Connect with us

Kerala

ചൂളമടിക്കുമ്പോള്‍ അമ്മമാരുടെ നെഞ്ചില്‍ നെരിപ്പോട്

Published

|

Last Updated

കോഴിക്കോട് പന്നിയങ്കര ശങ്കരവിലാസം എ എല്‍ പി സ്‌കൂളില്‍ നിന്ന് കുട്ടികളുമായി റയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്ന രക്ഷിതാവ്‌

കോഴിക്കോട്; ഇതുവഴി പോകുമ്പോള്‍ തീവണ്ടി ചൂളം വിളിച്ചില്ലെങ്കിലും ആ ചൂളമടി ശബ്ദമുയരും. തീവണ്ടിയില്‍ നിന്നല്ല, അമ്മമാരുടെയും അധ്യാപകരുടെയും ആധി ചൂളമടിയായി തീവണ്ടി ശബ്ദത്തെയും മറികടക്കും. ഇവിടെ തീവണ്ടിയുടെ കുതിപ്പും താളവുമൊക്കെ ഒരു പ്രദേശത്തിന്റെ പേക്കിനാവായി മാറിയിട്ട് വര്‍ഷങ്ങളായി. മംഗലാപുരത്തേക്കും തിരിച്ച് തിരുവനന്തപുരത്തേക്കും തീവണ്ടികള്‍ അലമുറയിട്ട് പായുമ്പോള്‍ തൊട്ടരികെ കോഴിക്കോട് പന്നിയങ്കര ശങ്കരവിലാസം എ എല്‍ പി സ്‌കൂളിലെ കുരുന്നുകളുടെ കുഞ്ഞുടുപ്പുകളില്‍ പോലും ആ കാറ്റടിക്കും. നേരത്തെ ഒരു ട്രാക്ക് മാത്രമുണ്ടായിരുന്നിടത്ത് വികസനം കുതിച്ചെത്തിയപ്പോള്‍ ട്രാക്ക് മൂന്നായി. അവസാനത്തേത് സ്‌കൂളിന്റെ മുറ്റത്തുമായി. ഒന്ന് ഓടിച്ചാടി നടക്കാനോ ധൈര്യത്തോടെ പുറത്തിറങ്ങാനോ കുട്ടികള്‍ക്കാവില്ല. സ്‌കൂളിന്റെ മതിലും റയില്‍വേ ട്രാക്കും തമ്മില്‍ നാല് മീറ്റര്‍ മാത്രമാണ് വ്യത്യാസം.
ഉച്ചക്ക് ഒരു മണിക്കൂറാണ് സാധാരണ സ്‌കൂളുകളില്‍ ഇടവേള. ഇവിടെ പക്ഷേ അര മണിക്കൂര്‍ മാത്രം. ആ അര മണിക്കൂറിന് തന്നെ ഒരു ദിവസത്തിന്റെ ദൈര്‍ഘ്യം തോന്നും ഇവിടത്തെ അധ്യാപകര്‍ക്ക്. കുട്ടികളെ കളിക്കാന്‍ പുറത്ത് വിട്ടാല്‍ കൂടെ അധ്യാപകരും കൂട്ടിന് പോകും. കുട്ടികള്‍ക്ക് ക്ലാസ് സമയത്ത് ബാത്ത്‌റൂമില്‍ പോകണമെങ്കില്‍ പോലും ഒരു ടീച്ചര്‍ കൂടെ പോകണം. സ്‌കൂളിലേക്ക് കുട്ടികളെ കൊണ്ടു വിടുന്നതും തിരിച്ചു കൊണ്ടു പോകുന്നതും രക്ഷിതാക്കളാണ്. സ്‌കൂള്‍ വിടുമ്പോള്‍ രക്ഷിതാവ് എത്തിയില്ലെങ്കില്‍ അധ്യാപകര്‍ തന്നെ അവരെ വീട്ടിലെത്തിക്കും. സ്‌കൂള്‍ മുറ്റവും ട്രാക്കും തമ്മില്‍ വേര്‍തിരിക്കാന്‍ ഇവിടെ ഒരു മതിലോ കല്ലോ പോലുമില്ല.
സ്‌കൂള്‍ മാനേജര്‍ സ്‌കൂളിനോട് ചാരി മതില്‍ കെട്ടിയാല്‍ പിന്നെ കുട്ടികള്‍ക്ക് പുറത്തിറങ്ങാനും കഴിയില്ല. ഭീതി മാറ്റാന്‍ റയില്‍വേ തന്നെ കനിയണം. ട്രാക്കിനോട് ചാരി മതില്‍ കെട്ടി കുട്ടികളുടെ ഭീതിയകറ്റാന്‍ നിരവധി തവണ സ്‌കൂള്‍ അധികൃതരും പി ടി എയും റയില്‍വേയെ സമീപിച്ചിട്ടുണ്ട്. സ്ഥലം എം എല്‍ എക്കും എം പിക്കും കത്തു കൊടുത്തത് വേറെയും. ഒന്നിനും ഇതുവരെ പരിഹാരമുണ്ടായിട്ടില്ല.
നേരത്തെ രണ്ട് ഡിവിഷനുകളിലായി മുന്നൂറോളം കുട്ടികളുണ്ടായിരുന്ന സ്‌കൂളില്‍ നിലവില്‍ ഓരോ ഡിവിഷനുകളിലായി അറുപത് കുട്ടികളാണുള്ളത്. നിരവധി വീടുകളും കുടുംബങ്ങളും സമീപത്തുണ്ടായിട്ടും ഈ സ്‌കൂളിലേക്ക് കുട്ടികളെ വിടാന്‍ രക്ഷിതാക്കളാരും തയ്യാറല്ല. ഒരു പരീക്ഷണത്തിനില്ലെന്നാണ് രക്ഷിതാക്കളുടെ പക്ഷം. പലപ്പോഴും സമയക്രമീകരണത്തിന്റെ ഭാഗമായി ചരക്ക് വാഹനങ്ങള്‍ കൊണ്ടിടുന്നതും സ്‌കൂളിന് മുന്നില്‍ തന്നെയാണ്. ഇത് റയില്‍ മുറിച്ചു കടക്കാനും പ്രയസമുണ്ടാക്കുന്നു.
ഭീഷണി മൂലം നിലവില്‍ റെയിലിനപ്പുറത്തുള്ള വീടുകളിലെ കുട്ടികളാരും ശങ്കരവിലാസം സ്‌കൂളിലേക്കില്ല. കുരുന്നുകളുടെ മനസ്സും ശരീരവും ഉലച്ച് കടന്നു പോകുന്ന ട്രെയിനുകളില്‍ നിന്ന് രക്ഷ തേടി ഒരു മതിലെങ്കിലും വേണമെന്നത് മാത്രമാണ് ഇവരുടെ ആവശ്യം. സ്‌കൂളുകളുടെ സുരക്ഷിതത്വം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായി നടക്കുന്നതിനിടെയാണ് സ്വസ്ഥമായി ഒന്നു ശ്വാസം വിടാന്‍ പോലും കഴിയാതെ കുറേ കുരുന്നുകള്‍ ഇവിടെ പ്രയാസപ്പെടുന്നത്.