Ongoing News
ഐഎസ്എല്‍: ആദ്യ ജയം കൊല്‍ക്കത്തയ്ക്ക്

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് രണ്ടാം സീസണിന് നിലവിലെ ചാമ്പ്യന്‍മാരായ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ വിജയത്തോടെ കിക്കോഫ്. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ചെന്നൈയിന്‍ എഫ് സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് കൊല്‍ക്കത്ത മറികടന്നു. പോര്‍ച്ചുഗല്‍ താരം ഹെല്‍ഡര്‍ പോസ്റ്റിഗ നേടിയ രണ്ട് ഗോളുകളാണ് കൊല്‍ക്കത്തന്‍ വിജയത്തില്‍ നിര്‍ണായകമായത്. 13,70 മിനുട്ടുകളിലാണ് പോസ്റ്റിഗ സ്‌കോര്‍ ചെയ്തത്. 76ാം മിനുട്ടില്‍ വാല്‍ഡോ മൂന്നാം ഗോള്‍ നേടി. ചെന്നൈയിന്‍ എഫ് സിക്കായി ജെജെ മുപ്പത്തൊന്നാം മിനുട്ടിലും എലാനോ 89താം മിനുട്ടിലും ലക്ഷ്യം കണ്ടു.
രണ്ടാം ഐ എസ് എല്ലിലെ ആദ്യ ഗോള്‍ ഹെല്‍ഡര്‍ പോസ്റ്റിഗയുടെ പേരിലായപ്പോള്‍ ഇന്ത്യന്‍ താരങ്ങളില്‍ ആദ്യ ഗോളിനുടമയായത് ജെജെയും.
രണ്ട് ഗോളുകളോടെ തിളങ്ങിയ പോസ്റ്റിഗ രണ്ടാം ഗോള്‍ നേടിയ ഉടനെ സ്‌ട്രെച്ചറില്‍ കളം വിട്ടത് അത്‌ലറ്റിക്കോക്ക് അശുഭവാര്‍ത്തയായി. എന്നാല്‍, പകരമിറങ്ങി മൂന്ന് മിനുട്ടിനുള്ളില്‍ സ്‌കോര്‍ ചെയ്താണ് വാല്‍ഡോ സൈഡ് ബെഞ്ചിന്റെ കരുത്തറിയിച്ചത്. എഴുപത്തൊമ്പതാം മിനുട്ടില്‍ അത്‌ലറ്റിക്കോ പെനാല്‍റ്റി പാഴാക്കി. അറ്റാക്കര്‍ ലാറയാണ് കിക്കെടുത്തത്. ചെന്നൈയിന്‍ എഫ് സിയുടെ കാമറൂണ്‍ ഗോള്‍ കീപ്പര്‍ മനോഹരമായ ഡൈവിലൂടെ അത് തടഞ്ഞു. സാഹ്‌നിയെ ചെന്നൈയുടെ ബെര്‍നാര്‍ഡ് മെന്‍ഡി വീഴ്ത്തിയതിനെ തുടര്‍ന്നായിരുന്നു പെനാല്‍റ്റി ലഭിച്ചത്.
പരുക്കിനെ തുടര്‍ന്ന് മെയില്‍സന് പകരം ചെന്നൈ കോച്ച് മാര്‍കോ മെറ്റരാസി മെന്‍ഡിയെ കളത്തിലിറക്കിയതിന് പിന്നാലെ എത്യോപ്യന്‍ സ്‌ട്രൈക്കര്‍ ഫിക്രുവിനെ പിന്‍വലിച്ച് മെന്‍ഡോസയെയും രംഗത്തിറക്കി. ഫിക്രുവിന് മുന്‍നിരയില്‍ ചലനമുണ്ടാക്കാന്‍ സാധിച്ചില്ല. ഗോളവസരങ്ങള്‍ ലഭിച്ചെങ്കിലും യഥാസമയം അത് പാസ് നല്‍കുവാനോ ഗോളിലേക്ക് തൊടുക്കാനോ ഫിക്രുവിന് കഴിഞ്ഞില്ല. ചെന്നൈയിന്‍ നിരയില്‍ ക്യാപ്റ്റന്‍ എലാനോ തന്നെയായിരുന്നു പോസിറ്റീവ് എനര്‍ജി.
ഈ മാസം ഏഴിന് എഫ് സി ഗോവക്കെതിരെയാണ് അത്‌ലറ്റിക്കോയുടെ രണ്ടാം മത്സരം. എട്ടിന് ഡല്‍ഹി ഡൈനമോസുമായാണ് ചെന്നൈയുടെ മത്സരം.
ചെന്നൈയിന്‍ എഫ് സി 4-4-2
ഫിക്രുവും ജെജെയും മുന്‍നിരയില്‍. ഇടത് വിംഗില്‍ തോയ് സിംഗ് വലത് വിംഗില്‍ ഹര്‍മന്‍ജോത് കബ്രയും മധ്യനിരയില്‍ ലെഫ്റ്റ് ഇന്‍ ആയി എലാനോ ബ്ലൂമറും റൈറ്റ് ഇന്‍ ആയി റാഫേല്‍ അഗസ്റ്റോയും. പ്രതിരോധ നിരയിലെ നാല് പേരില്‍ ലെഫ്റ്റ് ബാക്ക് പൊസിഷനില്‍ ഇന്ത്യന്‍ താരം സേന റാല്‍റ്റെയും റൈറ്റ് ബാക്ക് പൊസിഷനില്‍ അഭിഷേകും സെന്റര്‍ ബാക്കില്‍ ഇറ്റലിയുടെ അലസാന്‍ഡ്രൊ പോടെന്‍സയും ബ്രസീലിന്റെ മെയില്‍സനും കളിച്ചു. ഗോള്‍ വല കാത്തത് കാമറൂണിന്റെ എദെല്‍ അപോല.
അത്‌ലറ്റിക്കോ മാഡ്രിഡ് 4-2-3-1
പോര്‍ച്ചുഗല്‍ താരം ഹെല്‍ഡര്‍ പോസ്റ്റിഗ ഏക സ്‌ട്രൈക്കര്‍. പിന്‍നിരയില്‍ സഹായത്തിന് മൂന്ന് അറ്റാക്കര്‍മാര്‍. സ്‌പെയിനിന്റെ ജാവി ലാറ, സ്‌കോട്‌ലാന്‍ഡിന്റെ ഇയാന്‍ ഹ്യൂം, ഇന്ത്യയുടെ ബല്‍ജിത് സാഹ്നി എന്നിവര്‍. മധ്യനിരയേയും പ്രതിരോധത്തേയും കണക്ട് ചെയ്യുവാന്‍ രണ്ട് സ്പാനിഷ് താരങ്ങള്‍ – ഗാവിലാനും ബോയ ഫെര്‍നാണ്ടസും. അഗസ്റ്റിന്‍ ഫെര്‍നാണ്ടസ്, ബോട്‌സ്വാനയുടെ ഒഫെന്‍സെ നാറ്റോ, ഇന്ത്യക്കാരായ അര്‍നാബ്, റിനോ ആന്റോ എന്നിവരാണ് യഥാക്രമം ലെഫ്റ്റ് ബാക്ക്, സെന്റര്‍ ബാക്കുകള്‍, റൈറ്റ്ബാക്ക് പൊസിഷനുകളില്‍.
പോസ്റ്റിഗ ഹീറോ ഓഫ് ദ മാച്ച്
പോര്‍ച്ചുഗലിന്റെ വെറ്ററന്‍ സ്‌ട്രൈക്കര്‍ ഹെല്‍ഡര്‍ പോസ്റ്റിഗ രണ്ട് ഗോളുകള്‍ നേടി അത്‌ലറ്റിക്കോ കൊല്‍ക്കത്തയുടെ വിജയശില്പിയായി. ഐ എസ് എല്‍ രണ്ടാം സീസണിലെ ആദ്യ ഹീറോ ഓഫ് ദ മാച്ച് പുരസ്‌കാരവും ഇതോടെ പോസ്റ്റിഗയെ തേടിയെത്തി. എമെര്‍ജിംഗ് പ്ലെയര്‍ പുരസ്‌കാരം ചെന്നൈയിന്‍ എഫ് സിയുടെ ജെജെ ലാല്‍പെഖുലക്കാണ്. മത്സരഗതി നിര്‍ണയിച്ചത് വാല്‍ഡോയാണ്. ട്രാന്‍സ്‌ഫോര്‍മര്‍ ഓഫ് ദ മാച്ച് പുരസ്‌കാരം വാല്‍ഡോക്ക് സ്വന്തം. ഫിറ്റസ്റ്റ് പ്ലെയര്‍ ആയി തിരഞ്ഞെടുത്തത് ചെന്നൈയുടെ റാഫേല്‍ അഗസ്റ്റോയാണ്. സ്വിഫ്റ്റ് മൊമെന്റ് ഓഫ് ദ മാച്ച് പുരസ്‌കാരവും ചെന്നൈ താരത്തിനാണ് – എലാനോ ബ്ലൂര്‍ക്ക്. കൊല്‍ക്കത്ത ഡിഫന്‍ഡറെ ഒറ്റത്തിരിയലില്‍ കബളിപ്പിച്ച് എലാനോ തൊടുത്ത ഷോട്ടാണ് മത്സരത്തിലെ മികച്ച നിമിഷം.
ഗോളുകള്‍ ഇങ്ങനെ…
ഗോള്‍ 1 – പതിമൂന്നാം മിനുട്ടില്‍ ഹെല്‍ഡര്‍ പോസ്റ്റിഗയിലൂടെ അത്‌ലറ്റിക്കോ കൊല്‍ക്കത്ത മുന്നില്‍. ക്യാപ്റ്റന്‍ ബോയ ഫെര്‍നാണ്ടസിന്റെ ക്രോസ് ബോള്‍ ബോക്‌സിലേക്കിറങ്ങിയെങ്കിലും അത് പിടിച്ചെടുക്കാനുള്ള ചെന്നൈ ഗോളി എദെല്‍ അപോലയുടെ ശ്രമം സഹതാരവുമായുള്ള കൂട്ടിയിടിയില്‍ പിഴച്ചു. പന്ത് പോസ്റ്റിഗക്ക് മുന്നില്‍. ഓപണ്‍ ചാന്‍സില്‍ ഗോള്‍.
ഗോള്‍ 2 – 31താം മിനുട്ടില്‍ ചെന്നൈയുടെ തിരിച്ചുവരവ്. അത്‌ലറ്റിക്കോ നേടിയതിന് സമാനമായിരുന്നു ചെന്നൈയുടെ സമനില ഗോള്‍. ഗോള്‍ മുഖത്ത് ഫിക്രുവും അത്‌ലറ്റിക്കോ ഗോളി അമരീന്ദറും പന്ത് ക്ലിയര്‍ ചെയ്യാനുള്ള കൂട്ടപ്പൊരിച്ചില്‍. പന്ത് ബോക്‌സിനുള്ളിലേക്ക് കുതിച്ചെത്തിയ ജെജെക്ക് മുന്നില്‍. ആദ്യ ടച്ചില്‍ ജെജെ വല കുലുക്കി.
ഗോള്‍ 3- അത്‌ലറ്റിക്കോ വീണ്ടും മുന്നില്‍. ചെന്നൈ ലെഫ്റ്റ് ബാക്ക് സേന റാല്‍റ്റെയെ മറികടന്ന് പോസ്റ്റി ഗ തൊടുത്ത ഷോട്ട് വലയില്‍. പോര്‍ച്ചുഗീസ് സ്‌ട്രൈക്കറുടെ ഗതകാല പ്രൗഢിയോതുന്ന ഗോളായി ഇത്.
ഗോള്‍ 4- എഴുപത്താറാം മിനുട്ടില്‍ വാല്‍ഡോയിലൂടെ അത്‌ലറ്റിക്കോ രണ്ട് ഗോളിന്റെ ലീഡെടുക്കുന്നു. ലാറ ഇടത് വിംഗില്‍ ഇയാന്‍ ഹ്യൂമിന് നല്‍കിയ പന്താണ് ഗോളില്‍ കലാശിച്ചത്. ഹ്യൂം പന്തുമായി ബോക്‌സിലേക്ക് കുതിക്കവെ ചെറുതായി ചിപ് ചെയ്തു. വാല്‍ഡോ തകര്‍പ്പന്‍ ഹെഡറിലൂടെ അത് ഗോളാക്കി.
ഗോള്‍ 5- 89താം മിനുട്ടില്‍ പെനാല്‍റ്റി ഗോളില്‍ ചെന്നൈ വീണ്ടും ഞെട്ടിച്ചു. ബോക്‌സിനുള്ളിലെ കൂട്ടപ്പൊരിച്ചില്‍ പന്ത് അര്‍നാബ് കൈ കൊണ്ട് തൊട്ടതിനെ തുടര്‍ന്നാണ് പെനാല്‍റ്റി. കിക്കെടുത്ത എലാനോക്ക് പിഴച്ചില്ല.
വര്‍ണാഭ തുടക്കം
നൃത്തനൃത്യങ്ങളോടെ ലീഗിന് വര്‍ണാഭ തുടക്കം. ആലിയഭട്ട്, ഐശ്വര്യറായ്, എ ആര്‍ റഹ്മാന്‍ എന്നിവര്‍ വേദിയില്‍ നിറഞ്ഞാടി. സച്ചിന്‍, രജനീകാന്ത്, അമിതാഭ് ബച്ചന്‍, മുകേഷ് അംബാനി എന്നിവര്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു. കമോണ്‍ ഇന്ത്യ, ലെറ്റ്‌സ്ഫുട്‌ബോള്‍ എന്ന് നിത അംബാനി ആവേശോജ്വലമായി പറഞ്ഞതോടെ സീസണിന് തുടക്കമായി.