിയതോടെ കൊച്ചി വീണ്ടും ഫുട്‌ബോള്‍ ലഹരിയിലായി. മുഖ്യപരിശീലകന്‍ പീറ്റര്‍ ടെയ്‌ലറിന്റെ നേതൃത്വത്തില്‍ കൊച്ചിയില്‍ ആദ്യമായി മാധ്യമങ്ങളെ കാണാനെത്തിയ താരങ്ങളും പരിശീലകര്‍ക്കും ഇന്നലെ വേഷം മുണ്ടും മഞ്ഞ ടീ ഷര്‍ട്ടുമായിരുന്നു. മുണ്ടുടുത്ത് ക്യാമറകള്‍ക്ക് മുന്നില്‍ പന്തുതട്ടിയ വിദേശ താരങ്ങള്‍ പലരും വിഷമിച്ചപ്പോള്‍ മുഹമ്മദ് റാഫിയും സി കെ വിനീതും മുണ്ട് മടക്കിക്കുത്തി തനിനാടന്‍ പരിവേഷത്തിലായിരുന്നു. ഇംഗ്ലണ്ടില്‍ നിന്നുള്ള ഗോള്‍കീപ്പര്‍ സ്റ്റീഫന്‍ ബൈവാട്ടറും പ്രതിരോധ നിരയിലെ പീറ്റര്‍ റെമേഗയും മുണ്ടിന്റെ പുതുമ ശരിക്കും ആസ്വദിച്ചു. ആദ്യ സീസണ്‍ മുതല്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള സ്പാനിഷ് താരം വിക്ടര്‍ ഹെരേര ഫോര്‍ഡോസ അടമുള്ള താരങ്ങളാകട്ടെ മുണ്ടിനെ സ്വന്തം വേഷമായി സ്വീകരിച്ച മട്ടിലായിരുന്നു.
ടീം ഒത്തിണക്കത്തോടെ കളിക്കുമെന്ന് പരിശീലകന്‍ പീറ്റര്‍ ടെയ്‌ലര്‍ പറഞ്ഞു. പരുക്കേറ്റ മാര്‍ക്കി താരം കാര്‍ലോസ് മര്‍ച്ചേന ആദ്യ മത്സരത്തില്‍ ഉണ്ടാകില്ലെങ്കിലും ഉടന്‍ തന്നെ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ. ഐ.എസ്.എല്ലിന്റെ സെമിഫൈനല്‍ വരെ എത്തുക ഓരോ ടീമിനും വലിയ വെല്ലുവിളിയാണ്. ആദ്യ സീസണിലെ രണ്ടാം സ്ഥാനത്തില്‍ നിന്നും മെച്ചപ്പെടാനാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുക. അതിനുള്ള ഒരുക്കങ്ങളെല്ലാം നടത്തിയിട്ടുണ്ട്. മികച്ച താരങ്ങളേയും ലഭിച്ചിട്ടുണ്ട്. ആഭ്യന്തര ഫുട്‌ബോള്‍ താരങ്ങള്‍ നല്ല നിലവാരം പുലര്‍ത്തുന്നവരാണ്. മിക്കവരും ആദ്യ സീസണില്‍ കളിച്ചവരാ ണെന്നും പീറ്റര്‍ ടെയ്‌ലര്‍ പറഞ്ഞു.
കിരീടം മാത്രമാണ് ടീമിന്റെ ലക്ഷ്യമെന്ന് മലയാളി താരം മുഹമ്മദ് റാഫി വ്യക്തമാക്കി. മര്‍ച്ചനെയുടെ കുറവ് ഒരു പ്രശ്‌നമല്ല. ഇവിടെ ഇപ്പോഴുള്ള താരങ്ങളെല്ലാം നന്നായി പെര്‍ഫോം ചെയ്യുന്നവരാണ്. ആദ്യ ഹോം മാച്ചില്‍ ടീം ഉടമകൂടിയായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. കാണികള്‍ കാണിക്കുന്ന ആവേശത്തിന് ഞങ്ങള്‍ക്ക് ചെയ്യാനുള്ളത് മികച്ച കളി അവര്‍ക്കായി കാഴ്ചവെക്കുക എന്നതാണ്. അത്‌ലറ്റികോ ഡി. കോല്‍ക്കത്തയിലെയും ബ്ലാസ്‌റ്റേഴ്‌സിലേയും സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. രണ്ടും രണ്ടു തരം ടീമാണ്. ശക്തമായ മുന്നൊരുക്കം തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയിരിക്കുന്നത്. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡുമായുള്ള പോരാട്ടത്തില്‍ വിജയത്തോടെ തുടങ്ങാനാവുമെന്നും റാഫി പ്രതീക്ഷ പ്രകടിപ്പിച്ചു. ആക്രമണ നിര ശക്തമാണെന്നും സ്‌കോറിംഗില്‍ ഇത്തവണ പ്രശ്‌നമില്ലെന്നും മലയാളി താരം സി.കെ വിനീത് പറഞ്ഞു. രണ്ടാം തവണയും ടീമില്‍ തന്നെ നിലനിര്‍ത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് വിക്ടര്‍ ഹെരേര പ്രതികരിച്ചു. ടീം മാനേജ്‌മെന്റിന്റേയും കാണികളുടേയും വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചിയില്‍ ആറിന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യ മത്സരം. ബ്ലാസ്റ്റേഴ്‌സ് ടീം ഇന്ന് പരീശീലനത്തിനിറങ്ങും. അംബേദ്കര്‍ സ്‌റ്റേഡിയത്തിലെ സിന്തറ്റിക് ടര്‍ഫ്, തൃപ്പൂണിത്തുറ ചോയ്‌സ് സ്‌കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലായിട്ടാണ് ടീമുകള്‍ പരിശീലനം നടത്തുന്നത്.
പ്രമുഖ പ്രീമിയം ആഡംഭര പ്രോപ്പര്‍ട്ടി ഡവലപ്പറായ പ്രൈം മെറീഡിയന്റെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന സ്‌പോണ്‍സ റാകാനുള്ള കരാറില്‍ ഒപ്പിട്ടു. ഐ എസ് എലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കാരുടെ ഷോര്‍ട്‌സില്‍ പ്രൈം മെറീഡിയന്റെ ലോഗോ പ്രദര്‍ശിപ്പിക്കും.