Connect with us

Malappuram

ഇരിങ്ങല്ലൂര്‍ മജ്മഅ് സില്‍വര്‍ ജൂബിലി സമ്മേളനത്തിന് തുടക്കം

Published

|

Last Updated

വേങ്ങര: മുസ്‌ലിം സമുദായത്തെ ബാധിക്കുന്ന പൊതു വിഷയങ്ങളില്‍ യോജിക്കണമെന്ന് കേരള ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എം വീരാന്‍ കുട്ടി പ്രസ്താവിച്ചു. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ഇരിങ്ങല്ലൂര്‍ മജ്മഅ് ദഅ്‌വത്തില്‍ ഇസ്‌ലാമിയ്യയുടെ സില്‍വര്‍ ജൂബിലി സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ കൂട്ടായ്മക്ക് ലോകം അറിയുന്ന കാന്തപുരം ഉസ്താദിന്റെ നേതൃത്ത്വമാണ് ആവശ്യമെന്നും മുസ്‌ലിം സമുദായത്തിന് അര്‍ഹമായ അവകാശങ്ങള്‍ നേടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ജഅ്ഫര്‍ തുറാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ് പ്രാര്‍ഥന നടത്തി. കണ്ണമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നെടുമ്പള്ളി സെയ്തു, പറപ്പൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കുഞ്ഞമ്മദ് മാസ്റ്റര്‍, വേങ്ങര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി സഫീര്‍ബാബു, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി കൂരിയാട്, അബ്ദുര്‍റഷീദ് സഖാഫി പത്തപ്പിരിയം പ്രസംഗിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വേങ്ങര അല്‍ ഇഹ്‌സാന്‍ കാമ്പസില്‍ നിന്നും ആരംഭിച്ച സാംസ്‌കാരിക ഘോഷയാത്ര മജ്മഅ് കാമ്പസില്‍ സമാപിച്ചു. സമ്മേളനത്തിന് തുടക്കം കുറിച്ച് ഇരിങ്ങല്ലൂര്‍ ഖാസി ഒ കെ മൂസാന്‍കുട്ടി മുസ്‌ലിയാര്‍ പാലാണി പതാക ഉയര്‍ത്തി. രാത്രി ഏഴ് മണിക്ക് നടന്ന സ്‌നേഹ വിരുന്ന് എസ് വൈ എസ് ജില്ലാ ജനറല്‍ സെക്രട്ടറി ഊരകം അബ്ദുറഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യാഥിതിയായിരുന്നു. ലുഖ്മാനുല്‍ ഹക്കീം സഖാഫി പുല്ലാര സ്‌നേഹപ്രഭാഷണം നടത്തി. ഇന്ന് ഉച്ചക്ക് മൂന്നിന് നടക്കുന്ന വിദ്യാര്‍ഥി സമ്മേളനം എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം അബ്ദുല്‍ മജീദ് അരിയല്ലൂര്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി എ പി അനില്‍കുമാര്‍ മുഖ്യാഥിതിയായിരിക്കും. എം മുഹമ്മദ് സ്വാദിഖ്, എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. രാത്രി ഏഴ് മണിക്ക് നടക്കുന്ന യൂത്ത് മീറ്റ് എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എ മുഹമ്മദ് പറവൂര്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി അതിഥിയായിരിക്കും. കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, എം അബൂബക്കര്‍ പടിക്കല്‍ എന്നിവര്‍ വിഷയം അവതരിപ്പിക്കും. നാളെ പൂര്‍വ വിദ്യാര്‍ഥി സംഗമവും എക്‌സലന്‍സി മീറ്റും നടക്കും. വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന സമാപന സമ്മേളനത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്‌ലിയാര്‍, പൊന്‍മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, കേരള ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി തുടങ്ങിയ മത സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.