Connect with us

International

ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ഇസില്‍ ആക്രമണം ചര്‍ച്ച ചെയ്യാന്‍ യു എന്‍ രക്ഷാ സമിതി

Published

|

Last Updated

ന്യൂയോര്‍ക്ക്: ഇസില്‍ അധീന പ്രദേശങ്ങളില്‍ ലൈംഗിക ന്യൂന പക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗണ്‍സില്‍ യോഗം ചേരും. സ്വവര്‍ഗാനുരാഗികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് ഇതാദ്യമായാണ് സുരക്ഷാകൗണ്‍സില്‍ യോഗം ചേരുന്നത്.
അമേരിക്കയും ചിലിയും ആതിഥ്യം വഹിക്കൂന്ന യോഗത്തില്‍ ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളില്‍ താത്പര്യമുള്ള എല്ലാ സുരക്ഷാ കൗണ്‍സില്‍ അംഗരാജ്യങ്ങള്‍ക്കും പങ്കെടുക്കാം.
ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായി ചേരുന്ന ചരിത്രപരമായ ആദ്യത്തെ കൗണ്‍സില്‍ മീറ്റിംഗില്‍ ഇസില്‍ ഭീകരരുടെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളായിരിക്കും പ്രധാന ചര്‍ച്ചാ വിഷയമെന്ന് അമേരിക്കയുടെ യു എന്‍ സ്ഥാനപതി സാമന്ത പവര്‍ പറഞ്ഞു.
അന്തര്‍ ദേശീയ ലൈംഗിക ന്യൂനപക്ഷ അവകാശ കമ്മീഷന്‍ മേധാവി ജെസ്സീക്ക സ്‌റ്റേണും കൂടാതെ സ്വവര്‍ഗാനുരാഗികളായതിനാലും മറ്റും അക്രമങ്ങള്‍ക്കിരയായ ഇറാഖില്‍ നിന്നും മറ്റ് ഇസില്‍ അധീന പ്രദേശങ്ങളില്‍ നിന്നുമുള്ള യുവാക്കളും യോഗത്തില്‍ സംസാരിക്കും.
കഴിഞ്ഞ ഡിസംബറില്‍ വ്യത്യസ്ത ലൈംഗിക താത്പര്യങ്ങളുള്ള ഒരാളെ കല്ലെറിഞ്ഞു കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ ഇസില്‍ ഇന്റര്‍നെറ്റില്‍ പുറത്തുവിട്ടിരുന്നു. സ്വവര്‍ഗാനുരാഗികളായതിനാല്‍ സിറിയയില്‍ രണ്ടാളുകളെ കല്ലെറിഞ്ഞു കൊന്നതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. സ്വവര്‍ഗാനുരാഗികള്‍ക്കെതിരെ നടത്തിയ അക്രമങ്ങള്‍ക്ക് വ്യക്തമായ രേഖകളുണ്ടെന്ന് സാമന്ത പവര്‍ പറഞ്ഞു. ഇത്തരത്തിലുള്ള എട്ടോളം കൊലപാതകങ്ങളുടെ വീഡീയോ ഫോട്ടോ ദൃശ്യങ്ങള്‍ ഇസില്‍ പുറത്ത് വിട്ടിരുന്നു. പ്രത്യേക സമൂഹത്തെ ലക്ഷ്യം വെച്ചുള്ള ഇസില്‍ തീവ്രവാദികളുടെ ആക്രമണങ്ങള്‍ക്ക് വേണ്ടത്ര ശ്രദ്ധ ലഭിച്ചിട്ടില്ലെന്ന് കൗണ്‍സില്‍ യോഗആസൂത്രണത്തിനിടെ ചിലി, അമേരിക്കന്‍ വൃത്തങ്ങള്‍ പറഞ്ഞിരുന്നു.
പക്ഷേ സ്വവര്‍ഗരതിക്കെതിരെ നിയമങ്ങള്‍ നിലവിലുള്ള എത്ര രാജ്യങ്ങള്‍ യോഗത്തില്‍ സംബന്ധിക്കുമെന്നതിനെ കൂറിച്ചുള്ള വിവരങ്ങള്‍ ഇപ്പോള്‍ അവ്യക്തമാണ്. എന്നിരുന്നാലും മികച്ച പങ്കാളിത്തം പ്രതീക്ഷിക്കുന്നുണ്ടെന്ന് സാമന്ത പവര്‍ പറഞ്ഞു.

Latest