Connect with us

National

ഇന്റര്‍നെറ്റ് കുത്തകവത്കരണ നീക്കത്തിനെതിരെ സി പി എം

Published

|

Last Updated

വിശാഖപട്ടണം: ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കുമേല്‍ കുത്തകവത്കരണത്തിനും അധിക നിരക്ക് ഈടാക്കാനുമുള്ള നീക്കത്തിനെതിരെ സി പി എം പാര്‍ട്ടി കോണ്‍ഗ്രസ് പ്രമേയം. കേരളനിയമസഭയില്‍ വനിതാ എം എല്‍ എമാര്‍ക്കെതിരെയുണ്ടായ അക്രമം ചൂണ്ടിക്കാട്ടി സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി വേണമെന്ന് ആവശ്യപ്പെടുന്ന പ്രമേയവും പാര്‍ട്ടി കോണ്‍ഗ്രസ് പാസാക്കി.

വിജ്ഞാനത്തിനുമേലുള്ള കുത്തകവത്കരണം അംഗീകരിക്കാനാവില്ലെന്ന് പി ബി അംഗം സീതാറാം യെച്ചൂരി പറഞ്ഞു. നെറ്റ് ന്യൂട്രാലിറ്റി ഉപേക്ഷിച്ച് കുത്തക ടെലികോം കമ്പനികള്‍ക്ക് കൂടുതല്‍ ലാഭമുണ്ടാക്കുന്നതിനായി ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നടത്തുന്ന നീക്കം ചെറുക്കണം. അറിവാര്‍ജ്ജിക്കാനും ആശയവിനിമയത്തിനും സംവാദങ്ങള്‍ക്കും എല്ലാം ജനം കൂടതലായി ഇന്റര്‍നെറ്റിനെ ആശ്രയിക്കുന്നുണ്ട്. ഇന്റര്‍നെറ്റിന്റെ നിഷ്പക്ഷത ഈ സാങ്കേതിക മേഖലയില്‍ എല്ലാവര്‍ക്കും ഒരുപോലെ അവസരം നല്‍കുന്നതാണ്. കുത്തക കമ്പനികളുടെ ലാഭത്തിനായി ഇത് എടുത്തുകളയുമ്പോള്‍ ഇന്റര്‍നെറ്റ് സ്വതന്ത്രമായി ഉപയോഗിക്കാനുള്ള അവസരമാണ് നിഷേധിക്കപ്പെടുന്നത്. ഇന്റര്‍നെറ്റ് ഉപയോഗത്തെ സംരക്ഷിക്കാനും നെറ്റ് ന്യൂട്രാലിറ്റിക്ക് വേണ്ടിയും ലോകമെങ്ങും പ്രക്ഷോഭങ്ങള്‍ ശക്തമാവുകയാണ്.
നെറ്റ് ന്യൂട്രാലിറ്റി ഇല്ലാതായാല്‍ കമ്പനികള്‍ നിര്‍ദേശിക്കുന്ന പരിമിതമായ സൈറ്റുകളും സേവനങ്ങളും മാത്രമാണ് ലഭിക്കുക. മറ്റു സേവനങ്ങള്‍ക്ക് പ്രത്യേക നിരക്കുകള്‍ നല്‍കേണ്ടിവരും. ഇന്റര്‍നെറ്റിന്റെ വേഗതയും സൈറ്റുകളുടെ ലഭ്യതയും നിരക്കുകള്‍ക്കനുസരിച്ച് വ്യതസ്തമാകുന്നതോടെ പൊതുജനങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സേവനം വിലയേറിയതാകും. നിലവില്‍ എതൊരു വ്യക്തിക്കും വെബ് സൈറ്റ് സജ്ജീകരിക്കാനും നെറ്റിലൂടെ സേവനം നല്‍കാനുമുള്ള അവസരങ്ങള്‍ നെറ്റ് ന്യൂട്രാലിറ്റി ലംഘിക്കപ്പെട്ടാല്‍ ഇല്ലാതാകും. എയര്‍ടെല്‍, റിലയന്‍സ് തുടങ്ങിയ ചില കമ്പനികള്‍ കുറച്ച് വെബ്‌സൈറ്റുകളുടെ സേവനം പ്രത്യേക പാക്കേജായി നല്‍കുന്നുണ്ട്. പൂര്‍ണമായ ഇന്റര്‍നെറ്റ് സേവനം ഇതാണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതാണ് ഈ പ്രത്യേക പാക്കേജ്. ഇത്തരത്തില്‍ ഇന്റര്‍നെറ്റ് മേഖലയെ കൈപ്പിടിയിലൊതുക്കാനാണ് ആഗോള കുത്തക ടെലികോം കമ്പനികള്‍ നെറ്റ് ന്യൂട്രാലിറ്റി എടുത്ത്കളയാന്‍ ആവശ്യപ്പെടുന്നത്. ഇന്റനെറ്റ് മേഖലയുടെ വിപുലികരണത്തിനെന്ന മറവില്‍ കൂടുതല്‍ പണം ഈടാക്കാനുള്ള കമ്പനികളുടെ നീക്കത്തെ സഹായിക്കുന്ന ട്രായുടെ നിലപാട് എതിര്‍ക്കപ്പെടേണ്ടതാണ്.
ലിംഗസമത്വത്തിനും സ്ത്രീ സുരക്ഷക്കും വേണ്ടിയുള്ള പ്രമേയവും പാര്‍ട്ടി കോണ്‍ഗ്രസ് പാസാക്കി. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുക എന്നതിനൊപ്പം പൊതു ഇടങ്ങളില്‍ പുരുഷന്‍മാരുടെ പെരുമാറ്റങ്ങള്‍ മെച്ചപ്പെടുത്താനും നിര്‍ദേശങ്ങള്‍ വേണം. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ വെള്ളം ചേര്‍ക്കരുതെന്നും നിരവധി പേര്‍ക്ക് സഹായകരമായ പദ്ധതി നിലനിര്‍ത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

Latest