National
2006ലെ മുംബൈ ട്രെയിന്‍ സ്‌ഫോടനം: അഞ്ച് പ്രതികള്‍ക്ക് വധശിക്ഷ

മുംബൈ: മലയാളികള്‍ ഉള്‍പ്പെടെ 188 പേര്‍ കൊല്ലപ്പെട്ട 2006ലെ മുംബൈ ട്രെയിന്‍ സ്‌ഫോടനപരമ്പര കേസില്‍ അഞ്ച് പ്രതികള്‍ക്ക് പ്രത്യേക കോടതി വധശിക്ഷ വിധിച്ചു. പ്രതികളില്‍ ഏഴ് പേരെ ജീവിതാവസാനം വരെ ജയില്‍ വാസത്തിനും ശിക്ഷിച്ചു. 2006 ജൂലൈ 11നാണ് മുംബൈയിലെ പ്രാന്ത പ്രദേശങ്ങളില്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളില്‍ സ്‌ഫോടന പരമ്പര ഉണ്ടായത്. ഒമ്പത് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പറയുന്നത്.
കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ പ്രതികളില്‍ എട്ട് പേര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ശേഷിച്ച നാല് പേര്‍ക്ക് ജീവിതാവസാനം വരെ തടവുമാണ് ആവശ്യപ്പെട്ടിരുന്നത്.
എസ്താഷം സിദ്ദിഖി(30), അസീഫ ്ഖാന്‍ (38), മുഹമ്മദ് ഫൈസല്‍ ശൈഖ്(36), നവീദ് ഹുസൈന്‍ ഖാന്‍ (30) ,കമല്‍ അന്‍സാരി(37) എന്നിവരെയാണ് സ്‌പെഷ്യല്‍ മഹാരാഷ്ട്ര സംഘടിത കുറ്റങ്ങള്‍ തടയല്‍ നിയമ (മകോക) കോടതി ജഡ്ജി യതിന്‍ ഷിന്‍ഡെ വധശിക്ഷക്ക് വിധിച്ചത്. ട്രെയിനുകളില്‍ ബോംബുകള്‍ സ്ഥാപിച്ചതിനാണ് ഇവര്‍ക്ക് വധശിക്ഷ നല്‍കിയത്.
ബോംബുകള്‍ സംയോജിപ്പിക്കാന്‍ ഗോവന്‍ഡിയില്‍ സ്ഥലസൗകര്യം ഒരുക്കിക്കൊടുത്ത തന്‍വീര്‍ അന്‍സാരി (37), മുഹമ്മദ് മാജിദ് ഷാഫി(32) എന്നിവര്‍ക്കും ബോംബുകള്‍ പൊട്ടിത്തെറിക്കാന്‍ സജ്ജമാക്കുന്ന ടൈമറുകള്‍, ഇലക്ട്രിക് സര്‍ക്യൂട്ടുകള്‍ എന്നിവ നിര്‍മിച്ച സാജിദ് അന്‍സാരിക്കും ജീവപര്യന്തം ജയില്‍ ശിക്ഷ യാണ് വിധിച്ചത്. ശൈഖ് അലം ശൈഖ്(41), മുഹമ്മദ് സാജ്ദ് അന്‍സാരി(34), മൂസമ്മില്‍ ശൈഖ്(27), സുഹൈല്‍ മഹ്മൂദ് ശൈഖ്(43), സമീര്‍ അഹമദ് ശൈഖ് (36) എന്നിവര്‍ക്കും ജീവപര്യന്തം തടവാണ്. ഇവരെ ജീവിതാവസാനം വരെയോ 60 വര്‍ഷത്തില്‍ കുറയാത്ത കാലത്തേക്കോ ശിക്ഷിക്കണമെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ രാജ താക്കറെ വാദിക്കുകയുണ്ടായി. ഇന്ത്യന്‍ ശിക്ഷാനിയമം, സ്‌ഫോടകവസ്തു നിയമം, പൊതുസ്വത്ത് നശിപ്പിക്കല്‍, റെയില്‍വേ നിയമം, മകോക്ക എന്നീ നിയമങ്ങള്‍പ്രകാരമാണ് പ്രതികളെ കുറ്റക്കാരായി കണ്ടെത്തിയത്.
കേസ് അന്വേഷിച്ച മഹാരാഷ്ട്ര ഭീകരവിരുദ്ധസേന 28 പ്രതികള്‍ക്കെതിരെ 10,667 പേജുകളുള്ള കുറ്റപത്രം സമര്‍പ്പിച്ചു. കെ പി രഘുവംശി മേധാവിയായിരിക്കെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
കേസില്‍ 12 പേര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയ സെപ്തംബര്‍ 11ന് ഒരു പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് വിട്ടയക്കുകയും ചെയ്തു.
ഈ കേസില്‍ പ്രതികളെന്ന് കരുതുന്ന ഒമ്പത് പാക്കിസ്ഥാന്‍കാരടക്കം 15 പേരെ ഇനിയും പിടികൂടാനായിട്ടില്ല. ലഷ്‌കറെ ത്വയ്യിബയുടെ ഇന്ത്യയിലെ തലവന്‍ അസം ചീമ, അസ്‌ലം, ഹാഫിസുല്ല, സാബിര്‍, അബൂബക്കര്‍, കസം അലി, അമ്മു ജാന്‍, ഇഹ്‌സാനുല്ല, അബു ഹസന്‍ എന്നിവരാണ് പിടികിട്ടേണ്ട പാക്കിസ്ഥാന്‍കാര്‍.
പിടികിട്ടേണ്ട ഇന്ത്യക്കാര്‍ റിസ്വാന്‍ ബാവെ, റാഹില്‍ ഷെയ്ഖ്, അബ്ദുല്‍ റസാഖ്, സുഹൈല്‍ ശൈഖ്, ഹാഫിസ് സുബൈര്‍, അബ്ദുര്‍റഹ്മാന്‍ എന്നിവരാണ്.