Connect with us

Kerala

ശമ്പളവും ആനുകൂല്യവുമില്ല; ആശാവര്‍ക്കര്‍മാര്‍ രോഗികളേക്കാള്‍ ദുരിതത്തില്‍

Published

|

Last Updated

കോഴിക്കോട്: കേരളം പകര്‍ച്ചവ്യാധിയുടെ പിടിയിലമരുമ്പോള്‍ രോഗികളുടെ ആശ്വാസ പദ്ധതികള്‍ക്കെല്ലാം സര്‍ക്കാറിന്റെ അള്ള്. രോഗികള്‍ക്ക് ആശ്വാസമായി എത്തേണ്ട ആശാവര്‍ക്കര്‍മാരെ തുഛമായ വേതനം പോലും നല്‍കാതെ കബളിപ്പിക്കുന്നതാണ് മറ്റൊരു ദുരിതമായി മാറിയിരിക്കുന്നത്. ശമ്പളം മാത്രമല്ല ഇവരുടെ നിസാരമായ അലവന്‍സുകളും ഒന്നൊന്നായി വെട്ടിക്കുറക്കുന്ന സാഹചര്യമാണുള്ളത്.
രൂക്ഷമായ മരുന്നുക്ഷാമം, ഡോക്ടര്‍മാരുടെയും മറ്റു പാരാമെഡിക്കല്‍ സ്റ്റാഫിന്റെയും കുറവ് എന്നിവ മൂലം സംസ്ഥാനത്ത് ആരോഗ്യമേഖലയില്‍ കടുത്ത വെല്ലുവിളി നേരിരുന്ന സാഹചര്യമാണുള്ളത്. തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ പോലും പ്രതിരോധകുത്തിവെപ്പായ റാബിസ് വാക്‌സിന്‍ സംസ്ഥാനത്ത് ലഭ്യമല്ലാത്തത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. ഈ സാഹചര്യത്തില്‍ ഗ്രാമപ്രദേശങ്ങളില്‍ പോലും രോഗികള്‍ക്ക് ആശ്രയമായിരുന്ന ആശാവര്‍ക്കമാരെയും സര്‍ക്കാര്‍ പിറകോട്ടടിപ്പിക്കുന്നത്.
ആയിരം രൂപ മാത്രമാണ് ആശാവര്‍ക്കമാര്‍ക്ക് പ്രതിമാസ ഓണറേറിയമായി ലഭിക്കുന്നത്. അതു പോലും രണ്ട് മാസമായി മുടങ്ങിയ അവസ്ഥയിലാണ്. മുമ്പ് 700 മുതല്‍ 900 വരെയാണ് ലഭിച്ചുകൊണ്ടിരുന്നത്. ഇതുതന്നെ പല തവണ മുടങ്ങി. മുടങ്ങിയ തുക തന്നെ 2200 രൂപയോളം ലഭിക്കാനുണ്ട്. ഇപ്പോള്‍ രണ്ട് മാസമായി ഓണറേറിയം പൂര്‍ണമായും ലഭിക്കാത്ത അവസ്ഥയാണ്. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ മാസങ്ങള്‍ക്കു മുമ്പ് സെക്രട്ടേറിയറ്റിനു മുന്നില്‍ അനിശ്ചിതകാല സമരം നടത്തിയിരുന്നു. തുടര്‍ന്നാണ് ഓണറേറിയം ആയിരം രൂപയായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറായത്. ഈ വര്‍ഷം മുതലാണ് ഓണറേറിയം വര്‍ധിപ്പിക്കേണ്ടത്. എന്നാല്‍ ഏപ്രില്‍ കഴിഞ്ഞ് രണ്ട് മാസം പിന്നിട്ടിട്ടും ഇവര്‍ക്ക് ഓണറേറിയം ലഭിച്ചിട്ടില്ല.
കാലവര്‍ഷം എത്തുന്നതോടെ സംസ്ഥാനത്ത് പകര്‍ച്ചവ്യാധിഭീഷണി വര്‍ധിച്ചിരിക്കുകയാണ്. വീടുവീടാന്തരം കയറിയിറങ്ങി രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും രോഗികളെ പരിചരിക്കുകയും ചെയ്യേണ്ടത് ആശാവര്‍ക്കര്‍മാരാണ്. ഏതുസമയവും രോഗം പിടിപെടാവുന്ന ഗുരുതരമായ ചുറ്റുപാടിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. ഇതിനെ പ്രതിരോധിക്കാനുള്ള സംവിധാനവും ഇവര്‍ക്ക് ലഭ്യമാക്കിയിട്ടില്ല. കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലയില്‍ പനിബാധിതമേഖലയില്‍ സേവനം ചെയ്തിരുന്ന ഒരു ആശാവര്‍ക്കര്‍ പനി ബാധിച്ച് മരണപ്പെട്ടിട്ടും ഇവരുടെ പ്രയാസങ്ങള്‍ സര്‍ക്കാര്‍ മനസ്സിലാക്കുന്നില്ല. പനി ബാധിത മേഖലയില്‍ സേവനം ചെയ്യുന്ന ആശാ വര്‍ക്കര്‍മാരില്‍ പലരും പനിപിടിച്ചു കിടപ്പാണ്.
എന്നാല്‍ ഇവര്‍ക്ക് ചികിത്സാസഹായം സര്‍ക്കാര്‍ നല്‍കാറില്ല. ഓരോ വീട്ടിലും കയറി രോഗങ്ങള്‍ അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യല്‍, ബോധവത്കരണപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകല്‍, ക്ലോറിനേഷന്‍ പോലുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍, രോഗികളെ ആശുപത്രിയിലെത്തിക്കല്‍, മരുന്നുവിതരണം തുടങ്ങിയവയെല്ലാം ആശാ വര്‍ക്കര്‍മാരാണ് ചെയ്തിരുന്നത്. തദ്ദേശസ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും പ്രവര്‍ത്തനങ്ങള്‍ താഴെതട്ടില്‍ വരെ എത്തിക്കാന്‍ സഹായിക്കുന്നത് ഇവരാണ്.
2005 ലാണ് കേന്ദ്രസര്‍ക്കാര്‍ ആശ പദ്ധതി ആവിഷ്‌കരിച്ചത്. 2007 ല്‍ ഇത് കേരളത്തില്‍ നടപ്പാക്കിത്തുടങ്ങി. കുറഞ്ഞ വേതനത്തിലാണ് ഇവര്‍ അന്നു തൊട്ട് ജോലി ചെയ്തുവരുന്നത്. എങ്കിലും ആനുകൂല്യങ്ങളുണ്ടായിരുന്നു. ഇത് ഒന്നൊന്നായി എടുത്തുകളയുകയാണ്. നേരത്തെ പോഷകാഹാര പദ്ധതി നടത്തിപ്പിന് മാസത്തില്‍ 150 രൂപ വെച്ച് നല്‍കിയിരുന്നു. ഇപ്പോള്‍ ഇത് ഇല്ലാതായി. ഗര്‍ഭിണികളെ അവര്‍ക്ക് ഗര്‍ഭം സ്ഥിരീകരിക്കുന്നതു മുതല്‍ പ്രസവം വരെ കൃത്യമായ ശുശ്രൂഷ കിട്ടുന്നുവെന്ന് ഉറപ്പാകുന്നതും ആശാവര്‍ക്കര്‍മാരുടെ വലിയ സേവനമാണ്. പ്രസവിച്ചുകഴിഞ്ഞാല്‍ 600 രൂപ ആശാവര്‍ക്കര്‍ക്ക് നല്‍കും. എന്നാല്‍ ഇപ്പോള്‍ അതും രണ്ട് തവണയായി 300 രൂപയാണ് നല്‍കുന്നത്. ഇതും യഥാസമയം കിട്ടാറില്ല. മാസത്തിലെ ആരോഗ്യവകുപ്പിന്റെ അവലോകന യോഗത്തില്‍ ഇവര്‍ പങ്കെടുക്കുകയും വേണം. അതിന് 100 രൂപയെ കിട്ടൂ. ക്ഷയരോഗികളെ കണ്ടെത്തി മരുന്നുകള്‍ എത്തിക്കുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം ആയിരം രൂപ നല്‍കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും അതും ലഭിച്ചിട്ടില്ല.
എല്ലാ ആനുകൂല്യവും ഓണറേറിയവും ഉള്‍പ്പെടെ 1500 രൂപയെ പ്രതിമാസം ഇവര്‍ക്ക് ലഭിക്കുന്നൊള്ളൂ. ഓണറേറിയം ഇല്ലാതാകുകയും ആനുകൂല്യങ്ങള്‍ വെട്ടിക്കുറക്കുകയും ചെയ്തതോടെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനാത്ത സ്ഥിതിയിലാണിവര്‍. ആദ്യകാലത്ത് കേരളത്തില്‍ മുപ്പതിനായിരത്തിലേറെ ആശാ വര്‍ക്കര്‍മാര്‍ ഉണ്ടായിരുന്നു. എന്നാല്‍ നിരന്തരമായ ചൂഷണത്തിനിരയായി പലരും സേവനം മതിയാക്കുകയാണ്. ഇപ്പോള്‍ 27,000 ആശാവര്‍ക്കര്‍മാരാണ് നിലവിലുള്ളത്. ഇവരും സേവനം മതിയാക്കാനുള്ള തയ്യാറെടുപ്പിലാണ്.